ജൂണ്‍ 06 – വിശുദ്ധ നോബര്‍ട്ട്

ജീവിതത്തിന്റെ നല്ലൊരു ഭാഗം സുഖഭോഗങ്ങളില്‍ മുഴുകി ജീവിച്ചതിനു ശേഷം അദൃശ്യമായ ദൈവകരത്താല്‍ നയിക്കപ്പെട്ട് ആത്മപരിത്യാഗത്തെയും തപസിനെയും സ്വയം വരിച്ച വിശുദ്ധനാണ് നോബര്‍ട്ട്.

ജര്‍മ്മനിയിലെ സാന്റോണ്‍ നഗരത്തില്‍ 1080-ലാണ് അദ്ദേഹം ജനിച്ചത്. ഉന്നതകുല ജാതനായിരുന്ന നോബര്‍ട്ടിന് ഉത്തമമായ ക്രൈസ്തവ വിശ്വാസം നല്കുന്നതില്‍ മാതാപിതാക്കള്‍ അതീവ ശ്രദ്ധാലുക്കളായിരുന്നു. ഉന്നതമായ വിദ്യാഭ്യാസം നേടിയ അദ്ദേഹം പിതാവിനെയും സഹോദരനെയും അനുകരിച്ച് സൈന്യത്തില്‍ ചേരാന്‍ അതിയായി ആഗ്രഹിച്ചു. പക്ഷേ, തന്റെ മകന്‍ ഒരു പുരോഹിതനായി കാണാന്‍ ആഗ്രഹിച്ച മാതാപിതാക്കള്‍ അദ്ദേഹത്തെ ഈ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിച്ചു.

അങ്ങനെ നോബര്‍ട്ട് വൈദികപഠനം ആരംഭിക്കുകയും താമസിയാതെ തന്നെ സാന്റോണിലെ ‘കാനന്‍’ ആയി നിയമിതനാവുകയും ചെയ്തു. വൈദികനാകുന്നതിനു മുമ്പ് അദ്ദേഹത്തിനു ലഭിച്ച ഈ ഉന്നതസ്ഥാനത്തിന് ഉതകുന്ന ജീവിതവിശുദ്ധിയോടെ ആയിരുന്നില്ല അദ്ദേഹം ജീവിച്ചിരുന്നത്. ഭൗമിക വ്യാമോഹങ്ങളിലും ആഡംബരങ്ങളിലും ആകൃഷ്ടനായിത്തീര്‍ന്ന അദ്ദേഹം സുഖഭോഗങ്ങളില്‍ മുഴുകി ജീവിക്കാന്‍ തുടങ്ങി. ഉന്നതമായ സ്ഥാനങ്ങള്‍ക്കു വേണ്ടി നോബര്‍ട്ടിന്റെ ഹൃദയം വെമ്പല്‍ കൊണ്ടു.

ഭദ്രാസന ദേവാലയത്തിന്റെ കാനനായി ഉയര്‍ത്തപ്പെട്ട നോബര്‍ട്ട് അവിടെ നിന്ന് ചക്രവര്‍ത്തിയുടെ അരമനയില്‍ ഉപദേഷ്ടാവും ചാപ്ലെയിനുമായി ചുമതലയേറ്റു. ഇങ്ങനെ പ്രതാപത്തിന്റെയും സുഖഭോഗത്തിന്റെയും പിറകെ അദ്ദേഹം ഓടിക്കൊണ്ടിരുന്നു. പക്ഷേ, തനിക്കു വേണ്ടി വന്‍കാര്യങ്ങള്‍ ചെയ്യേണ്ടിയിരുന്ന നോബര്‍ട്ടിനെ ഇങ്ങനെ ജീവിക്കാന്‍ ദൈവം അനുവദിച്ചില്ല. ഒരു ദിവസം നോബര്‍ട്ട് സാന്‍ന്റേണില്‍ നിന്ന് ഫ്രീഡനിലേക്കു പോകും വഴി അദ്ദേഹത്തെ ഏതോ ഒരു ശക്തി കുതിരപ്പുറത്തു നിന്ന് മറിച്ചിട്ടു. വി. പൗലോസിനുണ്ടായ അതേ അനുഭവം അദ്ദേഹത്തിനുമുണ്ടായി. ഇത് നോബര്‍ട്ടിന്റെ ജീവിതത്തെ പരിവര്‍ത്തനത്തിലേക്കു നയിച്ചു. അനുതാപത്തിന്റെ ചുടുകണ്ണീരൊഴുക്കിക്കൊണ്ട് മൂന്നു കൊല്ലം തപസും പ്രായശ്ചിത്തവും അനുഷ്ഠിച്ച് അദ്ദേഹം തന്റെ കഴിഞ്ഞകാല ജീവിതത്തിന് പ്രായശ്ചിത്തം ചെയ്തു.

