ജനുവരി 26: വി. തിമോത്തി

വി. പൗലോസിന്റെ വിശ്വസ്തശിഷ്യനായിരുന്ന തിമോത്തി ഒന്നാം നൂറ്റാണ്ടില്‍ ഏഷ്യാ മൈനറിലെ ലിസ്ത്രാ എന്ന സ്ഥലത്താണ് ജനിച്ചത്. തിമോത്തിയുടെ പിതാവ് ഒരു വിജാതീയനും അമ്മ ഒരു യഹൂദ സ്ത്രീയുമായിരുന്നു. ബാല്യം മുതല്‍ തന്നെ വേദപുസ്തകങ്ങള്‍ വായിച്ചിരുന്നെങ്കിലും തിമോത്തി ഒരു യഹൂദനായി പരിച്ഛേദനം സ്വീകരിച്ചിരുന്നില്ല. ഈ കാലഘട്ടത്തിലാണ് വി. പൗലോസ് ലിസ്ത്രിയായിലെത്തുന്നത്. അദ്ദേഹത്തിന്റെ പ്രസംഗത്താല്‍ മാനസാന്തരപ്പെട്ട തിമോത്തിയും അദ്ദേഹത്തിന്റെ അമ്മയും ക്രിസ്തീയവിശ്വാസം സ്വീകരിച്ചു.

സത്‌സ്വഭാവവും കഠിന ജീവിതരീതിയും ഭക്തിതീക്ഷ്ണതയും മൂലം സകലരുടെയും പ്രിയപ്പെട്ടവനായി മാറിയ തിമോത്തിയേയാണ്, ഏഴു വര്‍ഷങ്ങള്‍ക്കുശേഷം ലിസ്ത്രായിലെത്തിയ പൗലോസ് കണ്ടത്. അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയില്‍ സംപ്രീതനായ പൗലോസ് തിമോത്തിയെ പുരോഹിതനായി അഭിഷേകം ചെയ്തു. അന്നു മുതല്‍ അദ്ദേഹം പൗലോസിന്റെ വിശ്വസ്തനും ഉറ്റസ്‌നേഹിതനുമായി.

പൗലോസിന്റെ സഹചാരിയായിരുന്ന തിമോത്തി, ചിലപ്പോള്‍ അദ്ദേഹത്തിന്റെ വിശ്വസ്തദൂതന്‍ എന്ന നിലയില്‍ പുതിയതായി സ്ഥാപിച്ച സഭയിലെ അംഗങ്ങളെ വിശ്വാസ സ്ഥിരതയുള്ളവരാക്കുന്നതിന് അത്യന്തം ശ്രമിച്ചിരുന്നു. തിമോത്തി പൗലോസുമൊത്ത് ഏഷ്യാ മൈനര്‍, ഗ്രീസ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഒടുവില്‍ തിമോത്തിയെ എഫേസൂസിലെ ഒന്നാമത്തെ മെത്രാനായി പൗലോസ് നിയമിച്ചു. ഇവിടെവച്ചു തന്നെയാണ് പൗലോസ് തിമോത്തിയുടെ പേര്‍ക്കെഴുതിയ രണ്ടു ലേഖനങ്ങളും അദ്ദേഹത്തിനു ലഭിച്ചത്.

ഈ രണ്ടു ലേഖനങ്ങളിലും താന്‍ അധികമായി സ്‌നേഹിക്കുന്ന തിമോത്തിയെ, കഴിയുമെങ്കില്‍ മരണത്തിനു മുമ്പായി ഒരിക്കല്‍ക്കൂടി കാണണമെന്ന ആഗ്രഹം പൗലോസ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അധിക നാള്‍ കഴിയുന്നതിനു മുമ്പു തന്നെ എ.ഡി. 97-ല്‍ തിമോത്തി രക്തസാക്ഷിത്വ മകുടം ചൂടി.

വി. ആല്‍ബെറിക്ക്

സിസ്റ്റേഷ്യന്‍ സഭയുടെ സ്ഥാപകപിതാക്കളില്‍ ഒരാളായ ആല്‌ബെറിക്ക് കോലാനിലെ വനഭൂമിയില്‍ ഏഴു സുഹൃത്തുക്കളോടൊത്ത് കര്‍ക്കശമായ വ്രതാനുഷ്ഠാനങ്ങളോടു കൂടി താപസജീവിതം നയിച്ചിരുന്നു. റോബര്‍ട്ട് എന്ന വിശ്രുതനായ ഒരു സന്യാസിയാണ് അവര്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. 1098-ല്‍ 21 സന്യാസിമാരോടു കൂടി മൊളീസിത്തില്‍ നിന്നും വളരെയകലെ സീറ്റോവില്‍ പുതിയ ഒരു ആശ്രമം സമാരംഭിച്ചു. ഇതാണ് മഹത്തായ സിസ്റ്റേഷ്യന്‍ സഭയായി രൂപം കൊണ്ടത്. 1109-ല്‍ ആല്‌ബെറിക് ചരമമടഞ്ഞു.

വിചിന്തനം: എനിക്കേറ്റവും പ്രിയമുള്ള ദിവ്യരക്ഷകാ, എല്ലാറ്റിലും ഉപരിയായി എനിക്കുള്ള മോഹം എന്റെ രക്തം അവസാനതുള്ളി വരെയും അങ്ങേയ്ക്കുവേണ്ടി ചിന്തണം എന്നതാണ്  – വി. കൊച്ചുത്രേസ്യാ.

ഇതരവിശുദ്ധര്‍: അത്തനേഷ്യസ്  മെത്രാന്‍/ കോനന്‍ (+648) അയര്‍ലണ്ടിലെ മെത്രാന്‍/ അന്‍സൂരിയൂസ് (+925)/ റ്റൈറ്റസ് (+96) പൗലോസ് ശ്ലീഹായുടെ ശിഷ്യന്‍.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.