ജനുവരി 04: വാഴ്ത്ത. ആഞ്‌ജെലോ ഫോളിഞ്ഞോ

1248 -നോടടുത്ത് ഇറ്റലിയിലെ ഫോളിഞ്ഞോവില്‍ ഒരു കുലീന കുടുംബത്തില്‍ പിറന്ന ആഞ്‌ജെലോ, ജീവിതക്ലേശങ്ങള്‍ ഒന്നുമറിയാതെ സുഖലോലുപയായി വളര്‍ന്നുവന്നു. യഥാകാലം അവള്‍ വിവാഹിതയും മാതാവുമായി. അപ്പോഴും ജീവിതസുഖങ്ങള്‍ ആസ്വദിക്കുകമാത്രമായിരുന്നു അവളുടെ ലക്ഷ്യം. ലക്ഷ്യപ്രാപ്തിക്കുവേണ്ടി താന്‍ പലപ്പോഴും അവലംബിച്ചുപോന്ന പാപമാര്‍ഗങ്ങളെക്കുറിച്ചുള്ള ചിന്ത അവളുടെ മനസില്‍ ഒട്ടുംതന്നെ പശ്ചാത്താപം  ഉളവാക്കിയുമില്ല.

അങ്ങനെയിരിക്കെ 1285 -ല്‍ തികച്ചും ആകസ്മികമായി അവളില്‍ ഒരു ദിവ്യസ്വരം മുഴങ്ങി. അത് സജീവവും ഊര്‍ജെസ്വലവുമായ ദൈവത്തിന്റെ വചനം തന്നെയായിരുന്നു. അപ്പോഴാണ് അവള്‍ തന്റെ ശോചനീയമായ അവസ്ഥ വ്യക്തമായി മനസ്സിലാക്കിയത്. പാപത്തിന്റെ ബന്ധനങ്ങളില്‍നിന്നും മുക്തിലഭിക്കാന്‍വേണ്ടി അവള്‍ മനമുരുകി പ്രാർഥിച്ചു. ജീവിതത്തില്‍ അടിയന്തിരമായ തിരുത്തലുകള്‍ക്കു തയ്യാറായി.

വി. ഫ്രാന്‍സിസ് അസ്സീസി നിര്‍ദേശിച്ച സ്‌നേഹത്തിന്റെ പാത ഏറ്റവും അഭികാമ്യമായി തോന്നുകയാല്‍ മൂന്നാംസഭയില്‍ അംഗമായിച്ചേര്‍ന്നു. അതോടുകൂടി അവള്‍ ഒരു പുതിയ വ്യക്തിയായി മാറി. അധികകാലം കഴിയുന്നതിനുമുമ്പ് മാതാവും ഭര്‍ത്താവും മരിച്ചു. പ്രിയസന്താനങ്ങളും ഓരോരുത്തരായി ലോകത്തോട് വിടവാങ്ങി. കുടുംബത്തില്‍ ആഞ്‌ജെലോ മാത്രം അവശേഷിച്ചു. ജീവിതവീഥിയില്‍ ഏകയായിത്തീര്‍ന്ന തനിക്ക് ദൈവമല്ലാതെ മറ്റാരും ആശ്രയമില്ലെന്ന് അവള്‍ക്ക് ബോധ്യമായതിനാല്‍ ശിശുസഹജമായ സ്‌നേഹവിശ്വാസങ്ങളോടുകൂടി അവള്‍ ദൈവത്തിന്റെ ശക്തമായ കരങ്ങളില്‍ സ്വയം സമര്‍പ്പിച്ചു.

ഈ ഘട്ടത്തില്‍’നീ പരിപൂര്‍ണ്ണത പ്രാപിക്കാന്‍ അഭിലഷിക്കുന്നെങ്കില്‍ നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക; എന്നിട്ട് എന്നെ പിന്തുടരുക’ എന്ന വചനം തന്റെ ചെവികളില്‍ മുഴങ്ങുന്നതായി അവള്‍ക്കുതോന്നി. ഉടനെ അവള്‍ തന്റെ സ്വത്ത് ഒന്നൊന്നായിവിറ്റു. ഒടുവില്‍ താന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന വലിയ മാളികയും വിറ്റു. അങ്ങനെ സര്‍വതും ഉപേക്ഷിച്ച ആഞ്‌ജെലോ അസ്സീസിയിലെ ഫ്രാന്‍സിസിന്റെ യഥാര്‍ഥ ശിഷ്യയായി. അനുദിനജീവിതത്തില്‍ ഫ്രാന്‍സിസ്കന്‍ ധര്‍മ്മശാസനകള്‍ വിശ്വസ്തതാപൂര്‍വം അനുവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീപുരുഷന്മാരെ ആഞ്‌ജെലോ ഒരുമിച്ചുകൂട്ടി ഹൃദയസ്പര്‍ശകമായ ഉപദേശങ്ങളാലും ഉദാത്തമായ ജീവിതമാതൃകയാലും പ്രബുദ്ധരാക്കി. ആതുരാലയങ്ങളും അനാഥശാലകളും സന്ദര്‍ശിച്ച് അഗതികളെ ശുശ്രൂഷിക്കുക പതിവാക്കി. കുഷ്ഠം മുതലായ മഹാരോഗങ്ങള്‍ ബാധിച്ച മനുഷ്യരെ ശുശ്രൂഷിക്കുന്നതിലാണ് അവര്‍ സവിശേഷമായ താല്പര്യം പ്രദര്‍ശിപ്പിച്ചിരുന്നത്.

1308 -നോടടുത്ത് തന്റെ അന്ത്യം സമീപിച്ചിരിക്കുന്നുവെന്ന് ആഞ്‌ജെലോ മനസ്സിലാക്കി. ആയിടക്ക് കൂടെക്കൂടെ അവള്‍ക്ക് ദിവ്യദര്‍ശനങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. ശാരീരികാസ്വസ്ഥതകള്‍ അനുദിനം വര്‍ധിച്ചു. 1309 ജനുവരി നാലാം തീയതി അവള്‍ തന്നെ ശുശ്രൂഷിച്ചുകൊണ്ടിരുന്നവരെയെല്ലാം അനുഗ്രഹിച്ചതിനുശേഷം സമാധാനപൂര്‍വം മരണമടഞ്ഞു.

വിചിന്തനം: നാം ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിന്റെ മേന്മ എടുക്കേണ്ട. കാരണം, അത് നമ്മുടെ ദൗത്യം മാത്രമാണ് – വി. ആഗസ്തീനോസ്.

ഇതരവിശുദ്ധര്‍: വി.ഹെര്‍മ്മസ് (+300)/വി. റോബര്‍ട്ട് (+743)/ വി. അബ്രാഹം /വാ. മാനുവല്‍ ഗാര്‍ഡിയാ (1877-1940)/ വി. മാവിലൂസ് (+212)/ വി. ഡഫ്രോസാ/ആന്‍സര്റ്റണിലെ എലിസത്ത്.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.