ജൂലൈ 25: വിശുദ്ധ യാക്കോബ് ശ്ലീഹാ

വിശുദ്ധ ഗ്രന്ഥത്തില്‍ സെബദീപുത്രന്മാര്‍ എന്നറിയപ്പെടുന്നവരില്‍ ഒരാളും അപ്പസ്‌തോലന്മാരിലെ പ്രഥമ രക്തസാക്ഷിയുമാണ് വി. യാക്കോബ്. ഈശോയുടെ വത്സലശിഷ്യനെന്നു വിളിക്കപ്പെട്ട യോഹന്നാന്റെ സഹോദരനാണ് യാക്കോബ്. സുവിശേഷങ്ങളില്‍ ഇദ്ദേഹം വലിയ യാക്കോബ് എന്നാണ് വിളിക്കപ്പെടുന്നത്. കാരണം, അപ്പസ്‌തോലന്മാരില്‍ വേറൊരു യാക്കോബ് ഉണ്ടായിരുന്നു. അദ്ദേഹത്തെ ചെറിയ യാക്കോബ് എന്നും വിളിച്ചിരുന്നു. സെബദിയുടെയും സാലോമിന്റെയും പുത്രനായിരുന്ന യാക്കോബിനെ, മീന്‍പിടിക്കുന്നിടത്തു നിന്നാണ് യേശു അപ്പസ്‌തോലനായി തിരഞ്ഞെടുത്തത്.

ക്രിസ്തു, ജെയ്‌റോസിന്റെ മകളെ ഉയിര്‍പ്പിച്ചപ്പോഴും, താബോര്‍ മലയില്‍ രൂപാന്തരപ്പെട്ടപ്പോഴും, ഗത്സമെനില്‍ പീഡ അനുഭവിക്കപ്പെട്ടപ്പോഴും, പത്രോസ് – യോഹന്നാന്‍ എന്നിവരോടുകൂടി ക്രിസ്തുവിന്റെ അടുക്കലിരിക്കുവാനുള്ള മഹാഭാഗ്യം ലഭിച്ചയാളാണ് വി. യാക്കോബ്. വി. യാക്കോബിനെയും സഹോദരന്‍ യോഹന്നാനെയും ഇടിമുഴക്കത്തിന്റെ പുത്രന്മാര്‍ എന്നാണ് വിളിച്ചിരുന്നത്.

ക്രിസ്തുവിന്റെ ഉത്ഥാനശേഷം സുവിശേഷപ്രസംഗത്തിനായി യാത്ര തിരിച്ച യാക്കോബ് പ്രവര്‍ത്തിച്ച അനേകം അത്ഭുതങ്ങളും, നിരവധി മാനസാന്തരങ്ങളും യഹൂദരെ വല്ലാതെ രോഷാകുലരാക്കി. അവര്‍ അദ്ദേഹത്തെ വധിക്കാന്‍ തീരുമാനിച്ചു. അവര്‍ അദ്ദേഹത്തില്‍ കുറ്റം ചുമത്തി രാജസന്നിധിയിലെത്തിച്ചു. അന്ന് യൂദയായിലെ നാടുവാഴിയായിരുന്ന ഹേറോദോസ് അഗ്രിപ്പാ, യഹൂദരെ പ്രീതിപ്പെടുത്തുന്നതിനായി യാതൊരു വിസ്താരവും കൂടാതെ യാക്കോബിനെ വധിക്കുവാന്‍ ഉത്തരവിട്ടു. താന്‍ സ്‌നേഹിക്കുന്ന ദിവ്യനാഥനോടൊപ്പം ഉടന്‍ ചേരാമല്ലോ എന്നോര്‍ത്തപ്പോള്‍ അദ്ദേഹം വളരെയധികം സന്തോഷിച്ചു.

