ജൂണ്‍ 01: വിശുദ്ധ ജസ്റ്റിന്‍

തത്വചിന്തകരുടെ മദ്ധ്യസ്ഥനാണ് വി. ജസ്റ്റിന്‍. അദ്ദേഹം 103-ല്‍ സിക്കെം എന്ന പ്രദേശത്താണ് ജനിച്ചത്. ഒരു സമരിറ്റന്‍ കുടുംബത്തില്‍ ജനിച്ച ജസ്റ്റിന് ഉന്നതവിദ്യാഭ്യാസം ലഭിച്ചിരുന്നു. വിദ്യാഭ്യാസകാലത്ത് തത്വശാസ്ത്ര പഠനത്തിനാണ് അദ്ദേഹം അധികം ഊന്നല്‍ കൊടുത്തത്. എല്ലാത്തിന്റെയും സൃഷ്ടാവായ ദൈവത്തെ അറിയുക എന്നതായിരുന്നു ജസ്റ്റിന്റെ ജീവിതലക്ഷ്യം. അതിനായി പ്രശസ്തരായ തത്വചിന്തകരുടെ ഗ്രന്ഥങ്ങള്‍ അദ്ദേഹം ശ്രദ്ധാപൂര്‍വ്വം പഠിച്ചു. തത്വശാസ്ത്രപരമായി വിപരീത അഭിപ്രായങ്ങള്‍ പഠിപ്പിച്ചിരുന്ന വിദ്യാലയങ്ങളില്‍ വിദ്യ അഭ്യസിച്ചു. പക്ഷേ അതൊന്നും അദ്ദേഹത്തിന് യഥാര്‍ത്ഥ ദൈവത്തെ കാട്ടിക്കൊടുക്കാന്‍ സഹായകമായില്ല.

ദൈവത്തെ അറിയാന്‍ അതിയായി ആഗ്രഹിച്ച ജസ്റ്റിന്‍, ഒരു ദിവസം കടലോരത്തു കൂടി നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു വൃദ്ധനെ കണ്ടുമുട്ടി. അദ്ദേഹം ജസ്റ്റിനുണ്ടായിരുന്ന സംശയങ്ങളെക്കുറിച്ച് ചോദിച്ചു. നീണ്ട നേരത്തെ വാദപ്രതിവാദങ്ങള്‍ക്കു ശേഷം ജസ്റ്റിന്‍, താന്‍ സമ്പാദിച്ച ജ്ഞാനത്തിന് ദൈവത്തെ കണ്ടെത്താനാവില്ല എന്ന സത്യം വൃദ്ധനു മുന്നില്‍ സമ്മതിച്ചു. അനന്തരം വൃദ്ധന്‍ മിശിഹായെക്കുറിച്ച് ജസ്റ്റിനോട് പറഞ്ഞു. യഥാര്‍ത്ഥജ്ഞാനം ലഭിക്കുന്നതിനായി മിശിഹായോട് പ്രാര്‍ത്ഥിക്കാനും അദ്ദേഹം ജസ്റ്റിനെ ഉപദേശിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച ജസ്റ്റിന്‍, പ്രാര്‍ത്ഥനയോടെ വിശുദ്ധ ഗ്രന്ഥം വായിക്കാന്‍ തുടങ്ങി. സത്യദൈവത്തെ തിരിച്ചറിഞ്ഞ ജസ്റ്റിന്‍ അധികം വൈകാതെ തന്നെ 133-ല്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു.

അക്കാലത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച അനേകായിരങ്ങളുടെ ദൃഢവിശ്വാസം ജസ്റ്റിനെ മാനസാന്തരത്തിലേക്കു നയിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. മാനസാന്തരത്തിനു ശേഷം താന്‍ തിരിച്ചറിഞ്ഞ സത്യം മറ്റുള്ളവരെയും അറിയിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഗ്രീസ്, ഇറ്റലി, ഈജിപ്റ്റ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചുറ്റിസഞ്ചരിച്ച് അദ്ദേഹം സത്യദൈവത്തെ പ്രസംഗിച്ച് അനേകരെ അദ്ദേഹം മാനസാന്തരത്തിലേക്കു നയിച്ചു.

അക്കാലത്ത് ക്രിസ്ത്യാനികളെക്കുറിച്ച് നിലനിന്നിരുന്ന തെറ്റിദ്ധാരണകള്‍ അകറ്റുന്നതിനായി അദ്ദേഹം പല ഗ്രന്ഥങ്ങളും രചിച്ചു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും പഠനങ്ങളും സത്യവേദത്തെ സംരക്ഷിക്കാന്‍ വളരെയധികം ഉപകരിച്ചിട്ടുണ്ട്. അന്നത്തെ ഓരോ ക്രൈസ്തവ വിശ്വാസിക്കും അവകാശമായി ലഭിച്ചിരുന്ന രക്തസാക്ഷിത്വമകുടം അദ്ദേഹത്തെയും തേടിയെത്തി. അന്യദേവന്മാരെ പൂജിക്കാന്‍ വിസമ്മതിച്ച വിശുദ്ധനെയും അദ്ദേഹത്തിന്റെ ശിഷ്യരെയും 167-ല്‍ വധിച്ചു.

ഫാ. ജെ. കൊച്ചുവീട്ടില്‍