ജനുവരി 28: വി. തോമസ് അക്വീനാസ്

കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മദ്ധ്യസ്ഥനായ വി. തോമസ് അക്വീനാസ് 1225-ല്‍ ഇറ്റലിയിലെ അക്വീനാ എന്ന സ്ഥലത്താണ് ജനിച്ചത്. പ്രഭുകുലജാതരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. തോമസിന് അഞ്ചു വയസുള്ളപ്പോള്‍ ബനഡിക്റ്റന്‍ സന്യാസികളുടെ കീഴില്‍ മോന്തേകസിനോയില്‍ വിദ്യാഭ്യാസം ആരംഭിച്ചു. വിനോദസമയത്തുപോലും തോമസ് കളി നിര്‍ത്തി അധ്യാപകരോട് ‘ദൈവം ആരാകുന്നു’ എന്ന് ചോദിച്ചിരുന്നു.

പതിനൊന്നാമത്തെ വയസില്‍ പഠനത്തിനായി തോമസിനെ നേപ്പിള്‍ സര്‍വകലാശാലയിലേയ്ക്ക് അയച്ചു. അവിടെ പ്രാര്‍ത്ഥനയിലും പഠനത്തിലും അദ്ദേഹം പ്രദര്‍ശിപ്പിച്ച താല്‍പര്യം ഏവരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. ഈ കാലഘട്ടത്തില്‍ ദരിദ്രരെ സഹായിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. അവിടെ തോമസിന് ആത്മമിത്രമായി ഒരു ഡൊമിനിക്കന്‍ സന്യാസിയുണ്ടായിരുന്നു. അദ്ദേഹവുമായുള്ള സംഭാഷണങ്ങളില്‍ നിന്ന് ഡൊമിനിക്കന്‍ സഭയെപ്പറ്റി കൂടുതല്‍ അറിയുവാന്‍ തോമസിന് ഇടയായി. തനിക്ക് പുണ്യസമ്പാദനത്തിന് ഏറ്റവും പറ്റിയ മാര്‍ഗ്ഗം ആ സഭയില്‍ ചേരുന്നതാണെന്നു ഗ്രഹിച്ച തോമസ്, മാതാപിതാക്കളുടെ എതിര്‍പ്പിനെയും ഭീഷണിയെയും തരണം ചെയ്ത് 1243-ല്‍ തന്റെ പതിനേഴാമത്തെ വയസില്‍ ഡൊമിനിക്കന്‍ സഭാവസ്ത്രം സ്വീകരിച്ചു.

അതിനുശേഷം തോമസിന്റെ അപേക്ഷപ്രകാരം അദ്ദേഹത്തെ റോമായിലേയ്ക്കും അവിടെ നിന്ന് പാരീസിലേയ്ക്കും അയച്ചു. പാരീസിലേയ്ക്കുള്ള വഴിയില്‍ അദ്ദേഹം സഹോദരന്മാരുടെ കൈയില്‍ അകപ്പെട്ടു. അമ്മയുടെ പ്രേരണപ്രകാരം തോമസിനെ രണ്ടുകൊല്ലം ഒരു മുറിയില്‍ പൂട്ടിയിട്ടു. ഉപദേശവും കണ്ണീരും ഭീഷണിയും കൊണ്ടൊന്നും അദ്ദേഹത്തിന്റെ മനസ്സ് മാറുന്നില്ലെന്നു കണ്ടപ്പോള്‍ അവള്‍ ഒരു സുന്ദരിയായ സ്ത്രീയെ തോമസിന്റെ മുറിയിലേയ്ക്ക് പറഞ്ഞുവിട്ടു. എന്നാല്‍, അവളുടെ ദുരുദ്ദേശം മനസിലാക്കിയ തോമസ് ഒരു തീക്കൊള്ളി കൊണ്ട് അവളെ അവിടെ നിന്ന് ഓടിച്ചു. ഈ പ്രലോഭനത്തില്‍ നിന്നു തന്നെ സംരക്ഷിച്ച ദൈവത്തിന് അദ്ദേഹം നന്ദി പറഞ്ഞു. അന്നു രാത്രി രണ്ടു മാലാഖമാര്‍ വന്ന് അദ്ദേഹത്തിന്റെ അരയില്‍ ഒരു പട്ട കെട്ടികൊണ്ട് പറഞ്ഞു: “നിത്യകന്യാത്വമാകുന്ന അരപ്പട്ട കൊണ്ട് നിന്നെ ഞങ്ങള്‍ ബന്ധിക്കുന്നു.”

