ജനുവരി 27: വി. ആഞ്‌ജെലാ മെരീച്ചി

1474 -ല്‍ ലൊംബാര്‍ഡിയില്‍ ദെസന്‍ സാനോ എന്ന പട്ടണത്തില്‍ ഉര്‍സുലാ സേവികാ സംഘത്തിന്റെ സ്ഥാപകയായ ആഞ്‌ജെലാ മെരീച്ചി ജനിച്ചു. ഈശ്വരഭക്തരായിരുന്ന മാതാപിതാക്കളുടെ ശിക്ഷണം ലഭിച്ചതുകൊണ്ട് കറയറ്റ ജീവിതം നയിക്കാനും മഹത്തായ ലക്ഷ്യങ്ങള്‍ക്കു വേണ്ടി പ്രയത്‌നിക്കാനും ബാല്യത്തില്‍ തന്നെ അവള്‍ ദൃഢനിശ്ചയമെടുത്തു. അവള്‍ക്ക് പത്തു വയസ്സ് പ്രായമായപ്പോള്‍ മാതാപിതാക്കള്‍ മരിച്ചു. പിന്നീട് അവള്‍ മൂത്ത സഹോദരിയോടും കൊച്ചനിയനോടുമൊത്ത് സാലോവിലുള്ള അമ്മാവന്റെ ഭവനത്തിലേക്ക് മാറിത്താമസിച്ചു. പതിമൂന്നു വയസ്സായപ്പോള്‍ സഹോദരിയും മരിച്ചു.

കുടുംബാംഗങ്ങളുടെ അപ്രതീക്ഷിതമായ ദേഹവിയോഗം ആഞ്‌ജെലായെ തീവ്രദുഃഖത്തിലാഴ്ത്തി. എങ്കിലും, ക്രമേണ സമസൃഷ്ടികളുടെ നന്മക്കു വേണ്ടി പ്രവര്‍ത്തിക്കാനുള്ള അഭിനിവേശം അവളില്‍ രൂപപ്പെട്ടതോടെ വിഷാദത്തിന്റെ കരിനിഴല്‍ വീശിയ മനസ്സില്‍ പ്രത്യാശയുടെ പ്രകാശം പ്രസരിച്ചു. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ അവള്‍ അമ്മാവന്റെ മരണത്തെ തുടര്‍ന്ന് ദെസന്‍സാനോവിലേക്കു തന്നെ മടങ്ങി.

അക്കാലത്ത് അവളുടെ ജന്മസ്ഥലത്തെ ദരിദ്രരായ കുട്ടികള്‍ ശരിയായ വിദ്യാഭ്യാസമോ, മതബോധമോ ലഭിക്കാതെ അസന്മാര്‍ഗ്ഗിക ജീവിതമാണ് നയിച്ചിരുന്നത്. ഇതു കണ്ടപ്പോള്‍ ആഞ്‌ജെലാ അസ്വസ്ഥയായി. തിളക്കമാര്‍ന്ന ഭാവിയുടെ വാഗ്ദാനങ്ങളായ ആ കുട്ടികളെ വിദ്യ കൊണ്ട് ഉദ്ബുദ്ധരാക്കി ഉത്തമ ജീവിതപന്ഥാവിലേക്ക് നയിക്കാന്‍ തനിക്ക് എന്തുകൊണ്ടു ശ്രമിച്ചുകൂടാ എന്നായി അവളുടെ ചിന്ത.

തന്നോടൊത്ത് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സന്നദ്ധരായ ഏതാനും സുഹൃത്തുക്കളെ അവള്‍ കണ്ടെത്തി. അവര്‍ ദെസന്‍സാനോവിലെ ദരിദ്രരായ കുട്ടികളെ വിളിച്ചുകൂട്ടി. അവര്‍ക്ക് വ്യവസ്ഥാപിതമായ രീതിയില്‍ വിദ്യാഭ്യാസം നല്‍കിത്തുടങ്ങി. പ്രാരംഭദശയില്‍ സ്വാഭാവികമായിത്തന്നെ ആഞ്‌ജെലാക്കും സഹപ്രവര്‍ത്തകര്‍ക്കും വളരെയധികം ക്ലേശങ്ങള്‍ നേരിട്ടെങ്കിലും ക്രമേണ തങ്ങളുടെ പ്രവര്‍ത്തനരംഗങ്ങളിലെല്ലാം ആശാവഹമായ വിജയം കൈവരിക്കാന്‍ അവർക്കു സാധിച്ചു.

