ജനുവരി 28: വി. തോമസ് അക്വീനാസ്

കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യസ്ഥനായ വി. തോമസ് അക്വീനാസ് 1225-ല്‍ ഇറ്റലിയിലെ അക്വീനാ എന്ന സ്ഥലത്താണു ജനിച്ചത്. പ്രഭുകുലജാതരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. തോമസിന് അഞ്ചു വയസ്സുള്ളപ്പോള്‍ ബെനഡിക്ടന്‍ സന്യാസികളുടെകീഴില്‍ മോന്തേകസിനോയില്‍ വിദ്യാഭ്യാസം ആരംഭിച്ചു. വിനോദസമയത്തുപോലും തോമസ് കളിനിര്‍ത്തി അധ്യാപകരോട് ‘ദൈവം ആരാകുന്നു’ എന്നു ചോദിച്ചിരുന്നു.

പതിനൊന്നാമത്തെ വയസ്സില്‍ പഠനത്തിനായി തോമസിനെ നേപ്പിള്‍ സര്‍വകലാശാലയിലേക്കു അയച്ചു. അവിടെ പ്രാര്‍ഥനയിലും പഠനത്തിലും അദ്ദേഹം പ്രദര്‍ശിപ്പിച്ച താല്പര്യം ഏവരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. ഈ കാലഘട്ടത്തില്‍ ദരിദ്രരെ സഹായിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. അവിടെ തോമസിനു ആത്മമിത്രമായി ഒരു ഡൊമിനിക്കന്‍ സന്യാസി ഉണ്ടായിരുന്നു. അദ്ദേഹവുമായുള്ള സംഭാഷണങ്ങളില്‍നിന്ന് ഡൊമിനിക്കന്‍ സഭയെപ്പറ്റി കൂടുതലറിയാന്‍ തോമസിന് ഇടയായി. തനിക്ക് പുണ്യസമ്പാദനത്തിന് ഏറ്റവും പറ്റിയ മാര്‍ഗം ആ സഭയില്‍ ചേരുന്നതാണെന്നു ഗ്രഹിച്ച തോമസ്, മാതാപിതാക്കളുടെ എതിര്‍പ്പിനെയും ഭീഷണിയെയും തരണംചെയ്ത് 1243-ല്‍ തന്റെ പതിനേഴാമത്തെ വയസ്സില്‍ ഡൊമിനിക്കന്‍ സഭാവസ്ത്രം സ്വീകരിച്ചു.

അതിനുശേഷം തോമസിന്റെ അപേക്ഷപ്രകാരം അദ്ദേഹത്തെ റോമായിലേക്കും അവിടെനിന്ന് പാരീസിലേക്കും അയച്ചു. പാരീസിലേക്കുള്ള വഴിയില്‍ അദ്ദേഹം സഹോദരന്മാരുടെ കൈകളിലകപ്പെട്ടു. അമ്മയുടെ പ്രേരണപ്രകാരം തോമസിനെ രണ്ടുകൊല്ലം ഒരു മുറിയില്‍ പൂട്ടിയിട്ടു. ഉപദേശവും കണ്ണീരും ഭീഷണിയുംകൊണ്ടൊന്നും അദ്ദേഹത്തിന്റെ മനസ്സു മാറുന്നില്ലെന്നുകണ്ടപ്പോള്‍ അവള്‍ സുന്ദരിയായ ഒരു സ്ത്രീയെ തോമസിന്റെ മുറിയിലേക്കു പറഞ്ഞുവിട്ടു. എന്നാല്‍, അവളുടെ ദുരുദ്ദേശ്യം മനസ്സിലാക്കിയ തോമസ്, ഒരു തീക്കൊള്ളികൊണ്ട് അവളെ അവിടെനിന്ന് ഓടിച്ചു. ഈ പ്രലോഭനത്തില്‍നിന്നു തന്നെ സംരക്ഷിച്ച ദൈവത്തിന് അദ്ദേഹം നന്ദിപറഞ്ഞു. അന്നുരാത്രി രണ്ടു മാലാഖമാര്‍ വന്ന് അദ്ദേഹത്തിന്റെ അരയില്‍ ഒരു പട്ട കെട്ടിക്കൊണ്ടു പറഞ്ഞു: “നിത്യബ്രഹ്മചര്യമാകുന്ന അരപ്പട്ടകൊണ്ട് നിന്നെ ഞങ്ങള്‍ ബന്ധിക്കുന്നു.”