അവസാനം അമ്മയുടെ സഹായത്താല്‍ ബന്ധനത്തില്‍ നിന്നു രക്ഷപെട്ട് തോമസ് നേപ്പിള്‍സിലെ ഡൊമിനിക്കന്‍ ആശ്രമത്തിലെത്തി. വ്രതവാഗ്ദാനത്തിനുശേഷം അദ്ദേഹം മഹാനായ ആല്‍ബര്‍ട്ടിന്റെ കീഴില്‍ പഠനം തുടര്‍ന്നു. തന്റെ ബുദ്ധിസാമര്‍ത്ഥ്യത്തെ മറ്റുള്ളവരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഇഷ്ടപ്പെടാതെ മൗനമായി കഴിഞ്ഞ തോമസിനെ ‘ഊമന്‍ കാള’ എന്നാണ് സഹപാഠികള്‍ വിളിച്ചിരുന്നത്. എന്നാല്‍, തോമസിന്റെ സാമര്‍ത്ഥ്യം മനസിലാക്കിയിരുന്ന ആല്‍ബര്‍ട്ട് അവരോട് പറഞ്ഞിരുന്നു: “ഇപ്പോള്‍ നാം ഇവനെ ഊമന്‍ കാള എന്നു വിളിക്കും. എന്നാല്‍, ഇവന്റെ സ്വരം ലോകം മുഴുവന്‍ മാറ്റൊലി കൊള്ളുന്ന ഒരു ദിവസം വരും.”

1250-ല്‍ തോമസ് വൈദികനായി. 1257-ല്‍ അധികാരികളുടെ ആജ്ഞയാല്‍ നിര്‍ബന്ധിതനായി അദ്ദേഹം ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം നേടി. അന്നുമുതല്‍ പ്രസംഗം, അധ്യാപനം, ഗ്രന്ഥരചന തുടങ്ങിയവയില്‍ അദ്ദേഹം കുടുതല്‍ ശ്രദ്ധ പതിച്ചുപോന്നു.

പരിശുദ്ധ കുര്‍ബാനയോട് അതീവഭക്തി പ്രകടിപ്പിച്ചിരുന്ന വിശുദ്ധന്‍ രചിച്ച ഗാനങ്ങള്‍ അദ്ദേഹത്തിന്റെ പരിശുദ്ധ കുര്‍ബാന ഭക്തിയുടെ സാക്ഷ്യമാണ്. വിശുദ്ധ കുര്‍ബാനയെപ്പറ്റി എഴുതിയ ഗ്രന്ഥം പ്രസിദ്ധീകരിക്കണമോ എന്നു സംശയിച്ച വിശുദ്ധന്‍ ഗ്രന്ഥവുമായി സക്രാരിയുടെ അടുത്തെത്തിയപ്പോള്‍ ‘നീ എന്നെക്കുറിച്ച് നന്നായി എഴുതിയിരിക്കുന്നു’ എന്ന ഈശോയുടെ അംഗീകാരവാക്യം അദ്ദേഹം ശ്രവിച്ചു. അദ്ദേഹത്തിന്റെ രചനകള്‍ ഇന്നും ആധികാരികങ്ങളായി തുടരുന്നു. ലിയോണ്‍സിലെ സൂനഹദോസില്‍ പങ്കെടുക്കുവാന്‍ പോയ തോമസ് മാര്‍ഗ്ഗമധ്യേ രോഗാധിതനായി. 1274 മാര്‍ച്ച് മാസം 7-ാം തീയതി അര്‍ദ്ധരാത്രിയില്‍ തന്റെ 48ാ-മത്തെ വയസില്‍ അദ്ദേഹം മരണമടഞ്ഞു.

വിചിന്തനം: ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്നെതന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താല്‍ അവന് എന്തു പ്രയോജനം (ലൂക്കാ 9:25).

ഇതര വിശുദ്ധര്‍: തിര്‍സൂസ്, ലെവൂസിയൂസ്, കല്പിനിക്കൂസ് (+251)/ കനേറാ (+530)/ ഗ്ലാസ്റ്റ്യന്‍ (830) മെത്രാന്‍/ ജൂലിയന്‍ (11271208) / ഓഡോ (801880)/ നൊളാസ്‌ക്കോയിലെ പീറ്റര്‍ (11891256)/ആന്റിമൂസ് (മൂന്നാം നൂറ്റാണ്ട്)/ ഫ്‌ളാവിയന്‍ (+304)/ ജെയിംസ് (ആറാം നൂറ്റാണ്ട്)/ റിച്ചാര്‍ഡ് (+1169)/ റെയോമയിലെ ജോണ്‍ (+539).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.