ജനുവരി 30: വി. ഹയസീന്താ മരീസ്‌കോട്ടി

പ്രഭുക്കളായ മാതാപിതാക്കളില്‍ നിന്ന് 1585-ല്‍ ഇറ്റലിയിലെ വിറ്റെര്‍ബോ എന്ന നഗരത്തില്‍ വി. ഹയസീന്താ മരിസ്‌കോട്ടി ജനിച്ചു. അവിടെത്തന്നെയുള്ള ഒരു ഫ്രാന്‍സിസ്‌കന്‍ ആശ്രമത്തില്‍ വിദ്യാഭ്യാസം നടത്തിയ അവള്‍ ബാല്യത്തില്‍ അതീവഭക്തയായിരുന്നു. എന്നാല്‍, കൗമാരത്തില്‍ എത്തിയപ്പോഴേയ്ക്കും ലൗകീകസുഖങ്ങളില്‍ ആകൃഷ്ടയാവുകയും ആഡംരപൂര്‍വ്വമായ ജീവിതം നയിക്കുകയും ചെയ്തു. വിവാഹജീവിതത്തിലേയ്ക്കു പ്രവേശിക്കുവാന്‍ ആഗ്രഹിച്ച അവള്‍ മാര്‍ക്വിസ് എന്ന പ്രഭുവിനെ അതിയായി സ്‌നേഹിച്ചിരുന്നു. എന്നാല്‍, ആ പ്രഭുവിനാല്‍ പരിത്യക്തയായ ഹയസീന്ത അതീവദുഃഖിതയായി. തുടര്‍ന്ന് വേണ്ട ഒരുക്കങ്ങളൊന്നും കൂടാതെ മാതാപിതാക്കളുടെ ഹിതാനുസരണം ഹയസീന്ത തന്റെ ഇരുപതാമത്തെ വയസില്‍ വി. ബര്‍ണര്‍ഡീന്റെ മഠത്തില്‍ ചേര്‍ന്നു. ഉടന്‍തന്നെ അവള്‍ അവിടെ തനിക്കായി ഒരു മുറി പണിയുകയും അത്യാഢംബരങ്ങളായ വസ്തുക്കള്‍ കൊണ്ട് ആ മുറി നിറയ്ക്കുകയും ചെയ്തു. ഇങ്ങനെ പത്തുകൊല്ലം അവിടെ പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ ജീവിച്ചു.

ഈ സന്ദര്‍ഭത്തില്‍ അവള്‍ക്ക് കഠിനമായ ഒരു രോഗം ബാധിച്ചു. മരണത്തോളമെത്തിയ ഹയസീന്ത ഒരു കുമ്പസാരക്കാരനെ ആവശ്യപ്പെട്ടു. കുമ്പസാരിപ്പിക്കാനെത്തിയ വൈദികന്‍, ആ മുറിയില്‍ പ്രവേശിച്ചയുടന്‍, “ഇവള്‍ നരകത്തിന് അര്‍ഹയെന്നും മോക്ഷത്തിന് യോഗ്യതയില്ലാത്തവളും” എന്ന് വിധിച്ചുകൊണ്ട് ഇറങ്ങിപ്പോയി. ഈ സംഭവം അവളില്‍ വലിയ മാനസാന്തരമുണ്ടാക്കി. ഉടന്‍തന്നെ അഗതികള്‍ക്കു ചേര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് ഭക്ഷണശാലയില്‍ പ്രവേശിച്ച് മുട്ടുകുത്തി അവള്‍ തന്റെ കഴിഞ്ഞകാല ജീവിതത്തെപ്രതി കണ്ണീരോടെ മാപ്പപേക്ഷിച്ചു.

ക്രിസ്തുവില്‍ പുതിയൊരു വ്യക്തിയായിത്തീര്‍ന്ന വിശുദ്ധ പിന്നീടുള്ള വര്‍ഷങ്ങളില്‍ കഠിനമായ തപശ്ചര്യകള്‍ അനുഷ്ഠിക്കുകയും ദരിദ്രരെയും രോഗികളെയും ശുശ്രൂഷിക്കുന്നതില്‍ ബദ്ധശ്രദ്ധയാവുകയും ചെയ്തു. ദരിദ്രരുടെയും മറ്റും സംരക്ഷണത്തിനായി വിശുദ്ധ രണ്ടു ഭക്തസഖ്യങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അഗതികളുടെയും അവശണരുടെയും ആശ്രയമായിത്തീര്‍ന്ന ഹയസീന്ത 1640 ജനുവരി 30-ാം തീയതി നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1807-ല്‍ പയസ് 7-ാമന്‍ ഹയസീന്തയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

വി. ആല്‍ദെഗുണ്ടിസ്

639-ല്‍ ഹെയ്‌നോള്‍ട്ടില്‍ ആല്‌ദെഗുണ്ടിസ് ജനിച്ചു. മോണ്‍സിലെ ഒരു സന്യാസാശ്രമത്തിന്റെ സ്ഥാപകയായ സഹോദരി വി. വാല്‍ദെത്തൂര്‍ദിസിനോടൊത്ത് കുറെക്കാലം പാര്‍ത്തു. തുടര്‍ന്ന് വി. അമാന്‍ദിന്റെ ശിഷ്യത്വം വരിക്കുകയും മൗബേഞ്ഞില്‍ താപസജീവിതം നയിക്കുകയും ചെയ്തു. അവിടെ അവള്‍ വസിച്ചിരുന്ന കുടീരം പിന്നീട് വലിയ ഒരു സന്യാസാശ്രമമായിത്തീര്‍ന്നു. 685 ജനുവരി 30-ാം തീയതി വിശുദ്ധ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

വിചിന്തനം: രണ്ട് യജമാനന്മാരെ ഒരേ സമയം സേവിക്കുക സാധ്യമല്ല. പ്രിയപ്പെട്ടവയെ ഉപേക്ഷിക്കാതെ ദൈവത്തെ സേവിക്കുക സാധ്യമല്ല  (ക്ലയര്‍വോയിലെ വി. ബര്‍ണാര്‍ഡ്).

ഇതര വിശുദ്ധര്‍: ഹിപ്പോളിത്തൂസ്  രക്തസാക്ഷി/ അര്‍മെന്താരിയൂസ് (+451) മെത്രാന്‍/ റ്റൂഡി (അഞ്ചാം നൂറ്റാണ്ട്)/ ഫെലിഷ്യന്‍  ആഫ്രിക്കന്‍ രക്തസാക്ഷി/ മര്‍ട്ടീനാ (+228)/ അലക്‌സാണ്ടര്‍ (മൂന്നാം നൂറ്റാണ്ട്)/ മിലാനിലെ വി. സാവീന (+311) രക്തസാക്ഷി/ ജറുസലേമിലെ മത്തിയാസ് (+120) ജറുസലേമിലെ മെത്രാന്‍.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.