ജൂലൈ 13: വിശുദ്ധ ക്ലേലിയാ ബാര്‍ബിയേരി (1847-1870)

ഇറ്റലിയിലെ ബുദ്രിയോ എന്ന പട്ടണത്തില്‍ 1847 ഫെബ്രുവരി 13-ന് ബാര്‍ബിയേരി കുടുംബത്തിലാണ് ക്ലേലിയാ ജനിച്ചത്. അവള്‍ക്ക് ഏഴു വയസ്സുള്ളപ്പോള്‍ പിതാവ് നിര്യാതനായി. ആദ്യകുര്‍ബാന സ്വീകരണം മുതല്‍ അസാധാരണമായ പല ദൈവാനുഭവങ്ങളും അവള്‍ക്ക് ദൈവം നല്കിക്കൊണ്ടിരുന്നു. ഇടവകയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കുചേര്‍ന്നിരുന്ന ബാലികയായ ക്ലേലിയായെ വികാരിയച്ചന്‍ മതാധ്യാപികയായി നിയോഗിച്ചു. തന്നെ ഏല്പിച്ച ജോലി അവള്‍ ഏറ്റവും ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ചു. ആ കൃത്യനിര്‍വഹണം ഏവരെയും വിസ്മയപ്പെടുത്തുന്നതായിരുന്നു.

ക്ലേലിയായുടെ ജീവിതവിശുദ്ധിയും അസാമാന്യ കഴിവുകളും മനസ്സിലാക്കിയ വികാരിയച്ചന്‍, തന്റെ ഇടവകയിലെ അനേകം അനഭ്യസ്തരായ യുവതികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള ഭാരിച്ച ചുമതല ക്ലേലിയായെ ഏല്പിച്ചു. അവളുടെ ആത്മാര്‍ത്ഥതയിലും വിശുദ്ധിയിലും ആകര്‍ഷിക്കപ്പെട്ട് മറ്റു ചില സ്ത്രീകളും സഹപ്രവര്‍ത്തകരായി മുമ്പോട്ടുവന്നു. ക്രമേണ ഇവര്‍ ‘വ്യാകുലമാതാവിന്റെ കൊച്ചുസഹോദരികള്‍’ എന്ന സന്യാസ സമൂഹത്തിന് രൂപം നല്കി. 1868-ല്‍ ബൊളോത്തായിലെ കര്‍ദിനാള്‍ ഈ സന്യാസ സമൂഹത്തിന് രൂപതാതലത്തില്‍ അംഗീകാരം നല്കി. 1949-ല്‍ ഈ സന്യാസ സമൂഹം ‘സേവന സഹോദരിമാര്‍’ എന്ന സമൂഹവുമായി ഒരുമിച്ചുചേര്‍ന്നു.

ദൈവാനുഭവത്തിലുറച്ച ആധ്യാത്മികജീവിതത്തിന്റെ പ്രാധാന്യവും അതേസമയം ബാഹ്യലോകത്തിലിറങ്ങി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും നന്നായി മനസ്സിലാക്കിയിരുന്ന ക്ലേലിയ, തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ആ രീതിയില്‍ സംഘടിപ്പിച്ചു. തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചിരുന്ന ക്ലേലിയായ്ക്ക് ധാരാളം മിസ്റ്റിക് അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്വന്തം ഇടവകയില്‍ ക്ലേലിയാ ആരംഭിച്ച ആധ്യാത്മിക-സാമൂഹികപ്രവര്‍ത്തനങ്ങള്‍ ക്രമേണ സമീപപ്രദേശങ്ങളിലേക്കും വ്യാപിച്ചു. പൊതുജനങ്ങള്‍ ഈ യുവസന്യാസിനിയെ ‘അമ്മേ’ എന്നും ‘ക്ലേലിയാ മദര്‍’ എന്നുമാണ് സ്‌നേഹബഹുമാനങ്ങളോടെ അഭിസംബോധന ചെയ്തിരുന്നത്.

ദൈവസ്തുതിക്കായി സ്തുത്യര്‍ഹമായ സേവനം ചെയ്ത ക്ലേലിയായുടെ ജീവിതം വളരെ ഹ്രസ്വമായിരുന്നു. 1870 ജൂലൈ 13-ന്, 23-ാമത്തെ വയസ്സില്‍ അവള്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1989 ഏപ്രില്‍ 9-ാം തീയതി ക്ലേലിയായെ വിശുദ്ധയായി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പ്രഖ്യാപിച്ചു.

ആന്‍ഡെനിലേ വി. തെരേസ (1900-1920)

വളരെ സമ്പന്നമായ ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങളിലൊരാളായി 1900-ല്‍ തെരേസ ജനിച്ചു. 15-ാമത്തെ വയസ്സില്‍ സന്യാസവിളി പിന്തുടരാന്‍ അവള്‍ ആശിച്ചു. സാന്റിയാഗോയ്ക്ക് അടുത്തുള്ള ലോസ് ആന്‍ഡെസ് കര്‍മ്മലമഠത്തിലാണ് അവള്‍ പ്രവേശിച്ചത്. ആ മഠം തെരഞ്ഞെടുക്കാന്‍ അവളെ പ്രേരിപ്പിച്ചത് അവിടുത്തെ ദാരിദ്ര്യസ്ഥിതിയായിരുന്നു. വൈദ്യുതിയോ, ജലമോ ഒന്നും ആ ഭവനത്തിലുണ്ടായിരുന്നില്ല.

മഠത്തിലായിരിക്കുമ്പോഴും പ്രാര്‍ത്ഥനയും കത്തുകളും വഴി വലിയ പ്രേഷിതപ്രവര്‍ത്തനമാണ് അവള്‍ നടത്തിയത്. സുഖപ്പെടുത്താന്‍ സാധിക്കാത്ത ഒരു പ്രത്യേക പകര്‍ച്ചവ്യാധിക്ക് അവള്‍ വിധേയായിക്കഴിഞ്ഞെന്ന് 1920-ല്‍ കണ്ടെത്തി. മൂന്നാഴ്ചയ്ക്കിടയില്‍ അവള്‍ ദൈവത്തിന്റെ അടുത്തേക്ക് യാത്രയായി. 1987-ല്‍ ചിലി സന്ദര്‍ശിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അവളെ വാഴ്ത്തപ്പെട്ടവളെന്നു പ്രഖ്യാപിച്ചു. 1993 മാര്‍ച്ച് 21-ന് അവള്‍ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കപ്പെട്ടു.

വിചിന്തനം: ”മനുഷ്യന് നല്ലതും ആശ്വാസ്യവുമെന്നു തോന്നുന്ന എല്ലാ ആഗ്രഹങ്ങളും പരിശുദ്ധാത്മാവില്‍ നിന്നുള്ളവയല്ല.”

ഇതരവിശുദ്ധര്‍: ഹെന്റി (+1024) / ഫ്രാന്‍സീസ് സോളാനോ (1549-1616) / സെറാപിയോണ്‍ (+195) രക്തസാക്ഷി / സിലാസ് (+50) ജറുസലേം / ഡോക്ഫാന്‍ (അഞ്ചാം നൂറ്റാണ്ട്) വെല്‍പ്പിലെ രക്തസാക്ഷി / മൈറോപ്പ് (+251) രക്തസാക്ഷി.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.