ജൂലൈ 23: വിശുദ്ധ അപ്പോളിനാരിസ്

റാവെന്നായിലെ ആദ്യത്തെ മെത്രാനായിരുന്നു അപ്പോളിനാരിസ്. അദ്ദേഹം ഒന്നാം നൂറ്റാണ്ടില്‍ അന്ത്യോക്യയില്‍ ജനിച്ചുവെന്നും പത്രോസിന്റെ ശിഷ്യനായിത്തീരുകയും പത്രോസിനാല്‍ തന്നെ റാവെന്നായിലെ മെത്രാനായി നിയമിക്കപ്പെടുകയും ചെയ്തുവെന്നും വിശ്വസിക്കുന്നു. എന്നാല്‍, ഈ വസ്തുതകള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല.

എന്തായാലും ആദിമശതകങ്ങളില്‍ ജീവിച്ചിരുന്ന വിശുദ്ധരില്‍, അപ്പോളിനാരിസിന് പ്രഥമമായ സ്ഥാനം ഉണ്ടായിരുന്നുവെന്നുള്ളത് അവിതര്‍ക്കിതമാണ്. രക്തസാക്ഷിയായി മരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അപ്പോളിനാരിസിന് സാര്‍വ്വത്രികമായ ബഹുമാനം സിദ്ധിച്ചിരുന്നു. തല്‍സംബന്ധമായ ഐതിഹ്യങ്ങള്‍ പ്രസിദ്ധമാണ്.

അപ്പോളിനാരിസ് ഒരു ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് രോഗവിമുക്തി നല്കിയതായും തന്മൂലം ആ ഉദ്യോഗസ്ഥനും കുടുംബവും ക്രിസ്തുമതം സ്വീകരിച്ചതായും പറയപ്പെടുന്നു. വിജാതീയരുടെ മാനസാന്തരത്തിന് അപ്പോളിനാരിസ് നല്കിയ സംഭാവനകള്‍ സ്മരണീയമാണ്. സുവിശേഷ പ്രസംഗപര്യടനങ്ങള്‍ക്കിടയില്‍ യാഥാസ്ഥിതികരായ ആളുകള്‍ അപ്പോളിനാരിസിനെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ശത്രുബാധയും, രാജ്യഭ്രംശവും, ദീര്‍ഘയാത്രയും മൂലം ആ മഹാത്മാവ് വളരെയധികം ക്ലേശങ്ങള്‍ അനുഭവിച്ചു.

പില്‍ക്കാലത്ത് റാവെന്നായില്‍ സേവനം അനുഷ്ഠിച്ച മെത്രാന്മാരിലൊരാളായ വി. പത്രോസ് ക്രിസോലോഗസ് അപ്പോളിനാരിസിനെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. അപ്പോളിനാരിസിനെ ഒരു രക്തസാക്ഷിയായിട്ടാണ് പ്രസ്തുത മെത്രാന്‍ വിവരിക്കുന്നത്. വിശ്വാസ സംരക്ഷണാര്‍ത്ഥം പീഡനങ്ങള്‍ സഹിച്ചതുകൊണ്ടാവാം അപ്പോളിനാരിസിനെ രക്തസാക്ഷിയായി വിശേഷിപ്പിച്ചത് എന്ന് വിചാരിക്കേണ്ടി യിരിക്കുന്നു.

വിചിന്തനം: ”ഭൗതികനന്മകളെല്ലാം നിനക്കുണ്ടായിരുന്നാലും അവ നിന്നെ സൗഭാഗ്യവാനും സന്തുഷ്ടനും ആക്കുകയില്ല. നിന്റെ സമസ്തസൗഭാഗ്യവും ആനന്ദവും സ്ഥിതി ചെയ്യുന്നത് സര്‍വ്വത്തിന്റെയും സൃഷ്ടാവായ ദൈവത്തിലാണ്.”

ഇതരവിശുദ്ധര്‍: ആന്‍ (840-918) / ലിബോരിയൂസ് (+200) റവേന്നായിലെ മെത്രാന്‍ / റോമുലാ (ആറാം നൂറ്റാണ്ട്) / വലേറിയന്‍ (7460) മെത്രാന്‍ / ജോണ്‍ കാസ്യന്‍ (360-433)/ സ്വീഡനിലെ വി. ബ്രിഡ്‌ജെറ്റ് (1304-1373).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.