കൊലക്കളത്തിലേയ്ക്കുള്ള യാത്രയില്‍ അദ്ദേഹം ഒരു തളര്‍വാതരോഗിയെ സുഖപ്പെടുത്തി. അദ്ദേഹം മരണത്തിനു മുന്നിലും പ്രകടിപ്പിച്ച വിശ്വാസവും ധൈര്യവും കണ്ട ന്യായാധിപനില്‍ പ്രമുഖന്‍ മാനസാന്തരപ്പെട്ട് ‘ഞാനും ഒരു ക്രിസ്ത്യാനി’ ആണെന്നു പ്രഖ്യാപിച്ചു. അവര്‍ രണ്ടുപേരുടെയും ശിരസ് അന്ന് വിച്ഛേദിക്കപ്പെട്ടു.

വിശുദ്ധ ക്രിസ്റ്റഫര്‍

ക്രിസ്റ്റഫറെ സംബന്ധിക്കുന്ന കഥ ഒരു ഇതിഹാസമാണ്. അതില്‍ ചരിത്ര പിന്‍ബലം ദുര്‍ബലമാണ്. ‘ക്രിസ്തുവാഹകന്‍’ എന്നാണ് ക്രിസ്റ്റഫര്‍ എന്ന പദത്തിന്റെ അര്‍ത്ഥം. റിപ്രോബസ് എന്നു പേരുള്ള ശക്തനായ ഒരു കാനാന്‍കാരനായിരുന്നു ക്രിസ്റ്റഫര്‍. ഒരിക്കല്‍, കാനന്‍ രാജാവ് അദ്ദേഹത്തെ തന്റെ സേവകഗണത്തില്‍ ഉള്‍പ്പെടുത്തി. ലോകത്തില്‍ ഏറ്റവും പ്രബലനായ രാജാവിനെ മാത്രമേ താന്‍ സേവിക്കൂ എന്ന് റിപ്രോബസ് ദൃഢനിശ്ചയം ചെയ്തിരുന്നു. താന്‍ പ്രതീക്ഷിച്ചതുപോലെ കാനാന്‍ രാജാവ് അതിപ്രബലനാണെന്ന് അയാള്‍ കരുതി.

എന്നാല്‍, ഒരു ദിവസം രാജാവിന്റെ വൈതാളികന്മാരില്‍ ഒരാള്‍ പാടിയ പാട്ടിലെ സാത്താന്‍ എന്ന പദം കേട്ട മാത്രയില്‍ രാജാവ് തന്റെ മേല്‍ കുരിശടയാളം വരച്ചതുകണ്ട്, ആശ്ചര്യഭരിതനായ അയാള്‍ രാജാവിനോടു ചോദിച്ചു: ”അങ്ങ് എന്താണ് ഇപ്പോള്‍ ചെയ്തത്..?” ഗത്യന്തരമില്ലാതായപ്പോള്‍ രാജാവു പറഞ്ഞു: ”സാത്താന്‍ എന്ന പദം കേള്‍ക്കാനിടയായാല്‍ അപ്പോള്‍ത്തന്നെ ഞാന്‍ എന്റെ മേല്‍ കുരിശടയാളം വരയ്ക്കും. അങ്ങനെ ചെയ്യാതിരുന്നാല്‍ സാത്താന്‍ എന്നെ ഉപദ്രവിക്കുക തന്നെ ചെയ്യും.”

”അങ്ങനെയെങ്കില്‍, അങ്ങയെക്കാള്‍ ശക്തനായിരിക്കുമല്ലോ സാത്താന്‍. അതിനാല്‍ ഞാന്‍ അങ്ങയെ വിട്ട് ആ സാത്താനെ തേടിപ്പോവുകയാണ്.” അയാള്‍ സാത്താനെത്തേടി പുറപ്പെട്ടു. മരുഭൂമിയില്‍ വച്ച് അദ്ദേഹം സാത്താനെ കണ്ടുമുട്ടി. അയാള്‍ സാത്താനെ തന്റെ യജമാനനായി അംഗീകരിച്ചാദരിച്ചു. അവര്‍ ഒന്നിച്ച് കുറേ ദൂരം നടന്നു. അപ്പോള്‍ വഴിവക്കില്‍ വലിയ ഒരു കുരിശ് ഉയര്‍ന്നുനില്‍ക്കുന്നത് കണ്ടു. ആ ക്ഷണത്തില്‍ സാത്താന്‍ പരിഭ്രാന്തിയോടെ കുതറിമാറി മറ്റൊരു വഴിയിലൂടെ നടന്നു. അയാളും പിന്നാലെ നടന്നു. അയാള്‍ ചോദിച്ചു: ”എന്താണ് ഇതിന്റെ അര്‍ത്ഥം?”

