
ഇന്ന് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന സലേഷ്യന്‍ സഭയുടെ സ്ഥാപകനായ വി. ഡോണ്‍ ബോസ്കോ 1815-ല്‍ ഇറ്റലിയില്‍ ട്യൂറിനിലെ ഒരു ദരിദ്രകുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന് രണ്ടു വയസുള്ളപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് മരണമടഞ്ഞു. ബോസ്കോ, ദൈവഭക്തിയിലും സുകൃതങ്ങളിലും വളര്‍ന്നുവന്നു. ഇതില്‍ അദ്ദേഹത്തിന്റെ അമ്മ മാര്‍ഗരറ്റിനുള്ള പങ്ക് വളരെ വലുതാണ്.
ചെറുപ്പത്തിലുണ്ടായ ചില ദര്‍ശനങ്ങളില്‍ നിന്ന് താനൊരു വൈദികനാകാന്‍ ദൈവത്താല്‍ വിളിക്കപ്പെട്ടിരുന്നുവെന്ന് മനസിലാക്കിയ ബോസ്കോ വൈദികപഠനം ആരംഭിച്ചു. സാമ്പത്തികമായ ബുദ്ധിമുട്ടും ജ്യേഷ്ഠസഹോദരനായ ആന്റണിയുടെ ദുശ്ശാഠ്യവും ഒരുപോലെ ജോണിന്റെ പഠനത്തെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍, ഇതിലൊന്നും നിരാശനാകാതെ ബോസ്കോ പഠനചിലവിനായി ദാസ്യവേലയില്‍ ഏര്‍പ്പെടുന്നതിനുപോലും സന്നദ്ധനായി. 1841-ല്‍ അദ്ദേഹം വൈദികപട്ടം സ്വീകരിച്ചു.
വൈദികനായ ബോസ്കോയുടെ ശ്രദ്ധ തെരുവീഥികളിലും ചന്തസ്ഥലങ്ങളിലും അലഞ്ഞുനടക്കുന്ന യുവജനങ്ങളുടെ നേരെ തിരിഞ്ഞു. അശ്ലീലവിനോദങ്ങളും അസഭ്യഭാഷണങ്ങളും കള്ളവും കലഹവുമെല്ലാം അവരുടെ നിത്യതൊഴിലുകളായിരുന്നു. ഇനിയുള്ള തന്റെ ജീവിതം അവരുടെ ഉന്നമനത്തിനായി ഉപയോഗിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് ‘സലേഷ്യന്‍ ഓറട്ടറി’ രൂപം കൊണ്ടത്. വെറും ആറു പേര്‍ക്കായി തുടങ്ങിയ ഈ ഓറട്ടറിയാണ് പില്ക്കാലത്ത് ഒരു മഹാപ്രസ്ഥാനമായി മാറിയത്.
ഓറട്ടറിയോടൊം ആദ്ധ്യാത്മിക ഉന്നതിക്കായി ‘വി.അലോഷ്യസിന്റെ സംഖ്യം’ എന്ന പേരില്‍ ഒരു ഭക്തസമാജവും ആരംഭിച്ചു. ഓറട്ടറിയുടെ അംഗസംഖ്യ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു. ഓറട്ടറിയുടെ ശാഖകള്‍ പട്ടണത്തിന്റെ പല കേന്ദ്രങ്ങളിലും സ്ഥാപിതമായി. ഇതു കൂടാതെ, പുതിയ പല സംരംഭങ്ങളിലും അദ്ദേഹം ഏര്‍പ്പെട്ടു. പ്രാര്‍ത്ഥിക്കുവാന്‍ ദൈവാലയം, ഭവനരഹിതര്‍ക്ക് ബോര്‍ഡിംഗ്, ഓരോരുത്തരുടെയും അഭിരുചിക്ക് അനുയോജ്യമായ തൊഴില്‍ശാലകള്‍ ഇവയെല്ലാം ഈ കാലഘട്ടത്തില്‍ വിശുദ്ധനാല്‍ സ്ഥാപിതമായതാണ്. അദ്ദേഹം തുടങ്ങിയ മറ്റൊരു പ്രേഷിതപ്രവര്‍ത്തനമാണ് ധ്യാനപ്രസ്ഥാനം. എല്ലാ വിഭാഗങ്ങളിലുമുള്ള യുവജനങ്ങളെ ഉദ്ദേശിച്ചാണ് പ്രസ്ഥാനം തുടങ്ങിയത്. പ്രതീക്ഷയില്‍ കവിഞ്ഞ ഫലം അതില്‍ നിന്നുളവാകുകയും ചെയ്തു.
അദ്ദേഹത്തിന്റെ സാഹിത്യസേവനവും നിസ്തുലമായിരുന്നു. ‘കത്തോലിക്കാ ലൈബ്രറി’ എന്ന പേരില്‍ അദ്ദേഹം ഒരു പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇതു കൂടാതെ, കത്തോലിക്കാ മത തത്വങ്ങളെ വിശുദ്ധീകരിക്കുന്നതിനും അന്ന് നിലവിലുണ്ടായിരുന്ന പാഷണ്ഡതകളെ തടയുന്നതിനുമായി ‘കത്തോലിക്കാ ഗ്രന്ഥാവലി’ എന്ന പേരില്‍ ഒരു ദ്വൈവാരികയും അദ്ദേഹം പ്രസിദ്ധീകരിച്ചു. ആത്മാക്കളുടെ രക്ഷയ്ക്കും ജനജീവിതത്തിന്റെ ഉന്നമനത്തിനുമായി വിശുദ്ധന് എത്രമാത്രം തീക്ഷ്ണതയോടെ പ്രവര്‍ത്തിച്ചോ അത്രയധികം ശത്രുക്കളും അദ്ദേഹത്തിനുണ്ടായി. അദ്ദേഹത്തെ വധിക്കുന്നതിന് അവര്‍ പലതവണ ശ്രമിച്ചു. എന്നാല്‍, അവയില്‍ നിന്നെല്ലാം ദൈവം വിശുദ്ധനെ അത്ഭുതകരമായി രക്ഷിച്ചു.
