ജൂണ്‍ 04 – വി. ഫ്രാന്‍സിസ് കരാച്ചിയോള (1564-1608)

1564-ല്‍ ഇറ്റലിയിലെ അബ്രസിയിലാണ് വി. ഫ്രാന്‍സിസ് കരാച്ചിയോള ജനിച്ചത്. ഒരു പ്രഭുകുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന് ചെറുപ്രായത്തില്‍ തന്നെ കുഷ്ഠരോഗം പിടിപെട്ടു. ഇത് അദ്ദേഹത്തെ മനുഷ്യശരീരത്തിന്റെ നിസ്സാരതയെയും ലോകത്തിന്റെ നശ്വരതയെയും ബോധ്യപ്പെടുത്തി. കുറച്ചു നാളുകള്‍ക്കുള്ളില്‍ അത്ഭുതകരമായി കുഷ്ഠരോഗം അദ്ദേഹത്തില്‍ നിന്ന് വിട്ടുമാറി.

ഫ്രാന്‍സിസ്, ബാലപ്രായത്തില്‍ തന്നെ സകലവിധ വിനോദങ്ങളും ഉപേക്ഷിച്ച് പതിവായി ജപമാല ചൊല്ലിയിരുന്നു. തനിക്കുള്ള ആഹാരം പോലും അഗതികള്‍ക്ക് കൊടുക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഫ്രാന്‍സിസ്, പരിശുദ്ധ കുര്‍ബാന സന്ദര്‍ശിക്കുന്നതില്‍ അതീവ തല്‍പരനായിരുന്നു. കുഷ്ഠരോഗത്തില്‍ നിന്നു സുഖം പ്രാപിച്ച ഉടന്‍ തന്നെ അദ്ദേഹം വൈദികപഠനത്തിനായി നേപ്പിള്‍സിലേക്കു പോയി. അദ്ദേഹത്തിനു ലഭിച്ചിരുന്ന വിശ്രമാവസരങ്ങളെല്ലാം തന്നെ കാരാഗൃഹം സന്ദര്‍ശിക്കുന്നതിനും ആള്‍ക്കാര്‍ അധികം വരാത്ത ദേവാലയങ്ങളില്‍ പരിശുദ്ധ കുര്‍ബാന സന്ദര്‍ശിക്കുന്നതിനായും വിനിയോഗിച്ചു.

തന്റെ ഇരുപത്തിയഞ്ചാമത്തെ വയസില്‍ അദ്ദേഹം സിക്സ്റ്റസ് അഞ്ചാമന്‍ മാര്‍പാപ്പായുടെ അംഗീകാരത്തോടെ ‘Miner Clerks Regular’ എന്ന സന്യാസ സഭ സ്ഥാപിച്ചു. സഭയുടെ നിയമപ്രകാരം, അനുദിനം ഒരാള്‍ ഉപവസിക്കുകയും വേറൊരാള്‍ ചമ്മട്ടി കൊണ്ട് സ്വയം അടിക്കുകയും മറ്റൊരാള്‍ ഒരു രോമച്ചട്ട ധരിക്കുകയും സഭാംഗങ്ങള്‍ തവണപ്രകാരം എല്ലാ നേരവും വിശുദ്ധ കുര്‍ബാനയുടെ മുമ്പാകെ ആരാധിക്കുകയും ചെയ്തിരുന്നു. സന്യാസികളുടെ പതിവനുസരിച്ചുള്ള മൂന്നു വ്രതങ്ങള്‍ക്കു പുറമേ അധികാരസ്ഥാനങ്ങള്‍ ആഗ്രഹിക്കുകയില്ല എന്ന ഒരു വ്രതം കൂടി ഈ സഭാംഗങ്ങള്‍ അനുഷ്ഠിച്ചിരുന്നു.

1591-ല്‍ സഭയുടെ പൊതുശ്രേഷ്ഠനായി ഫ്രാന്‍സിസ് തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം എല്ലാ കാര്യങ്ങളിലും തന്റെ സഹസന്യാസികള്‍ക്ക് ഉത്തമമായ മാതൃകയായിരുന്നു. മിക്ക ദിവസങ്ങളിലും രാത്രിസമയം മുഴുവനും ദിവ്യകാരുണ്യത്തിനു മുന്നില്‍ ചിലവഴിച്ചിരുന്ന ഫ്രാന്‍സിസ്, ദിവസവും ഏഴു മണിക്കൂറോളം മിശിഹായുടെ പീഡാനുഭവങ്ങളെക്കുറിച്ച് ധ്യാനിച്ചിരുന്നു.

‘നമുക്ക് പോകാം. നമുക്ക് സ്വര്‍ഗത്തിലേക്കു പോകാം’ എന്നു പറഞ്ഞുകൊണ്ട് വിശുദ്ധന്‍ 1608-ല്‍ വിശുദ്ധ കുര്‍ബാനയുടെ തിരുനാളിന്റെ തലേദിവസം തന്റെ നാല്പത്തിനാലാമത്തെ വയസില്‍ സ്വര്‍ഗത്തിലേക്കു യാത്രയായി.

ഫാ. ജെ. കൊച്ചുവീട്ടില്‍