സാത്താന് ഗത്യന്തരമില്ലാതായപ്പോള്‍ ഇപ്രകാരം പ്രതിവചിച്ചു: ”ക്രിസ്തു എന്ന പേരോടു കൂടിയ ഒരാള്‍ ഉണ്ടായിരുന്നു. അയാള്‍ കുരിശില്‍ തൂങ്ങിമരിച്ചു. അയാളുടെ കുരിശ് എവിടെക്കണ്ടാലും ഞാന്‍ ഭയചകിതനാകും.” അയാള്‍ പറഞ്ഞു: ”അങ്ങനെയെങ്കില്‍, ക്രിസ്തു അങ്ങയെക്കാള്‍ ശക്തനായിരിക്കണമല്ലോ. അതുകൊണ്ട് ഞാന്‍ ക്രിസ്തുവിനെ തേടിപ്പോവുകയാണ്.”

അയാള്‍ സാത്താനെ വിട്ട് ക്രിസ്തുവിനെ തേടി പുറപ്പെട്ടു. ദുര്‍ഗമമായ മരുഭൂമിയിലൂടെ ബഹുദൂരം അലഞ്ഞു. ഒടുവില്‍ ഒരു സന്യാസിയുടെ അടുത്തെത്തി. സന്യാസി വസ്തുതകളെല്ലാം ചോദിച്ചറിഞ്ഞതിനുശേഷം അയാളെ തന്റെ ശിഷ്യനായി സ്വീകരിച്ചു. രക്ഷകനും രാജാക്കന്മാരുടെ രാജാവുമായ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞ് അയാളെ പ്രബുദ്ധനാക്കി.

സന്യാസി പറഞ്ഞു: ”നീ ആദ്യമായി ചെയ്യേണ്ടത് പ്രാര്‍ത്ഥിക്കുകയാണ്.” ”എന്താണു പ്രാര്‍ത്ഥന?’ സന്യാസി പ്രാര്‍ത്ഥനയെക്കുറിച്ച് വിശദമായി അയാളോട് സംസാരിച്ചു. ”ശരി. ഞാന്‍ അങ്ങനെ ചെയ്യാം. എന്നാല്‍, അത്രമാത്രം മതിയോ? ആ ലോകനാഥനെ പ്രസാദിപ്പിക്കുവാന്‍ മറ്റേതെങ്കിലും ഒരു സല്‍പ്രവൃത്തി കൂടി ചെയ്യുവാന്‍ അങ്ങ് എനിക്ക് നിര്‍ദ്ദേശം നല്കുമോ?”

സന്യാസി പറഞ്ഞു: ”ഇവിടെ അടുത്തുതന്നെ വലിയ ഒരു നദിയുണ്ട്. ആഴമേറിയ നദി. ഗ്രാമവാസികള്‍ക്ക് എന്നും തങ്ങളുടെ ജോലിക്കും മറ്റാവശ്യങ്ങള്‍ക്കുമായി ആ നദി കടന്നുപോകേണ്ടിയിരിക്കുന്നു. നദി കടക്കുമ്പോള്‍ അപകടത്തില്‍പ്പെട്ട് അനവധി ആളുകള്‍ മരണമടയാറുമുണ്ട്. ദൃഢഗാത്രനായ നീ അവരെ എന്നും നിരപായം നദി കടത്തുവാന്‍ തയ്യാറായാല്‍ ആ പ്രവൃത്തി സര്‍വ്വശക്തനും സ്‌നേഹനിധിയുമായ ആ ലോകനാഥന് ഏറ്റവും പ്രസാദകരമായിരിക്കും.”

