ജൂണ്‍ 13: പാദുവായിലെ വിശുദ്ധ അന്തോണി

പോര്‍ട്ടുഗലിന്റെ തലസ്ഥാനമായ ലിസ്ബനില്‍ 1195-ലാണ് ആന്റണി ജനിച്ചത്. ജ്ഞാനസ്‌നാന നാമം ഫെര്‍ഡിനന്റ് എന്നായിരുന്നു. പ്രഗത്ഭരായ മാതാപിതാക്കളില്‍ നിന്ന് ജനിച്ച് പ്രശസ്ത കുടുബാംഗമായി വളര്‍ന്ന ആന്റണി, 15-ാമത്തെ വയസില്‍ അഗസ്റ്റീനിയന്‍ സഭയില്‍ ചേര്‍ന്നു. അന്തോണിയുടെ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും സല്‍പ്രവൃത്തികളിലും സംപ്രീതനായ ദിവ്യനാഥന്‍ ഒരു കോമളശിശുവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം ചുംബിക്കുകയുണ്ടായി. ദിവ്യഉണ്ണിയെ കരങ്ങളില്‍ വഹിക്കുന്ന അന്തോണിയുടെ ചിത്രം അതാണ് സൂചിപ്പിക്കുന്നത്.

1920-ല്‍ ഫ്രാന്‍സിസ്‌കന്‍ സഭയിലെ പ്രഥമ രക്തസാക്ഷികളുടെ മൃതശരീരങ്ങള്‍ കോയിബ്രായില്‍ കൊണ്ടുവന്നു. ദിവ്യനാഥനെപ്രതിയുള്ള സ്‌നേഹത്താല്‍ ജ്വലിച്ചിരുന്ന അന്തോണിയുടെ ഹൃദയത്തില്‍ ഒരു രക്തസാക്ഷിയായി മരിക്കാനുള്ള ആഗ്രഹമുദിച്ചു. തന്‍നിമിത്തം ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്ന് മിഷനറിയായി ക്രിസ്തുമത വിരോധികളുടെ നാട്ടിലേക്ക് പോകാന്‍ അനുവാദം അപേക്ഷിച്ചു. മനസ്സില്ലാമനസ്സോടെ അന്തോണിക്ക് അനുവാദം നല്‍കപ്പെട്ടു.

മൊറോക്കോയില്‍ മുസ്ലീങ്ങളോട് സുവിശേഷപ്രസംഗം നടത്തി രക്തസാക്ഷിയാകാമെന്നു പ്രതീക്ഷിച്ച് യാത്ര തിരിച്ചെങ്കിലും ദൈവഹിതം മറിച്ചായിരുന്നു. യാത്രാമധ്യേ രോഗബാധിതനായ അദ്ദേഹം മടക്കയാത്രയില്‍ ഇറ്റലിയിലെത്തി. 1221-ല്‍ ഫ്രാന്‍സിസ്‌കന്‍ സഭയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അസ്സീസിയില്‍ ചെന്നെങ്കിലും ആരാലും ശ്രദ്ധിക്കപ്പെട്ടില്ല. ഫോര്‍ലിയിലെ ആശ്രമത്തിലെത്തിയ അന്തോണി അടുക്കളവേലയിലും പ്രാര്‍ത്ഥനയിലും വ്യാപൃതനായി. ഇതിനിടയില്‍ നടന്ന ഒരു പുരോഹിതാഭിഷേകച്ചടങ്ങില്‍ ആകസ്മികമായി ഒരു പ്രസംഗം നടത്താന്‍ അനുസരണത്തിന്‍കീഴില്‍ ആന്റണി വഴങ്ങി. പ്രസ്തുത പ്രസംഗത്തിന്റെ മാഹാത്മ്യത്തെപ്പറ്റി കേട്ട ഫ്രാന്‍സിസ് അസ്സീസി, അന്തോണിയെ ഇറ്റലിയിലുടനീളം പ്രസംഗിക്കാന്‍ നിയോഗിച്ചു. അന്തോണിയുടെ വചനപ്രഘോഷണം ശ്രവിക്കാന്‍ ജനം തിങ്ങിക്കൂടിയിരുന്നു. ശ്രോതാക്കളില്ലാതിരുന്ന ഒരു ദിവസം കടലിലേക്കു തിരിഞ്ഞ് മത്സ്യങ്ങളോട് ആന്റണി പ്രസംഗിച്ചു. മത്സ്യങ്ങള്‍ കൂട്ടമായി വന്ന് പ്രസംഗം ശ്രവിക്കുകയുണ്ടായി. പാഷണ്ഡകര്‍ സത്യവിശ്വാസം സ്വീകരിക്കാന്‍ ആന്റണിയുടെ പ്രസംഗങ്ങള്‍ കാരണമായി.

