ജൂണ്‍ 12 – സഹാഗുണിലെ വിശുദ്ധ ജോണ്‍

സ്‌പെയിനിലെ ഫഗോണ്ടസ് എന്ന സ്ഥലത്ത് 1419-ലാണ് വി. ജോണ്‍ ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ ആസ്തപ്പാട്ട് പട്ടം ലഭിച്ച ജോണിന് ധാരാളം വരുമാനമുള്ള പള്ളികളാണ് ലഭിച്ചത്. കുറച്ചുനാളുകള്‍ക്കു ശേഷം തന്റെ ജീവിതം തികച്ചും ലൗകീകമാണെന്നു തോന്നിയ ജോണ്‍, വരുമാനം തീരെ കുറവായിരുന്ന ഒരു കപ്പേള മാത്രം കൈവശം വച്ച് ബാക്കിയെല്ലാം ഉപേക്ഷിച്ചു. ഈ മാനസാന്തരത്തിനു ശേഷം ആശാനിഗ്രഹത്തിലും ദാരിദ്ര്യത്തിലും ജീവിക്കാന്‍ തുടങ്ങിയ അദ്ദേഹം അനുദിനം തന്റെ കപ്പേളയില്‍ കുര്‍ബാന അര്‍പ്പിക്കുകയും പ്രസംഗിക്കുകയും വേദോപദേശം നല്‍കുകയും ചെയ്തിരുന്നു.

ഈ കാലഘട്ടത്തിലാണ് ജോണ്‍ സലിന്മങ്കയില്‍ നാലുകൊല്ലം ദൈവശാസ്ത്രം പഠിച്ചത്. അതിനുശേഷം കുറേനാള്‍ വലിയ തീക്ഷ്ണതയോടെ അദ്ദേഹം സുവിശേഷം പ്രസംഗിച്ചു. 1463-ല്‍ അദ്ദേഹം അഗസ്റ്റീനിയന്‍ സന്യാസ സഭയില്‍ പ്രവേശിച്ചു. പ്രാര്‍ത്ഥനയിലും പുണ്യത്തിലും അനുദിനം വളര്‍ന്ന ജോണ്‍ ഏവര്‍ക്കും മാതൃകയായി ജീവിച്ചു. അധികം താമസിയാതെ തന്നെ അദ്ദേഹം നോവിഷ്യേറ്റ് ഗുരുവായി നിയമിതനായി. 1471-ല്‍ പ്രിയോരായും ജോലി ചെയ്തു.

അദ്ദേഹത്തിന്റെ, പരിശുദ്ധ കുര്‍ബാനയോടുള്ള അപാരമായ ഭക്തി വളരെ പ്രസിദ്ധമാണ്. സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതുവരെ ജോണ്‍ ഏകാന്തതയില്‍ പ്രാര്‍ത്ഥിച്ചിരുന്നു. പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ പലപ്പോഴും മിശിഹായെ, അവിടുത്തെ മഹിമാപ്രതാപത്തോടു കൂടി ദര്‍ശിക്കുകയും അവിടുത്തോട് സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.

അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അനേകരെ സ്വാധീനിക്കുകയും മാനസാന്തരത്തിലേയ്ക്കു നയിക്കുകയും ചെയ്തു. എല്ലാവരും അദ്ദേഹത്തെ ഒരു വിശുദ്ധനായി കണ്ടിരുന്നതിനാല്‍ ആരും അദ്ദേഹത്തിന്റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അവഗണിച്ചിരുന്നില്ല. അന്ന് പ്രഭുക്കളുടെ ഇടയില്‍ സാധാരണമായിരുന്ന കലഹങ്ങള്‍ പരിഹരിക്കുന്നതില്‍ ജോണ്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. വഴക്കുകളും കലഹങ്ങളും പരിഹരിച്ച് സമാധാനം സ്ഥാപിക്കുന്നതിന് അദ്ദേഹത്തിന് പ്രത്യേകവരം ദൈവത്തില്‍ നിന്ന് ലഭിച്ചിരുന്നു. ജോണിന്റെ ഇത്തരം ശ്രമങ്ങള്‍ അദ്ദേഹത്തെ പലരുടെയും ശത്രുവാക്കി മാറ്റി.

ഒരിക്കല്‍ പാപത്തില്‍ മുഴുകി ജീവിച്ചിരുന്ന ഒരു പ്രഭ്വിയുടെ പങ്കാളിയെ ജോണ്‍ മാനസാന്തരപ്പെടുത്തി. ഇതില്‍ കോപവെറി പൂണ്ട ആ ദുഷ്ടവനിത അദ്ദേഹത്തിന് വിഷം നല്കി. 1479 ജൂണ്‍ 11-ാം തീയതി വി. ജോണ്‍ ഇഹലോകവാസം വെടിഞ്ഞു.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.