
1175-ല്‍ സ്പെയിനിലാണ് വി. റെയ്മണ്ട് ജനിച്ചത്. പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്ന റെയ്മണ്ട് തന്റെ ഇരുപതാമത്തെ വയസില്‍ ബാര്‍സലോണാ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടുകയും അതേ സര്‍വ്വകലാശാലയില്‍ തന്നെ തത്വശാസ്ത്രം പഠിപ്പിക്കുന്നതിനായി നിയുക്തനാവുകയും ചെയ്തു. ശ്രമകരമായ ഈ ജോലി യാതൊരു പ്രതിഫലവും പറ്റാതെയാണ് അദ്ദേഹം നിര്‍വ്വഹിച്ചത്.
1222-ല്‍ വിശുദ്ധന് ഡൊമിനിക്കന്‍ ആശ്രമത്തില്‍ ചേര്‍ന്ന് സഭാവസ്ത്രം സ്വീകരിച്ചു. ആത്മപരിത്യാഗ കൃത്യങ്ങള്‍ വഴി വിശുദ്ധിയില്‍ ഉന്നതപദം നേടുകയെന്നതായിരുന്നു റെയ്മണ്ടിന്റെ ലക്ഷ്യം. വിശുദ്ധന് പ്രാര്‍ത്ഥനാപരമായ ജീവിതത്തെ തന്റെ മഹത്തായ പ്രേഷിതവൃത്തിയോട് സംയോജിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ശ്രോതാക്കളില്‍ അത്ഭുതകരമായ ഫലങ്ങള്‍ ഉളവാക്കിയിരുന്നു. അനേകം പതിതരെയും യഹൂദരെയും മൂര്‍ വര്‍ഗക്കാരെയും മാനസാന്തരപ്പെടുത്തുവാന്‍ അദ്ദേഹത്തിനു സാധിച്ചു.
തന്റെ ആദ്ധ്യാത്മിക സുഹൃത്തുക്കളായിരുന്ന ആരഗോണിലെ രാജാവായ ജെയിംസ്, പീറ്റര്‍ തൊളാസ്ക്കോ എന്നിവരോടു ചേര്‍ന്ന് റെയ്മണ്ട് അടിമകളെ സ്വതന്ത്രരാക്കുന്നതിനായി കാരുണ്യമാതാവിന്റെ നാമത്തില്‍ ഒരു സംഘം രൂപീകരിച്ചു. ഈ സംഘം വഴി ഉണ്ടായ സത്ഫലങ്ങള്‍ വിവരിക്കാവുന്നതിലും അധികമാണ്. വിശുദ്ധന്റെ ജീവിതം അനുസ്യൂതമായ ഒരു പ്രാര്‍ത്ഥനയായിരുന്നു. അര്‍ദ്ധരാത്രിക്കു ശേഷം ചൊല്ലാറുള്ള കാനോനാജപങ്ങള്ക്ക് സമയമാകുന്നതിന് അല്പം മുമ്പ് ഒരു ദൈവദൂതന് അദ്ദേഹത്തെ പതിവായി ഉണര്‍ത്തിയിരുന്നതായി പറയപ്പെടുന്നു.
1230-ല്‍ ഒമ്പതാം ഗ്രിഗോറിയോസ് മാര്‍പാപ്പായുടെ കുമ്പസാരക്കാരനും ഗ്രാന്റ് പെനിറ്റെന്ഷറിയായും വിശുദ്ധന് നിയമിക്കപ്പെട്ടു. 1235-ല്‍ റെയ്മണ്ട് തരഗോണയിലെ ആര്‍ച്ചുബിഷപ്പായി നിയമിതനായി. ആ വലിയ പദവിയില്‍ തുടരാന്‍ ഇഷ്ടപ്പെടായ്കയാല്‍ രണ്ടുകൊല്ലത്തിനു ശേഷം അദ്ദേഹം സ്ഥാനമൊഴിഞ്ഞു. പക്ഷേ, ആ സമാധാനം അധികം നീണ്ടുനിന്നില്ല. 1238-ല്‍ ഡൊമിനിക്കന്‍ സഭയുടെ മാസ്റ്റര്‍ ജനറലായി റെയ്മണ്ട് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുവര്‍ഷത്തിനു ശേഷം ആ സ്ഥാനവും അദ്ദേഹം രാജിവച്ചു. പിന്നീടുള്ള വിശുദ്ധന്റെ ജീവിതത്തിലേറെയും സുവിശേഷ പ്രസംഗങ്ങള്‍ക്കായി മാറ്റിവയ്ക്കപ്പെട്ടതായിരുന്നു.
പതിനെട്ടു വര്‍ഷം കൊണ്ട് പതിനായിരം പേരെ വിശുദ്ധന് ജ്ഞാനസ്നാനെപ്പടുത്തി എന്നു പറയപ്പെടുന്നു. ദൈവത്തിന് പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ട വിശുദ്ധന്റെ ആത്മാവ് അദ്ദേഹത്തിന്റെ നൂറാമത്തെ വയസില്‍ സ്വര്‍ഗത്തിലേയ്ക്കു യാത്രയായി.
വിചിന്തനം: ഇന്നു നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തിയായിരിക്കും, ഇന്നു ചിലയാളുകള്‍ക്കു കേള്‍ക്കാന്‍ കഴിയുന്ന ഒരേയൊരു പ്രസംഗം.
ഇതരവിശുദ്ധര്‍: അസസ്താസിയൂസ് (+977) / ക്രിസ്പിന് / ഫെലിക്സ് ജനുവാരിയൂസ് / ഈജിപ്തിലെ തിയഡോര്‍ (നാലാം നൂറ്റാണ്ട്) / തിലോ (+702) / അന്ത്യോക്യയിലെ ലൂസ്യന്‍ (240-312) / എമിലിയന്‍ (+767) / വാലന്ൈറന് (+470)/ ബ്രാന്നൊക്ക് (ആറാം നൂറ്റാണ്ട്) / ക്ലേതൂസ് (+300) വി. എഡ്വേര്‍ഡ് വാട്ടേഴ്സണ്‍(1588)/ വാഴ്ത്തപ്പെട്ട മാത്യു ഗിര്‍ജന്തി
ഫാ. ജെ. കൊച്ചുവീട്ടില്‍