അവസാനം അമ്മയുടെ സഹായത്താല്‍ ബന്ധനത്തില്‍നിന്ന് രക്ഷപെട്ട് തോമസ് നേപ്പിള്‍സിലെ ഡൊമിനിക്കന്‍ ആശ്രമത്തിലെത്തി. വ്രതവാഗ്ദാനത്തിനുശേഷം അദ്ദേഹം മഹാനായ ആല്‍ബര്‍ട്ടിന്റെ കീഴില്‍ പഠനം തുടര്‍ന്നു. തന്റെ ബുദ്ധിസാമര്‍ഥ്യത്തെ മറ്റുള്ളവരുടെമുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇഷ്ടപ്പെടാതെ മൗനമായി കഴിഞ്ഞ തോമസിനെ ‘ഊമന്‍ കാള’ എന്നാണ് സഹപാഠികള്‍ വിളിച്ചിരുന്നത്. എന്നാല്‍, തോമസിന്റെ സാമര്‍ഥ്യം മനസ്സിലാക്കിയിരുന്ന ആല്‍ബര്‍ട്ട് അവരോടു പറഞ്ഞിരുന്നു: “ഇപ്പോള്‍ നാം ഇവനെ ഊമന്‍ കാള എന്നുവിളിക്കും. എന്നാല്‍, ഇവന്റെ സ്വരം ലോകം മുഴുവന്‍ മാറ്റൊലി കൊള്ളുന്ന ഒരുദിവസം വരും.”

1250-ല്‍ തോമസ് വൈദികനായി. 1257-ല്‍ അധികാരികളുടെ ആജ്ഞയാല്‍ നിര്‍ബന്ധിതനായി അദ്ദേഹം ദൈവശാസ്ത്രത്തില്‍ ഡോക്ടര്‍ ബിരുദം നേടി. അന്നുമുതല്‍ പ്രസംഗം, അധ്യാപനം, ഗ്രന്ഥരചന തുടങ്ങിയവയില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചുപോന്നു.

പരിശുദ്ധ കുര്‍ബാനയോട് അതീവഭക്തി പ്രകടിപ്പിച്ചിരുന്ന വിശുദ്ധന്‍ രചിച്ച ഗാനങ്ങള്‍ അദ്ദേഹത്തിന്റെ പരിശുദ്ധ കുര്‍ബാന ഭക്തിയുടെ സാക്ഷ്യമാണ്. വിശുദ്ധ കുര്‍ബാനയെപ്പറ്റി എഴുതിയ ഗ്രന്ഥം പ്രസിദ്ധീകരിക്കണമോ എന്നു സംശയിച്ച വിശുദ്ധന്‍ ഗ്രന്ഥവുമായി സക്രാരിയുടെ അടുത്തെത്തിയപ്പോള്‍ ‘നീ എന്നെക്കുറിച്ച് നന്നായി എഴുതിയിരിക്കുന്നു’ എന്ന ഈശോയുടെ അംഗീകാരവാക്യം അദ്ദേഹം ശ്രവിച്ചു. അദ്ദേഹത്തിന്റെ രചനകള്‍ ഇന്നും ആധികാരികങ്ങളായി തുടരുന്നു. ലിയോണ്‍സിലെ സൂനഹദോസില്‍ പങ്കെടുക്കാന്‍പോയ തോമസ് മാര്‍ഗമധ്യേ രോഗാധിതനായി. 1274 മാര്‍ച്ച് ഏഴാം തീയതി അര്‍ധരാത്രിയില്‍ തന്റെ 48-ാമത്തെ വയസ്സില്‍ അദ്ദേഹം മരണമടഞ്ഞു.

വിചിന്തനം: ഒരുവന്‍ ലോകംമുഴുവന്‍ നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ, നശിപ്പിക്കുകയോ ചെയ്താല്‍ അവന് എന്തു പ്രയോജനം (ലൂക്കാ 9:25).

ഇതര വിശുദ്ധര്‍: തിര്‍സൂസ്, ലെവൂസിയൂസ്, കല്പിനിക്കൂസ് (+251)/ കനേറാ (+530)/ ഗ്ലാസ്റ്റ്യന്‍ (830) മെത്രാന്‍/ ജൂലിയന്‍ (11271208) / ഓഡോ (801880)/ നൊളാസ്‌ക്കോയിലെ പീറ്റര്‍ (11891256)/ആന്റിമൂസ് (മൂന്നാം നൂറ്റാണ്ട്)/ ഫ്‌ളാവിയന്‍ (+304)/ ജെയിംസ് (ആറാം നൂറ്റാണ്ട്)/ റിച്ചാര്‍ഡ് (+1169)/ റെയോമയിലെ ജോണ്‍ (+539).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.