അതിനു ശേഷം വൈദികനായിത്തീര്‍ന്ന നോബര്‍ട്ട്, സുഖലോലുപതയില്‍ ജീവിച്ചിരുന്ന കാനന്മാരുടെ ജീവിതനവീകരണത്തിനായി പ്രയത്‌നിച്ചു. ഈ ശ്രമം കുറെ ശത്രുക്കളെ ഇദ്ദേഹത്തിനുണ്ടാക്കി എന്നതു മാത്രമായിരുന്നു ഫലം. എങ്കിലും നിരാശനാകാതെ അദ്ദേഹം വീണ്ടും തന്റെ ദൗത്യം തുടര്‍ന്നു കൊണ്ടേയിരുന്നു.

1126-ല്‍ മാഗ്ഡിബര്‍ഗിലെ മെത്രാനായി നിയമിക്കപ്പെട്ട നോബര്‍ട്ടിന്റെ പ്രസംഗങ്ങള്‍ അനേകരെ ആകര്‍ഷിക്കുകയും പുണ്യമാര്‍ഗ്ഗത്തിലേക്കു നയിക്കുകയും ചെയ്തു. എല്ലാ പട്ടണത്തിലും അദ്ദേഹത്തെ ശ്രവിക്കാനായി ആള്‍ക്കാര്‍ കൂട്ടംകൂട്ടമായി ചെന്നുകൊണ്ടിരുന്നു. ഭിന്നതയില്‍ കഴിഞ്ഞിരുന്ന ഒട്ടനവധി വ്യക്തികളുടെയും കുടുംബങ്ങളുടെയും മധ്യേ അദ്ദേഹം സമാധാനം പുനഃസ്ഥാപിച്ചു. അങ്ങനെയാണ് സമാധാനസ്ഥാപകന്‍ എന്ന അപരനാമം അദ്ദേഹത്തിന് ലഭിച്ചത്.

കാനാന്മാരുടെ ജീവിതനവീകരണം ലക്ഷ്യമിട്ടുകൊണ്ട് അദ്ദേഹം തന്റെ ശിഷ്യഗണത്തോടു ചേര്‍ന്ന് 1120-ല്‍ ‘പ്രൊമോണ്‍ട്രാ’ എന്ന സ്ഥലത്ത് ഒരു സഭ സ്ഥാപിച്ചു. ആ സഭ വളരെ വേഗം വളര്‍ന്നു പന്തലിച്ചു. ‘നോര്‍ബര്‍ട്ടൈന്‍ സഭ’ എന്നാണ് അത് അറിയപ്പെടുന്നത്. 1134 ജൂണ്‍ 6-ാം തീയതി അദ്ദേഹം നിര്യാതനായി. 1582 ജൂലൈ 28-ാം തീയതി പതിമൂന്നാം ഗ്രിഗോറിയോസ് പാപ്പാ അദ്ദേഹത്തെ വിശുദ്ധന്‍ എന്ന് നാമകരണം ചെയ്തു.

ഫാ. ജെ. കൊച്ചുവീട്ടില്‍