ഇന്ന് ലോകമാസകലം പ്രശസ്തമാംവിധം സേവനം ചെയ്യുന്ന സലേഷ്യന്‍ സഭ അദ്ദേഹം 1849-ലാണ് സ്ഥാപിച്ചത്. പെണ്‍കുട്ടികള്‍ക്കായി ‘ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പുത്രികള്‍’ എന്ന നാമത്തില്‍ ഒരു സഭയും അദ്ദേഹം സ്ഥാപിച്ചു. 1888 ജനുവരി 31-ന് വിശുദ്ധന് മരണമടഞ്ഞു.
വി. അദമ്നാന്‍
ഏഴാം ശതകത്തില്‍ അയര്‍ലണ്ടില്‍ ജനിച്ച അദമ്നാന്‍ കോള്ഡിങ്ങാമിലെ ഒരു ആശ്രമത്തില്‍ താപസജീവിതം നയിച്ചുപോന്നു. ലോകശ്രദ്ധ ആകര്‍ഷിക്കുവാന്‍ പോന്ന വിശിഷ്ട കര്‍മ്മങ്ങളൊന്നും അദമ്നാന്‍ ചെയ്തതായി കാണുന്നില്ല. ദൈവത്തെ സ്നേഹിച്ചുകൊണ്ട് പ്രായേണ അജ്ഞാതനായി ജീവിച്ച് ലോകത്തോടു വിട വാങ്ങുകയാണ് ചെയ്തത്. 680-ല്‍ അദ്ദേഹം മരണമടഞ്ഞു.
വി. ഉള്‍ഫിയാ
അമിയന്‍സില്‍ ജീവിച്ചിരുന്ന വി. ഡൊമീഷ്യസിന്റെ ഉപദേശങ്ങള്‍ അനുവര്‍ത്തിച്ചുകൊണ്ട് ഏകാകിനിയായി സന്യാസജീവിതം നയിച്ച ഒരു കന്യകയാണ് ഉള്ഫിയ. ഡൊമീഷ്യസിന്റെ മരണശേഷം ഔറിയാ എന്ന പേരോടു കൂടിയ ഒരു വനിത ഉള്ഫിയായുടെ ശിഷ്യയായി. ക്രമേണ, ഏതാനും സ്ത്രീകള്‍ കൂടി ആ സംഘത്തില്‍ ചേര്‍ന്നതുകൊണ്ട് അവിടെ ചെറിയ ഒരു സന്യാസിനീ സമൂഹം രൂപംകൊണ്ടു. എന്നാല്‍, ഉള്‍ഫിയാ സമൂഹജീവിതം നയിക്കാന്‍ കാംക്ഷിക്കാതെ ഏകാന്തവാസത്തിനു വേണ്ടി വിജനഭൂമിയിലേയ്ക്ക് പിന്‍വാങ്ങുകയാണ് ചെയ്തത്. 750-ല്‍ ഉള്‍ഫിയാ മരണമടഞ്ഞു.
1279-ല്‍ ഉള്ഫിയായുടെ ഭൗതികാവശിഷ്ടങ്ങള്‍ അമിയന്‍സിലെ ഭദ്രാസന ദേവാലയത്തില്‍ ബഹുമാനപൂര്‍വ്വം പ്രതിഷ്ഠിക്കെപ്പട്ടു.
വിചിന്തനം: ഞാന്‍ നിങ്ങളെ അഗാധമായി സ്നേഹിക്കുന്നു. എന്റെ കൈയില്‍ ഒരു കഷണം റൊട്ടിയേ ഉള്ളൂവെങ്കിലും അത് നിങ്ങള്‍ക്കായി ഞാന്‍ നല്‍കും. എനിക്കായി ഞാന്‍ ഒന്നും മാറ്റി വയ്ക്കില്ല വി. ഡോണ്‍ബോസ്കോ.
ഇതര വിശുദ്ധര്‍: ജമിനിയന്‍ / മാര്സെല്ലാ (325410) രക്തസാക്ഷിണി / അയിദാന്‍ (+625) മെത്രാന് / ബോബിനൂസ് (+766) ട്രോയിസിലെ മെത്രാന് / ടാര്സ്കിയൂസ് രക്തസാക്ഷി / നൊവേരയിലെ വി. ജൂലിയന്‍ (+390) / മാര്സില്ലാ (325410) / ഫ്രാന്‍സീസ് സേവ്യര്‍ (17431815) ഇറ്റലി / സിറൂസ് (303) / അത്തനേഷ്യസ് (+885) മെത്രാന് / ഉള്ഫിയ (+750).
ഫാ. ജെ. കൊച്ചുവീട്ടില്‍