ജൂണ്‍ 10 – വിശുദ്ധ ഒലിവ് (ഒലീവിയാ)

പാലെര്‍മോവിലെ ഒലിവ് അഥവാ ഒലീവിയാ എന്ന വിശുദ്ധയുടെ ജീവചരിത്രത്തിന് ശക്തമായ ചരിത്രപിന്‍ബലമില്ല. അതീവസുന്ദരിയായിരുന്ന ഒലീവിയായെ അവളുടെ പതിമൂന്നാമത്തെ വയസ്സില്‍ പാലെര്‍മോവില്‍ നിന്നും സാരസന്മാര്‍ പിടികൂടി ടുണീസിലേക്കു കൊണ്ടുപോയി. കുടുംബശ്രേഷ്ഠത കണക്കിലെടുത്ത് നഗരപ്രാന്തത്തിലെ ഒരു ഗുഹയില്‍ പാര്‍പ്പിച്ചുവെന്നും വിശ്വസിക്കുന്നു. തദവസരത്തില്‍ അവിടെ സന്ദര്‍ശിക്കുവാനെത്തിയ പല രോഗികളെയും അവള്‍ അത്ഭുതകരമായി സുഖപ്പെടുത്തി. മുഹമ്മദീയരില്‍ പലരെയും മാനസാന്തരപ്പെടുത്തുക കൂടി ചെയ്തു. അതിനാല്‍ അധികാരികള്‍ കോപംപൂണ്ട് അവളെ കഠിനമായി ശിക്ഷിക്കുവാന്‍ പടയാളികള്‍ക്കു നിര്‍ദ്ദേശം നല്കി. അവര്‍ അവളെ യാതൊരു ഭക്ഷണവും നല്കാതെ ഒരു ഇരുട്ടറയിലിട്ടു. അസ്ഥികളില്‍ നിന്നും മാംസം വേര്‍പെടുവോളം ചമ്മട്ടികൊണ്ട് അടിച്ചു. പീഡനയന്ത്രത്തില്‍ കിടത്തി ശരീരം വലിച്ചുനീട്ടി. ഇരുമ്പുകൊളുത്തുകള്‍ കൊണ്ട് ശരീരപാര്‍ശ്വങ്ങള്‍ മുറിപ്പെടുത്തി. ഒടുവില്‍ തിളച്ച വെള്ളത്തില്‍ മുക്കി. പക്ഷേ, അവള്‍ അത്ഭുതകരമായി പ്രസ്തുത പീഡനങ്ങളെയെല്ലാം അതിജീവിച്ചു.

അതിനാല്‍ കുറെക്കൂടി കഠിനമായി പീഡിപ്പിക്കുവാന്‍ തീര്‍ച്ചയാക്കി. പീഡനയന്ത്രത്തില്‍ കിടത്തിക്കൊണ്ട് ശക്തമായ പ്രകാശം കണ്ണുകളില്‍ വീഴ്ത്തി. എന്നാല്‍ പെട്ടെന്ന് പീഡകരുടെ കൈകളില്‍ നിന്നും ദീപയഷ്ടികള്‍ അത്ഭുതകരമായി താഴെവീണു. തന്മൂലം ആ ശിക്ഷകര്‍ മാനസാന്തരപ്പെട്ട് പിന്മാറി. ഒടുവില്‍ പടയാളികള്‍ അവളെ ശിരച്ഛേദം ചെയ്തു. ഒരു വെള്ളപ്രാവിന്റെ രൂപംപൂണ്ട് അവളുടെ ആത്മാവ് സ്വര്‍ഗ്ഗത്തിലേക്കു പറന്നുയരുന്നതായി ആളുകള്‍ കണ്ടുവെന്നു പറയപ്പെടുന്നു.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.