ജൂണ്‍ 15 – വിശുദ്ധ ജര്‍മെയിന്‍ കുസിന്‍ (ജര്‍മീന)

1579-ല്‍ ഫ്രാന്‍സിലെ പിബ്രേ എന്ന് പേരുള്ള ഒരു കൊച്ചുഗ്രാമത്തിലാണ് ജര്‍മെയിന്‍ ജനിച്ചത്. ഒരു ദരിദ്ര കര്‍ഷക കുടുംബമായിരുന്നു അവളുടേത്. ധനത്തില്‍ ദരിദ്രരായിരുന്നെങ്കിലും പുണ്യത്തില്‍ അവര്‍ സമ്പന്നരായിരുന്നു.

ക്ലേശങ്ങളുടെ ശയ്യയിലേക്കാണ് അവള്‍ ജനിച്ചുവീണത്. അവളുടെ ഒരു കരം ശോഷിച്ചതും ആകാരം വിരൂപവുമായിരുന്നു. കണ്ഠമാല എന്ന രോഗം അവളെ ബാധിച്ചിരുന്നു. എല്ലാത്തിന്റെയും പൂര്‍ത്തീകരണമെന്ന രീതിയില്‍ അവള്‍ പിള്ളത്തൊട്ടിലിലായിരുന്ന കാലത്തു തന്നെ അവളുടെ മാതാവ് മരണമടഞ്ഞു.
അധികം താമസിയാതെ പിതാവ് പുനര്‍വിവാഹം ചെയ്തു. അതോടെ അവളുടെ ജീവിതം ദുരിതങ്ങളുടെ വിളഭൂമിയായി മാറി. വെറും ആറ് വയസു മാത്രം പ്രായമുള്ളപ്പോള്‍ ജെര്‍മയിനെ അവര്‍ വീട്ടില്‍ നിന്ന് പുറത്താക്കി. അവളുടെ രോഗം തന്റെ കുഞ്ഞുങ്ങള്‍ക്കും പകര്‍ന്നേക്കാം എന്നതായിരുന്നു കാരണം.

ഭാര്യയുടെ പ്രേരണക്ക് വശംവദനായ പിതാവ് അവളെ ആടുകളെ മേയ്ക്കാന്‍ ഏല്പിച്ചു. ആ ജോലി, പ്രഭാതം മുതല്‍ അസ്തമയം വരെ വയലിലും രാത്രി മുഴുവന്‍ തൊഴുത്തിന്റെ ഒരു കോണിലും കഴിച്ചുകൂട്ടുന്നതിന് അവളെ നിര്‍ബന്ധിതയാക്കി. അതികഠിനമായ ശൈത്യത്തിലും അത്യുഗ്രമായ വേനല്‍ക്കാലത്തും ആടുകളെ മേയിച്ചുകൊണ്ട് അവള്‍ വയലിലൂടെ നടന്നു. രുചി കുറഞ്ഞ കറുത്ത അപ്പമാണ് അവള്‍ക്ക് ഭക്ഷണമായി ലഭിച്ചിരുന്നത്. അതാകട്ടെ വളരെ കുറച്ചു മാത്രവും. അവള്‍ ശയിച്ചിരുന്നത് വൈക്കോല്‍ കൊണ്ടുള്ള കിടക്കയിലായിരുന്നു.

എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട അവളെ ദൈവം കൂടുതലായി സ്‌നേഹിച്ചു. നിരവധി സ്വര്‍ഗീയാനന്ദങ്ങള്‍ കൊണ്ട് ദൈവം അവളെ അനുഗ്രഹിച്ചു. ശരീരപീഡകളും മനോവ്യഥകളും വര്‍ദ്ധിക്കുമ്പോള്‍ അവള്‍ തന്റെ സഹനങ്ങള്‍ മിശിഹായുടേതിനോട് തുലനം ചെയ്യുകയും അങ്ങനെ ആശ്വാസം കണ്ടെത്തുകയും ചെയ്തിരുന്നു. ആടുകളെ മേയിച്ചിരുന്ന വയലിനടുത്ത് സ്ഥിതി ചെയ്തിരുന്ന കപ്പേളയില്‍ സാധ്യമാകുമ്പോഴെല്ലാം ദിവ്യബലിയില്‍ അവള്‍ പങ്കെടുക്കുമായിരുന്നു. വിശപ്പടക്കാനുള്ള ഭക്ഷണം പോലും ജെര്‍മയിന് ഇളയമ്മ കൊടുത്തിരുന്നില്ല. എന്നിട്ടും ലഭിച്ചിരുന്നതില്‍ നിന്നും ഒരു പങ്ക് അവള്‍ ദരിദ്രര്‍ക്കായി നല്കിപ്പോന്നു.

