
521-നോടടുത്ത് അയര്‍ലണ്ടിലെ ഗാര്‍ട്ടനില്‍ ഒരു സമ്പന്നകുടുംബത്തിലാണ് കൊളുംബ ജനിച്ചത്. ബാല്യത്തില്‍ മോവിലെയിലെ വി. ഫിന്നിയാന്റെ കീഴില്‍ വിദ്യാഭ്യാസം ചെയ്തു. അവിടെ ആയിരിക്കെ ഡീക്കന്പദം ഏറ്റു. പിന്നീട് ക്ലോണാര്ഡിലെ പ്രശസ്തമായ ആശ്രമവിദ്യാലയത്തില്‍ ചേര്‍ന്ന് ഉപരിപഠനം നടത്തി. അനന്തരം വൈദികാഭിഷിക്തനായി.
കൊളുംബ, അയര്‍ലണ്ടിലുടനീളം പര്യടനം നടത്തി സുവിശേഷം പ്രസംഗിക്കുകയും ഒട്ടേറെ ആശ്രമങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ചില പ്രാദേശികസംഘര്‍ഷങ്ങള്‍ മൂലം അദ്ദേഹം സ്വദേശം വിട്ട് വിദൂര രാജ്യങ്ങളില്‍ പോയി സുവിശേഷം പ്രസംഗിക്കാന്‍ നിര്‍ബന്ധിതനായി. പന്ത്രണ്ട് സഹചരന്മാരോടൊത്ത് 563-ല്‍ സമുദ്രയാത്ര ചെയ്ത് അയോണാ ദ്വീപിലെത്തി. അന്ന് അദ്ദേഹത്തിന് നാല്പത്തിരണ്ട് വയസ് പ്രായമായിരുന്നു. അദ്ദേഹം ദ്വീപില്‍ ഒരു ആശ്രമം സ്ഥാപിച്ചു. പിന്നീട് സ്കോട്ലണ്ടിലേക്കു പോയി; അവിടെയും അപരിഷ്കൃതരായ പിക്റ്റ് വംശജര്‍ ധാരാളം ഉണ്ടായിരുന്നു. എന്നാല്‍ രാജധാനിയില്‍ കടന്നുചെല്ലാന്‍ കാവല്ക്കാര് സമ്മതിച്ചില്ല. കൊളുംബ, രാജധാനിയുടെ കവാടത്തിന് അഭിമുഖമായി നിന്നുകൊണ്ട് കൈയുയര്‍ത്തി കുരിശടയാളം വരച്ചു. വാതിലുകള്‍ തുറക്കപ്പെട്ടു. ഈ അത്ഭുതസംഭവം ദര്‍ശിച്ച രാജാവും പൗരമുഖ്യരും കൊളുംബയെ ആദരപൂര്‍വ്വം സ്വീകരിച്ചു. അവരോട് കൊളുംബ സുവിശേഷം പ്രസംഗിച്ചു. വളരെ ഫലപ്രദമായിരുന്നു ആ പ്രേഷിതദൗത്യം. ക്രമേണ സ്കോട്ലണ്ടിലെ പിക്റ്റ് സമുദായം മുഴുവന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു.
അയോണാ ദ്വീപില്‍ കൊളുംബയെ സന്ദര്‍ശിക്കാന്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം ആളുകള്‍ വന്നുകൊണ്ടിരുന്നു. അവര്‍ക്ക് ആ മഹാത്മാവിന്റെ പ്രാര്‍ത്ഥനയാല്‍ രോഗശാന്തിയും ആത്മീയസമാധാനവും ലഭിച്ചു. വാര്‍ദ്ധക്യ കാലമായപ്പോള്‍ അദ്ദേഹത്തിന് ഗുരുതരമായ രോഗങ്ങളും ശാരീരികാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. എന്നിട്ടും കഠിനമായ തപശ്ചര്യകളില്‍ നിന്നും അദ്ദേഹം പിന്തിരിഞ്ഞില്ല. സുവിശേഷപ്രഘോഷണം ഒരു ദിവസം പോലും മുടക്കിയുമില്ല.
മരണദിവസം രാത്രിയില്‍ ദേവാലയത്തില്‍ അള്‍ത്താരയുടെ മുമ്പില്‍ കൈകള്‍ വിരിച്ച് സാഷ്ടാംഗം നമസ്കരിച്ചു കിടക്കുന്നതായി ശിഷ്യന്മാര് കണ്ടു. അവര്‍ ബഹുമാനപൂര്‍വ്വം ഗുരുവിനെ താങ്ങിയെഴുന്നേല്പിച്ചിരുത്തി. അദ്ദേഹം തന്റെ ക്ഷീണിച്ച കൈകള്‍ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു; ശാന്തമായി ലോകത്തോട് വിടവാങ്ങി.
ഫാ. ജെ. കൊച്ചുവീട്ടില്‍