ജനുവരി 29: ജലാസിയൂസ് രണ്ടാമന്‍

ഗയേത്തായിലാണ് ജലാസിയൂസ് പാപ്പാ ജനിച്ചത്. 1118 മാര്‍ച്ച് പത്തിന് അദ്ദേഹത്തെ പാപ്പായായി തിരഞ്ഞെടുത്തു. പാപ്പായുടെ തിരഞ്ഞെടുപ്പ് സന്യാസാശ്രമത്തില്‍ വച്ചായിരുന്നു. അല്പകാലത്തെ ഇടവേളയ്ക്കുശേഷം നഗരത്തില്‍ വീണ്ടും അരാജകത്വമായി. തെരുവുകളില്‍ ഭിന്നസൈനികവിഭാഗങ്ങള്‍ പരസ്പരം പോരാടി. പലരും മരിച്ചുവീണു. അക്രമപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വംനല്‍കിയിരുന്നത് ഇടപ്രഭുവായ സെന്‍ചിയോ ഫ്രാന്‍ജി പെയിനായിരുന്നു.

അദ്ദേഹം മാര്‍പാപ്പായെ തടവുകാരനാക്കുകയും വാള്‍മുനകൊണ്ട് പാപ്പായുടെ ശരീരത്തില്‍ വരയുകയും മുറിവുകളോടുകൂടി അദ്ദേഹത്തെ കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്തു. എന്നാല്‍ റോമാ നഗരത്തിലെ പൗരപ്രമാണിയായിരുന്ന പിയര്‍ലേയോണ്‍ പൗരജനങ്ങളെ സംഘടിപ്പിച്ചു. അവര്‍ ആയുധധാരികളായിവന്ന് മാര്‍പാപ്പായെ മോചിപ്പിച്ച് ബഹുമാനാദരവുകളോടെ തിരികെക്കൊണ്ടുവന്നു. എന്നാല്‍ അപ്പോഴും രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധം നടന്നുകൊണ്ടിരുന്നു. ഫ്രാന്‍ജിപെയിന്‍ ഒരിക്കല്‍ക്കൂടി അറുപതു വയസ്സുകാരനായ പാപ്പായെ പിടികൂടി തടവിലാക്കി. പാപ്പാ വീണ്ടും അത്ഭുതകരമായി രക്ഷപെട്ടു.

മാര്‍പാപ്പാസ്ഥാനം നിലനില്‍ക്കുന്നുവെന്ന സൂചന പോലുമില്ലാത്ത പ്രത്യേക അവസ്ഥാവിശേഷം സംജാതമായി. സഭാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യമാകാത്ത റോമാ നഗരത്തില്‍നിന്നും ജലാസിയൂസ് ഫ്രാന്‍സിലേക്ക് പലായനംചെയ്തു. അവിടെ അദ്ദേഹത്തിനു ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. ഇതിനകം അദ്ദേഹം അനുഭവിക്കേണ്ടിവന്ന ഏകാന്തവാസങ്ങള്‍മൂലം ആരോഗ്യം ക്ഷയിച്ചതിനാല്‍ ക്ലൂണ്‍വയിലേക്കുതന്നെ തിരിച്ചുപോയി. പാപ്പാസ്ഥാനം ഏറ്റെടുത്ത് ഒരു വര്‍ഷത്തിനുശേഷം അദ്ദേഹം അവിടെവച്ച് മരണമടഞ്ഞു.

വി. കോണ്‍സ്റ്റാന്‍ഡിയൂസും അനുയായികളും

170-നോടടുത്ത് ഇറ്റലിയിലെ പെറുജിയായിലെ പ്രഥമ മെത്രാനായിരുന്ന കോണ്‍സ്റ്റാന്‍സിയൂസും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ക്രിസ്ത്യാനികളും ക്രൂരമായി വധിക്കപ്പെട്ടു. മാര്‍ക്കസ് ഔറേലിയസിന്റെ കാലത്തായിരുന്നു ഇവരുടെ രക്തസാക്ഷിത്വം.

വിചിന്തനം: ശാസ്ത്രികള്‍ തങ്ങളുടെ ലക്ഷ്യത്തോട് അടുത്തപ്പോള്‍ നക്ഷത്രം അപ്രത്യക്ഷമായി. തന്‍നിമിത്തം അവര്‍ക്ക് ശൂന്യതയും വിഷമവുമുണ്ടായി. അതുപോലെ ആത്മീയതയില്‍ ഇരുണ്ട രാത്രികളുണ്ട്. അത് ലക്ഷ്യത്തെ സമീപിക്കുന്നതിന്റെ അടയാളം കൂടിയാണ് – പരിശുദ്ധ ത്രിത്വത്തിന്റെ വി. എലിസബത്ത്.

ഇതരവിശുദ്ധര്‍: ഡള്ളന്‍ (+580) / ബ്ലാത്ത് (+523)/ ട്രീവ്‌സിലെ വലേറിയൂസ് (+320)/ പാപിയാസും മൗരിനൂസും (+303)/ അക്വീലിനൂസ് (+650) രക്തസാക്ഷി/ സബീനിയന്‍ (+275) രക്തസാക്ഷി.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.