ജൂലൈ 21: ബ്രിന്റിസിലെ വിശുദ്ധ ലോറന്‍സ്

1559 ജൂലൈ 22-ാം തീയതി ഇറ്റലിയിലെ ബ്രിന്റിസി എന്ന സ്ഥലത്താണ് വി. ലോറന്‍സ് ജനിച്ചത്. ചെറുപ്പം മുതലേ ക്രൈസ്തവ വിശ്വാസത്തില്‍ വളര്‍ന്നുവന്ന ലോറന്‍സ്, തന്റെ പതിനാറാമത്തെ വയസിലാണ് കപ്പൂച്ചിന്‍ സഭയില്‍ ചേരുന്നത്. ക്രിസ്തീയപുണ്യങ്ങളുടെ വിളനിലമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പാദുവാ സര്‍വ്വകലാശാലയില്‍ നിന്ന് തത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും പൂര്‍ത്തിയാക്കിയ ലോറന്‍സ് 1583-ല്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു.

വിശുദ്ധഗ്രന്ഥ പണ്ഡിതനായി അറിയപ്പെട്ടിരുന്ന ലോറന്‍സ് – ലാറ്റിന്‍, ഹീബ്രു, ഗ്രീക്ക്, ജര്‍മ്മന്‍, സ്പാനിഷ്, ഫ്രഞ്ച്, ബൊഹീമിയന്‍ എന്നീ ഭാഷകള്‍ നിഷ്പ്രയാസം കൈകാര്യം ചെയ്തിരുന്നു. ഹീബ്രൂ ഭാഷയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അസാമാന്യ സാമര്‍ത്ഥ്യം മനസിലാക്കിയ ക്ലെമന്റ് എട്ടാമന്‍ പാപ്പാ, അദ്ദേഹത്തെ യൂദന്മാരുടെ ഇടയില്‍ സുവിശേഷം പ്രചരിപ്പിക്കുന്നതിനായി നിയോഗിച്ചു. അവിടെ അനവധി ജനങ്ങളെ അദ്ദേഹം മാനസാന്തരത്തിലേയ്ക്ക് നയിച്ചു.

അനന്തരം അദ്ദേഹം ആസ്ത്രിയായിലേക്ക് പോയി. അവിടെ അദ്ദേഹത്തിന്റെ ദൗത്യം അത്ര എളുപ്പമായിരുന്നില്ല. കാരണം, ചക്രവര്‍ത്തിയുള്‍പ്പെടെ ഒരു പ്രബലവിഭാഗം ലോറന്‍സിന് എതിരായിരുന്നു. പക്ഷേ, അദ്ദേഹം തെല്ലും നിരാശനാകാതെ ദൈവത്തില്‍ ശരണപ്പെട്ടുകൊണ്ട് തന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അധികം താമസിയാതെ തന്നെ ലോറന്‍സിന് ചക്രവര്‍ത്തിയെ സ്വാധീനിക്കാനായി. മാത്രമല്ല, ഛിന്നഭിന്നമായി കിടന്നിരുന്ന ക്രൈസ്തവസേനയെ ഒന്നിപ്പിക്കുക എന്ന ദൗത്യം ചക്രവര്‍ത്തി ലോറന്‍സിനെ ഏല്പിക്കുകയും ചെയ്തു.

ഏതാണ്ട് ഈ അവസരത്തിലാണ് തുര്‍ക്കികള്‍ ഹംഗറിയുടെ കുറേ ഭാഗം പിടിച്ചടക്കിയത്. ഏകദേശം 80,000-ഓളം വരുന്ന തുര്‍ക്കിപടയ്‌ക്കെതിരെ പതിനെണ്ണായിരത്തോളം ക്രിസ്ത്യന്‍ പോരാളികളുമായി ലോറന്‍സ് പടപൊരുതി. ഒരു ക്രൂശിതരൂപം കൈയില്‍ പിടിച്ചുകൊണ്ട് കുതിരപ്പുറത്തിരുന്ന് അദ്ദേഹം ക്രൈസ്തവയോദ്ധാക്കളെ നയിച്ചു. അധികം താമസിയാതെ തന്നെ ക്രൈസ്തവസൈന്യം തുര്‍ക്കികളുടെ മേല്‍ സമ്പൂര്‍ണ്ണവിജയം നേടി. യുദ്ധവിജയത്തിനു ശേഷം അദ്ദേഹം സ്വന്തം ആശ്രമത്തിലേയ്ക്ക് തിരികെപ്പോയി.

കുറച്ചുനാളുകള്‍ക്കു ശേഷം അദ്ദേഹം കപ്പൂച്ചിന്‍ സഭയുടെ പൊതുശ്രേഷ്ഠനായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പല അവസരങ്ങളിലും മാര്‍പാപ്പായുടെ പ്രതിനിധിയായി യൂറോപ്പിലെ പല രാജ്യങ്ങളിലും അദ്ദേഹം നിയോഗിക്കപ്പെട്ടു. 1619 ജൂലൈ 22-ാം തീയതി തന്റെ 60-ാമത്തെ വയസില്‍ ലോറന്‍സ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

വി. അര്‍ബോഗാസ്റ്റ്

അക്വിറ്റെയിനില്‍ ജനിച്ച അര്‍ബോഗാസ്റ്റ്, ജര്‍മ്മനിയിലെ ആള്‍സെയിസിലെത്തി ഒരു വനഭൂമിയില്‍ ദീര്‍ഘകാലം തപസ് ചെയ്തു. ഒരിക്കല്‍ ജര്‍മ്മനിയിലെ ഡഗോബര്‍ട്ട് രാജാവിന്റെ പുത്രന്‍ നായാട്ടിലേര്‍പ്പെട്ടിരിക്കേ, ഒരു കാട്ടുപന്നിയുടെ പിടിയില്‍പ്പെട്ട് മാരകമായി മുറിവേറ്റു. അര്‍ബോഗാസ്റ്റ് തന്റെ പ്രാര്‍ത്ഥനയാല്‍ ആ രാജകുമാരനെ സുഖപ്പെടുത്തിയതായി പറയപ്പെടുന്നു. രാജാവ്, അര്‍ബോഗാസ്റ്റിനെ സ്ട്രാസ്ബര്‍ഗ് രൂപതയുടെ മെത്രാനായി നിയമിച്ചു. അര്‍ബോഗാസ്റ്റ് തന്റെ അജഗണങ്ങള്‍ക്ക് ഉത്തമമായ ക്രൈസ്തവജീവിത പരിശീലനം നല്കി. 678-ല്‍ അദ്ദേഹം മരണമടഞ്ഞു.

വിചിന്തനം: ”ദൈവമേ, അങ്ങ് എന്നോട് പ്രവര്‍ത്തിക്കുന്നതെല്ലാം നന്മ മാത്രമേ ആയിരിക്കയുള്ളൂ.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

  1. വിശുദ്ധരുടെ ചെറിയ വീഡിയോ ക്ലിപ്പുകൾ അപ്‌ലോഡ് ചെയ്യുന്നത് നല്ലതാണ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.