അതികഠിനമായ പീഡകള്‍ ക്ഷമയോടെ ഒരു പരാതിയും കൂടാതെ സഹിച്ച ജെര്‍മയിന്റെ ജീവിതത്തിലൂടെ ധാരാളം അത്ഭുതങ്ങള്‍ ദൈവം പ്രവര്‍ത്തിച്ചു. ഒരിക്കല്‍ ജെര്‍മെയിന്‍ തന്റെ ഭക്ഷണം ദരിദ്രര്‍ക്ക് കൊടുക്കുന്നു എന്നറിഞ്ഞ ഇളയമ്മ അവളെ ശിക്ഷിക്കുന്നതിനായി ഒരു വടിയെടുത്ത് വയലിലേക്ക് ഓടി. അവരുടെ ക്രൂരമര്‍ദ്ദനത്തില്‍ നിന്ന് അവളെ രക്ഷിക്കാനായി രണ്ടു പേര്‍ ആ സ്ത്രീയുടെ പിന്നാലെ ഓടി വയലിലെത്തി. അപ്പോഴേക്കും ആ ക്രൂരയായ സ്ത്രീ അപ്പക്കഷണങ്ങള്‍ വാങ്ങുന്നതിനായി അവളുടെ മേലങ്കി വലിച്ചഴിച്ചു. എന്നാല്‍ അപ്പക്കഷണങ്ങളുടെ സ്ഥാനത്ത് ആ നാട്ടിലെങ്ങും കാണാത്ത പുഷ്പങ്ങളാല്‍ ഉണ്ടാക്കിയ പൂച്ചെണ്ടുകള്‍ മാത്രമാണ് കണ്ടത്.

ഈ അത്ഭുതം അതിവേഗം ആ നാടാകെ പ്രചരിച്ചു. അന്നു മുതല്‍ സകലരും അവളെ ഒരു പുണ്യവതിയായി പരിഗണിച്ചു തുടങ്ങി. ഇതു കൂടാതെ പല അത്ഭുതങ്ങളും ജെര്‍മയിന്‍ പ്രവര്‍ത്തിച്ചിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1602-ലെ ഒരു പ്രഭാതത്തില്‍ അവളുടെ ആട്ടിന്‍കൂട്ടത്തെ മേച്ചില്‍സ്ഥലത്ത് കണ്ടില്ല. അതേപ്പറ്റി അന്വേഷിച്ചപ്പോള്‍ മുന്തിരിക്കൊമ്പുകള്‍ കൊണ്ടുണ്ടാക്കിയ ഒരു കിടക്കയില്‍ അവള്‍ ഉറങ്ങുന്നതായി കാണപ്പെട്ടു. അവളുടെ നിര്‍മ്മലമായ ആത്മാവ് അപ്പോഴേക്കും സ്വര്‍ഗത്തിലെത്തപ്പെട്ടിരുന്നു.

വെറും 22 വര്‍ഷം മാത്രം ജീവിച്ച ജെര്‍മയിന്റെ കല്ലറ 45 വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നു നോക്കിയപ്പോള്‍ ആ മൃതശരീരം അക്ഷയമായി കാണപ്പെട്ടു; ഒരു കൈയ്യില്‍ മെഴുകുതിരിയുമുണ്ടായിരുന്നു. ശവകുടീരത്തിനുള്ളില്‍ കിടന്നിരുന്ന പൂക്കള്‍ക്ക് യാതൊരു വാട്ടവും സംഭവിച്ചിരുന്നുമില്ല.

ഫാ. ജെ. കൊച്ചുവീട്ടില്‍