ജൂണ്‍ 17 – വിശുദ്ധ നിക്കാന്റരും മാര്‍സിയനും

വി. നിക്കാന്റരും മാര്‍സിയനും റോമന്‍ സൈന്യത്തിലെ അംഗങ്ങളായിരുന്നു. രഹസ്യമായി ക്രൈസ്തവ വിശ്വാസം അനുഷ്ഠിച്ചിരുന്ന ഇവര്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പീഡനവിളംബരം അറിഞ്ഞതോടെ സൈന്യത്തില്‍ നിന്നും രാജിവച്ചു. അധികം താമസിയാതെ ഇവര്‍ ക്രിസ്ത്യാനികളാണെന്ന് മനസിലാക്കിയ ഗവര്‍ണര്‍ നിക്കാന്റനെയും മാര്‍സിയനെയും അറസ്റ്റ് ചെയ്തു.

ദേവന്മാരെ പൂജിക്കുവാന്‍ ആവശ്യപ്പെട്ട ഗവര്‍ണരുടെ മുമ്പില്‍ അവര്‍ തങ്ങളുടെ ക്രൈസ്തവ വിശ്വാസം ഏറ്റുപറയുകയും വെറും കല്ലും മണ്ണുമായ വിഗ്രഹങ്ങളെ ആരാധിക്കുവാന്‍ തങ്ങള്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ ഭീഷണികളൊന്നും അവരെ ഭയപ്പെടുത്തുന്നില്ല എന്ന് മനസിലാക്കിയ ഗവര്‍ണര്‍ അവരെ ഇരുപത് ദിവസത്തേയ്ക്ക് കാരാഗൃഹത്തിലടച്ചു. ഇരുപത് ദിവസങ്ങള്‍ക്കുശേഷം വീണ്ടും അവര്‍ ഗവര്‍ണറുടെ മുമ്പില്‍ ഹാജരാക്കപ്പെട്ടു. എന്നാല്‍, അവരുടെ തീരുമാനത്തില്‍ യാതൊരു മാറ്റവും ഉണ്ടായില്ല. അവര്‍ തങ്ങളുടെ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു.

ഈ അവസരത്തില്‍ നിക്കാന്റിന്റെ ഭാര്യ അദ്ദേഹത്തെ ക്രൈസ്തവ വിശ്വാസം ഏറ്റുപറയുന്നതിന് പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ലോകരക്ഷയ്ക്കായ് ക്രൂശിതനായ ക്രിസ്തുവിന്റെ സന്നിധിയിലേക്ക് തങ്ങളെ എത്രയും വേഗം അയക്കുക” എന്ന് ഗവര്‍ണറോട് അവര്‍ ആവശ്യപ്പെട്ടു. പിന്നെ അധികം താമസിച്ചില്ല, അവരുടെ ശിരസ്സ് ഛേദിക്കുവാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. കൊലക്കളത്തിലേയ്ക്ക് ആനയിക്കപ്പെട്ട അവരെ ധൈര്യപ്പെടുത്തുന്നതിനായി നിക്കന്റിന്റെ ഭാര്യ അവരോടൊപ്പം പോയി.

എന്നാല്‍ മാര്‍സിയന് മറ്റൊരു പരീക്ഷണത്തെക്കൂടി ജയിക്കേണ്ടതുണ്ടായിരുന്നു. കൊലക്കളത്തിലേയ്ക്ക് ആനയിക്കപ്പെട്ട മാര്‍സിയന്റെ മുമ്പിലേയ്ക്ക് അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞിനെയും കൈകളിലെടുത്തുകൊണ്ട് കടന്നുവന്നു. ചക്രവര്‍ത്തിയുടെ കല്പന അനുസരിക്കുവാന്‍ അവള്‍ അദ്ദേഹത്തോട് കരഞ്ഞപേക്ഷിച്ചു. എന്നാല്‍ മാര്‍സിയന്‍ അവളെ ആലിംഗനം ചെയ്യുകയും ദൈവത്തെപ്രതി തന്നെ വിട്ടുപോകണമെന്ന് അപേക്ഷിക്കുകയും ചെയ്തു. തന്റെ കുഞ്ഞിനെ കൈകളിലെടുത്ത് ചുംബിച്ച് കണ്ണുകള്‍ ആകാശത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ട് ആ കുഞ്ഞിനെ ദൈവത്തിന് ഭരമേല്പിച്ചു. അനന്തരം വിശുദ്ധര്‍ പരസ്പരം ആലിംഗനം ചെയ്യുകയും ശരിസ് ഛേദിക്കുന്നതിനായി കഴുത്ത് കാണിച്ചുകൊടുക്കുകയും ചെയ്തു.

ഫാ. ജെ. കൊച്ചുവീട്ടില്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.