ജൂണ്‍ 16 – വിശുദ്ധ ജോണ്‍ ഫ്രാന്‍സീസ് റേജിസ്

ഫ്രാന്‍സിലെ നര്‍ബോണ്‍ രൂപതയില്‍പെട്ട ഒരു കുലീനകുടുംബത്തില്‍ 1597 ജൂണ്‍ 31-ാം തീയതിയാണ് വി. ജോണ്‍ ഫ്രാന്‍സീസ് റേജിസ് ജനിച്ചത്. ശൈശവപ്രായം മുതല്‍ തന്നെ ഒരു വിശുദ്ധനടുത്ത ജീവിതമാണ് ജോണ്‍ നയിച്ചിരുന്നത്. ഉല്ലാസങ്ങളില്‍ നിന്നെല്ലാം അകന്ന് വേദപുസ്തകം വായിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനുമാണ് അവന്‍ ഇഷ്ടപ്പെട്ടിരുന്നത്.

ഈശോസഭക്കാര്‍ നടത്തിയിരുന്ന കോളേജിലാണ് ജോണ്‍ വിദ്യാഭ്യാസത്തിനായി അയക്കപ്പെട്ടത്. ഈശോസഭക്കാരുടെ ജീവിതത്തില്‍ ആകൃഷ്ടനായ ജോണ്‍, 18-ാമത്തെ വയസില്‍ ഈശോസഭയില്‍ പ്രവേശിച്ചു. ഏറ്റവും എളിയ ജോലികള്‍ ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന ജോണ്‍, ഏവര്‍ക്കും ഒരു മാതൃകയായിട്ടാണ് തന്റെ ജീവിതം നയിച്ചത്. ‘മാലാഖ’ എന്നാണ് എല്ലാവരും അദ്ദേഹത്തെ വിളിച്ചിരുന്നത്.

1630-ല്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ട ജോണ്‍ ആത്മാക്കളുടെ രക്ഷക്കായി തന്റെ ജീവിതത്തെ മുഴുവനായി സമര്‍പ്പിച്ചു. ഗ്രാമ-പട്ടണഭേദമില്ലാതെ അദ്ദേഹം എല്ലാവരോടും സുവിശേഷം പ്രസംഗിച്ചു. അനേകായിരങ്ങളെ മാനസാന്തരത്തിലേക്കു നയിക്കാന്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്കു സാധിച്ചു. ഏത് കഠിനപാപികളെയും മാനസാന്തരപ്പെടുത്താന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. ഇത്തരം അവസരങ്ങളില്‍ നേരിടേണ്ടിവന്ന പീഡനങ്ങളെയോ, ഭീഷണികളെയോ അദ്ദേഹം തെല്ലും ഭയപ്പെട്ടില്ല.

ഒരിക്കല്‍ ജോണ്‍, ഉപദേശങ്ങള്‍ വഴി ഒരു പാപിയെ നേര്‍വഴിയിലേക്കു നയിക്കാന്‍ ശ്രമിച്ചപ്പോള്‍ ആ മനുഷ്യന്‍ അദ്ദേഹത്തിന്റെ കരണത്തടിച്ചു. “നീ എന്നെ ശരിയായി അറിഞ്ഞിരുന്നെങ്കില്‍ ഇതില്‍ കൂടുതലായി എന്നെ പ്രഹരിക്കുമായിരുന്നു” – ഇതായിരുന്നു അയാളോടുള്ള ജോണിന്റെ പ്രതികരണം. ജോണിന്റെ ക്ഷമയും എളിമയും കണ്ട ആ മനുഷ്യന്‍ തന്റെ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുകയും അദ്ദേഹത്തോട് മാപ്പപേക്ഷിക്കുകയും ചെയ്തു.

ദരിദ്രരെ സഹായിക്കുന്നതിന് ജോണ്‍ സദാ തത്പരനായിരുന്നു. സഹായം ആവശ്യപ്പെട്ടു വരുന്നവരെ തനിക്കാവുംവിധം അദ്ദേഹം സഹായിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹം മാശഹസിലേക്ക് സുവിശേഷപ്രഘോഷണത്തിനായി പോവുകയായിരുന്നു. മഞ്ഞുകട്ടകള്‍ മൂടിക്കിടന്നിരുന്ന ഒരു മല കയറുന്ന വഴി അദ്ദേഹം താഴേക്കു വീഴുകയും വീഴ്ചയില്‍ കാല് ഒടിയുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സഹസന്യാസിയുടെ സഹായത്തോടെ ശേഷിച്ച ആറ് മൈല്‍ ദൂരം സഞ്ചരിച്ച് അവര്‍ ലക്ഷ്യസ്ഥലത്തെത്തി. എന്നാല്‍ വൈദ്യനെ വരുത്തി ചികിത്സിക്കുന്നതിനു പകരം അദ്ദേഹം ദൈവാലയത്തില്‍ പ്രവേശിച്ച് കുമ്പസാരം കേള്‍ക്കാന്‍ ആരംഭിച്ചു. ദീര്‍ഘനേരം അവിടെയിരുന്ന് കുമ്പസാരിപ്പിച്ച അദ്ദേഹത്തിന്റെ കാല് പരിശോധിക്കാനായി വികാരിയച്ചന്‍ എത്തിയപ്പോള്‍ അത്ഭുതകരമായി കാല് സുഖമാക്കപ്പെട്ടിരിക്കുന്നതായാണ് കണ്ടത്.

1640 ഡിസംബര്‍ 31-ാം തീയതി, ‘ഈശോയേ എന്റെ രക്ഷകാ, എന്റെ ആത്മാവിനെ അങ്ങേ തൃക്കരങ്ങളില്‍ സമര്‍പ്പിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം സ്വര്‍ഗത്തിലേക്കു യാത്രയായി. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 43 വയസ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഫാ. ജെ. കൊച്ചുവീട്ടില്‍