ഫ്രാന്‍സിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു യഹൂദന്‍ ദിവ്യകാരുണ്യത്തില്‍ ദൈവസാന്നിധ്യമില്ലെന്നു വാദിച്ചുകൊണ്ട് ആന്റണിയെ വെല്ലുവിളിച്ചു. മൂന്നു ദിവസം തന്റെ കഴുതയെ പട്ടിണിക്കിടും; മൂന്നാം ദിവസം കുറേ ഭക്ഷണം അതിനു കൊടുക്കും. തദവസരത്തില്‍ ആന്റണി തിരുവോസ്തി കാണിക്കണം. കഴുത, ഭക്ഷണം ഉപേക്ഷിച്ച് തിരുവോസ്തിയെ വണങ്ങുകയാണെങ്കില്‍ ദിവ്യകാരുണ്യത്തിലെ ദൈവസാന്നിധ്യം വിശ്വസിക്കാമെന്ന് യഹൂദന്‍ പറഞ്ഞു. വെല്ലുവിളി സ്വീകരിച്ച ആന്റണി നിശ്ചിതദിവസം തിരുവോസ്തി പ്രദക്ഷിണമായി കൊണ്ടുവരികയും യഹൂദന്‍ കഴുതക്ക് ഭക്ഷണം നീട്ടിക്കൊടുക്കുകയും ചെയ്തു. കഴുത ഭക്ഷണത്തിലേക്കു നോക്കാതെ തല താഴ്ത്തിപ്പിടിച്ച് തിരുവോസ്തിയെ വണങ്ങി.

‘പാഷണ്ഡികളുടെ ചുറ്റിക’ എന്നാണ് ആന്റണി അറിയപ്പെട്ടിരുന്നത്. ദിവ്യകാരുണ്യനാഥനോട് സദാ ബന്ധപ്പെട്ടു ജീവിച്ച ആന്റണി, പകല്‍ സമയം മുഴുവന്‍ പ്രസംഗത്തിനും കൂദാശാപരികര്‍മ്മങ്ങള്‍ക്കുമായി ചെലവഴിച്ചു. രാത്രികാലം പ്രാര്‍ത്ഥനാനിരതനായി കഴിഞ്ഞു. പ്രാര്‍ത്ഥനാനിരതനായ ആന്റണിയെ താക്കോല്‍പ്പഴുതിലൂടെ നിരീക്ഷിച്ച ഒരാള്‍ കണ്ടത്, ദൈവമാതാവ് ഉണ്ണിയീശോയെ ആന്റണിയുടെ കരങ്ങളില്‍ ഏല്പിക്കുന്നതാണ്. അദ്ധ്വാനവും പരിഹാരപ്രവൃത്തികളും കൊണ്ട് ക്ഷീണിതനായിത്തീര്‍ന്ന ആന്റണി 1231 ജൂണ്‍ 13-ാം തീയതി ഇഹലോകവാസം വെടിഞ്ഞു. ഒരു വര്‍ഷം കഴിഞ്ഞ് ഗ്രിഗറി രണ്ടാമന്‍ പാപ്പാ ആന്റണിയെ വിശുദ്ധൻ എന്നു പ്രഖ്യാപിച്ചപ്പോള്‍ ലിസ്ബണിലെ മണികള്‍ താനേ മുഴങ്ങുകയുണ്ടായി. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് കബറിടം തുറന്നപ്പോള്‍ നാവ് അഴുകാത്തതായി കണ്ടു. 12-ാം പീയൂസ് പാപ്പാ വി. ആന്റണിയെ വേദപാരംഗതനായി പ്രഖ്യാപിച്ചു.

വിചിന്തനം: ”എന്നന്നേക്കുമായി അങ്ങ് എന്നെ ഉപേക്ഷിക്കുകയോ, ജീവന്റെ പുസ്തകത്തില്‍ നിന്ന് എന്റെ പേര് മായിച്ചുകളയുകയോ ചെയ്യാത്തപക്ഷം കഷ്ടതകളും ദുരിതങ്ങളും എന്നെ അസ്വസ്ഥനാക്കുകയില്ല.”

ഫാ. ജെ. കൊച്ചുവീട്ടില്‍