ജൂണ്‍ 18 – വിശുദ്ധ അമാന്തൂസ് (+431)

നോളായിലെ വി. പൗളീനൂസിന്റെ കത്തുകളല്ലാതെ അമാന്തൂസിന്റെ ജീവിതത്തിലേയ്ക്ക് വെളിച്ചം വീശുന്ന മറ്റ് ചരിത്രരേഖകളൊന്നും ലഭ്യമല്ല. അമാന്തൂസിന്റെ ജനനം, മാതാപിതാക്കള്‍ തുടങ്ങി യാതൊന്നും മനസ്സിലാക്കാനായിട്ടില്ല.

അദ്ദേഹം വിശുദ്ധ ഗ്രന്ഥങ്ങളില്‍ അവഗാഹം നേടിയിരുന്നുവെന്നും ശൈശവം മുതല്‍ ലൗകികവിഷയങ്ങളില്‍ നിന്നും വിട്ടകന്ന് ആത്മപരിശുദ്ധിയോടു കൂടി ജീവിച്ചിരുന്നുവെന്നും വിശ്വസിക്കുന്നു. പൗളീനൂസാണ് അമാന്തൂസിന് ജ്ഞാനസ്‌നാനം നല്കിയത്.

ദൈവശുശ്രൂഷയില്‍ മാത്രം ശ്രദ്ധിച്ചു ജീവിച്ചിരുന്ന അമാന്തൂസിന്, ബോര്‍ഡോവിലെ മെത്രാനായിരുന്ന ദര്‍ഫിനൂസ് വൈദികപദവി നല്കി. ദല്‍ഫിനൂസ് 400-ല്‍ മരിച്ചപ്പോള്‍ അമാന്തൂസ് ബോര്‍ഡോവിലെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. കുറെനാള്‍ കഴിഞ്ഞപ്പോള്‍ വി. സേവേറിനൂസിന് മെത്രാന്‍സ്ഥാനം വിട്ടുകൊടുത്തുവെങ്കിലും സേവേറിനൂസിന്റെ മരണശേഷം പൂര്‍വ്വസ്ഥാനത്തു തന്നെ അവരോധിക്കപ്പെട്ടു.

വി. പൗളീനുസും ടൂഴ്‌സിലെ വി. ഗ്രിഗറിയും അമാന്തൂസിന്റെ അപദാനങ്ങള്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. ദൈവമഹത്വം മാത്രം ലക്ഷ്യമാക്കി കറയറ്റ ജീവിതം നയിച്ച അജപാലകന്മാരില്‍ അമാന്തൂസിന് ശ്രേഷ്ഠസ്ഥാനമാണുള്ളത്.

വിചിന്തനം: ”നിന്റെ ദൗര്‍ബല്യം ഏറ്റുപറഞ്ഞു കൊണ്ട് എല്ലാ പരീക്ഷകളിലും സഹായത്തിനായി ദൈവത്തിങ്കലേയ്ക്കു തിരിയുക.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.