അയാള്‍ ആ ജോലി സസന്തോഷം ഏറ്റെടുത്തു. നീളമുള്ള ഒരു കഴുക്കോല്‍ ആഴമേറിയ നദിയില്‍ ഊന്നി ആഴം നിര്‍ണ്ണയിച്ചുകൊണ്ട് അനുദിനം നദി കടക്കാന്‍ എത്തിയിരുന്നവരെയെല്ലാം തോളിലേറ്റി മറുകരയെത്തിച്ചു തുടങ്ങി. ഒരു ദിവസം അയാള്‍ തന്റെ കുടിലില്‍ ഉറങ്ങിക്കിടക്കവേ, ആരോ തന്നെ വിളിക്കുന്നതായി കേട്ടു. നദി കടത്തുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഒരു കുട്ടി തന്നെ മാടിവിളിക്കുന്നു. അയാള്‍ ഉടനെ തന്നെ ആ കുട്ടിയെ വാത്സല്യപൂര്‍വ്വം എടുത്ത് തോളിലേറ്റി നദിയിലേയ്ക്ക് ഇറങ്ങി. അല്പദൂരം നടന്നപ്പോള്‍, ആ കുട്ടിക്കു ഭാരം വര്‍ദ്ധിച്ചു വരുന്നു! തനിക്ക് താങ്ങാന്‍ വയ്യാത്തവണ്ണം അത്ര വലിയ ഭാരം! നദിയിലെ ജലനിരപ്പും ഉയര്‍ന്നുകൊണ്ടിരുന്നു. ഭൂലോകം മുഴുവന്‍ തന്റെ തോളിലേറിയതു പോലെയുള്ള അനുഭവം.

അയാള്‍ പരിതപിച്ചു: ‘കുഞ്ഞേ, നിന്റെ ഭാരം എനിക്ക് താങ്ങാനാവാത്തവണ്ണം വര്‍ദ്ധിച്ചിരിക്കുന്നു. ഞാന്‍ ഈ നദിയില്‍ മുങ്ങിമരിക്കുക തന്നെ ചെയ്യും.’ എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചില്ല. അയാള്‍ ദുര്‍വ്വഹമായ ആ ഭാരം താങ്ങിക്കൊണ്ട് അപകടമെന്യേ മറുകരയെത്തി. കുട്ടിയെ താഴെയിറക്കി. കുട്ടി പുഞ്ചിരി തൂകിക്കൊണ്ടു പറഞ്ഞു: ”റിപ്രോബസേ, വിസ്മയിക്കേണ്ടാ, ഭൂലോകം മുഴുവന്‍ നീ തോളില്‍ വഹിച്ചു. ഭൂലോകം സൃഷ്ടിച്ചവനെയും. ഇതാ, ഭൂലോകസൃഷ്ടാവായ യേശുക്രിസ്തുവാണ് ഞാന്‍.”

മാമ്മോദീസായോടു കൂടി ക്രിസ്റ്റഫറായി മാറിയ ആ മനുഷ്യന്‍ ലീഷ്യാ നഗരത്തിലേയ്ക്കു പോയി. അവിടെ വച്ച് ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞതിന്റെ പേരില്‍ അദ്ദേഹം രക്തസാക്ഷിയായി.

വിചിന്തനം: ”പലരും അങ്ങേയ്ക്കു പകരം തങ്ങള്‍ക്ക് ഇഷ്ടമുള്ളത് അന്വേഷിക്കുകയാണ്. എനിക്ക് എന്റെ ദൈവവും എന്റെ ശരണവും എന്റെ നിത്യരക്ഷയുമായ അങ്ങല്ലാതെ മറ്റൊന്നും വേണ്ട.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.