ഏറെ നാള്‍ കഴിയുന്നതിനു മുമ്പ് അവള്‍ തന്റെ പ്രവര്‍ത്തനരംഗമായി ബ്രേഷ്യാ തിരഞ്ഞെടുത്തു. അവിടെ അവള്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ജനങ്ങള്‍ ആഞ്‌ജെലായെ ഒരു വിശുദ്ധയായും പ്രവാചികയായും ആദരിച്ചുപോന്നു. ഒരിക്കല്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചു കൊണ്ടിരിക്കുമ്പോള്‍ ആഞ്‌ജെലാ ആനന്ദമൂര്‍ച്ഛയില്‍ ലയിക്കുകയും ദീര്‍ഘസമയം ഭൂസ്പര്‍ശമില്ലാതെ വര്‍ത്തിക്കുകയും ചെയ്തു. ഈ സംഭവത്തിന് അനേകം ആളുകള്‍ സാക്ഷ്യം വഹിക്കുകയുണ്ടായി.

1533 -ല്‍ ആഞ്‌ജെലാ വിശ്വസ്തരായ ഏതാനും സുഹൃത്തുക്കളെ തിരഞ്ഞെടുത്ത് ഒരു സേവികാ സമിതി രൂപവല്‍ക്കരിച്ച് അവര്‍ക്ക് യുക്തമായ പരിശീലനവും നല്‍കി. അവരില്‍ പന്ത്രണ്ടു പേര്‍ ആഞ്‌ജെലായോടൊത്ത് ആശ്രമതുല്യമായ ഒരു ഭവനത്തില്‍ പാര്‍ത്തു. മറ്റുള്ളവര്‍ അവരവരുടെ വീടുകളില്‍ തന്നെ പാര്‍ത്തുകൊണ്ട് സ്വര്‍ഗ്ഗീയ സാഹചര്യങ്ങള്‍ക്കിണങ്ങിയ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ 28 വനിതകള്‍ സമിതിയില്‍ അംഗങ്ങളായി ചേര്‍ന്നു. അങ്ങനെ 1535 നവംബര്‍ 25 -ാം തീയതി വി. ഉര്‍സുലായുടെ സേവികാ സമിതി ഔപചാരികമായി രൂപവല്‍ക്കരിക്കപ്പെട്ടു.

ഭൗതികജീവിതം എന്ന യാഥാര്‍ത്ഥ്യത്തെ അവഗണിക്കുകയോ, വിട്ടകലുകയോ അല്ല ലോകവ്യവഹാര വ്യഗ്രതകളുടെ മധ്യത്തില്‍ നിന്നുകൊണ്ട് സകലര്‍ക്കും സേവനം നല്‍കുക എന്നതാണ് സമിതി സ്വീകരിച്ച ലക്ഷ്യം. ദരിദ്രകുടുംങ്ങളിലെ കുട്ടികള്‍ക്കു വേണ്ടിയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പരമപ്രാധാന്യം നല്‍കിക്കൊണ്ടുള്ളതായിരുന്നു അവരുടെ കര്‍മ്മപദ്ധതികളെല്ലാം. 1540 -ല്‍ വി. ആഞ്‌ജെലാ മെരീച്ചി നിര്യാതയായി.

വിചിന്തനം: നമ്മുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനേക്കാള്‍ വലിയവനാണ് (1 യോഹ. 4:4).

ഇതര വിശുദ്ധര്‍: സെര്‍ബിയായിലെ സാബസ് (11741236)/ തെയോഡ്രിക്/ ഡാഷിയൂസ്/ എമോരിയൂസ് (എട്ടാം നൂറ്റാണ്ട്)/ ലിമാന്‍സിലെ ജൂലിയന്‍ (മൂന്നാം നൂറ്റാണ്ട്) ലിമാന്‍സിലെ പ്രഥമ മെത്രാന്‍/ ലൂസ് (610) മെത്രാന്‍/ മൗതൂസ് (+555)/ അവിറ്റൂസ്/ മാരിയൂസ് (ആറാം നൂറ്റാണ്ട്)/ ഗാമോ (എട്ടാം നൂറ്റാണ്

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.