ജൂണ്‍ 14 – വിശുദ്ധ മെത്തോഡിയൂസ്

നിരവധി വിശുദ്ധരുടെ ജീവചരിത്രം എഴുതുകയും കോണ്‍സ്റ്റന്റിനോപ്പിളിലെ പാട്രിയാര്‍ക്കായി സേവനമനുഷ്ഠിക്കുകയും ചെയ്ത വിശുദ്ധനാണ് മെത്തോഡിയൂസ്. സിസിലിയിലെ സീറാക്യൂസാണ് അദ്ദേഹത്തിന്റെ ജന്മദേശം. ഉന്നതവിദ്യാഭ്യാസം നേടിയ ശേഷം മെത്തേഡിയൂസ് ഉന്നതമായ ജോലി നേടാനായി കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു പോയി. എന്നാല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെത്തിയ അദ്ദേഹത്തെ ഒരു സന്യാസിയാണ് സ്വീകരിച്ചത്. കുറച്ചു ദിവസം അദ്ദേഹം ആ സന്യാസിയോടൊത്തു പാര്‍ത്തു.

ലൗകികമോഹങ്ങളാല്‍ കലുഷിതമായിരുന്ന മെത്തോഡിയൂസിന്റെ ഹൃദയത്തെ ദൈവത്തിങ്കലേക്ക് തിരിക്കാന്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ സന്യാസിക്കായി. അവസാനം സന്യാസിയുടെ പ്രേരണയാല്‍ മെത്താഡിയൂസ് പെനൊലാക്കോസ് എന്ന ആശ്രമത്തില്‍ പ്രവേശിച്ചു. അദ്ദേഹം അതിവേഗം വിശുദ്ധിയില്‍ വളര്‍ന്നുവന്നു.

ഏതാണ്ട് ഈ കാലത്താണ് പ്രതിമകളെ എതിര്‍ത്തുകൊണ്ടുള്ള മതപീഡനം നടന്നിരുന്നത്. ഈശോയുടെ പ്രതിമ ഉപയോഗിച്ച് ആരാധിക്കരുത് എന്നായിരുന്നു കല്പന. 813-ല്‍ ലെയോ അഞ്ചാമൻ മതപീഠനം ശക്തമാക്കി. തല്‍ഫലമായി കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കിനെ നാടുകടത്തി. ഈ സാഹചര്യങ്ങളിലും മെത്തോഡിയൂസ് പ്രതിമകള്‍ക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. ഇത് ചക്രവര്‍ത്തിയുടെ ശത്രുതയ്ക്കു കാരണമാക്കി. അധികം താമസിക്കാതെ മെത്തഡിയൂസ്, പാത്രിയാര്‍ക്കിനെ നാടുകടത്തിയ വിവരവും മറ്റ് സംഭവങ്ങളും പരിശുദ്ധ പിതാവിനെ അറിയിക്കുന്നതിനായി റോമിലേക്കു പോയി.

ലെയോ അഞ്ചാമന്റെ മരണശേഷം മടങ്ങിയെത്തിയ മെത്തോഡിയൂസ് പുതിയ ചക്രവര്‍ത്തിയായ മൈക്കിളിന് മാര്‍പാപ്പായുടെ ഒരു എഴുത്ത് നല്‍കി. അതു വായിച്ച ചക്രവര്‍ത്തി, മെത്തഡിയൂസില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി മര്‍ദ്ദിക്കുകയും കാരാഗൃഹത്തിലടക്കുകയും ചെയ്തു. ഏഴു വര്‍ഷത്തോളം അദ്ദേഹത്തിന്റെ കാരാഗൃഹവാസം നീണ്ടു. മൈക്കിളിനു ശേഷം വന്ന തിയോഫിലസും മുന്‍ഗാമികളുടെ നടപടികള്‍ തന്നെ തുടര്‍ന്നു. തെയോഫിലസ് 842-ല്‍ മരിച്ചതോടെ രാജ്ഞി തെയോഡോറ ഭരണമേറ്റു. അവര്‍ മെത്തോഡിയൂസിന് അനുകൂലമായ നിലപാടായിരുന്നു സ്വീകരിച്ചത്. അധികം വൈകാതെ തന്നെ പ്രതിമാധ്യംസകനായിരുന്ന നിലവിലെ പാത്രിയാര്‍ക്കിനെ മാറ്റി മെത്തോഡിയൂസിനെ തല്‍സ്ഥാനത്തേക്ക് നിയമിച്ചു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം മരിച്ചു.

വിചിന്തനം: ”ദൈവമേ, സകല പാപങ്ങളില്‍ നിന്നും എന്നെ കാത്തുകൊള്ളേണമേ. എന്നാല്‍, മരണത്തെയോ, നരകത്തെയോ ഞാന്‍ ഭയപ്പെടുകയില്ല.”

ഫാ. ജെ. കൊച്ചുവീട്ടില്‍