ജനുവരി 25: വി. അപ്പോളോ

നാലാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ ജീവിച്ചിരുന്ന ഒരു സന്യാസിയായിരുന്ന അപ്പോളോ, ഈജിപ്തിലെ മരുഭൂമിയില്‍ വളരെക്കാലം തപസ്സ് ചെയ്തതിനുശേഷം ജീവിതത്തിന്റെ സായംവേളയില്‍ ഹെര്‍മോപ്പോലീസില്‍ ഒരു സന്യാസാശ്രമം സ്ഥാപിച്ചു. ശ്വേതാംബരധാരികളായിരുന്ന ആ ആശ്രമവാസികള്‍ അനുദിനം പരിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും തപക്രിയകളാല്‍ ലോകപാപങ്ങള്‍ക്ക് പരിഹാരമനുഷ്ഠിക്കുകയും ചെയ്തു. അപ്പോളോയുടെ ഹൃദയത്തില്‍ നിറഞ്ഞുകവിഞ്ഞ ദൈവപ്രസാദം അദ്ദേഹത്തിന്റെ മുഖത്തും സദാ പ്രകാശിച്ചിരുന്നു. വിനയംകൊണ്ടല്ലാതെ ഈശ്വരപ്രാപ്തി അസാധ്യമാണെന്ന് അപ്പോളോ ശിഷ്യന്മാരെ പഠിപ്പിച്ചു.

അപ്പോളോ ഒരു രോഗിയില്‍നിന്നും പുറത്താക്കിയ അശുദ്ധാരൂപി, അദ്ദേഹത്തിന്റെ വിനയം പൊറുക്കാവുന്നതല്ല എന്നു വിളിച്ചുപറഞ്ഞുവത്രെ. ഒരിക്കല്‍ ഹെര്‍മോപ്പോലീസിലും സമീപപ്രദേശങ്ങളിലും അതികഠിനമായ ക്ഷാമമുണ്ടായി. അപ്പോള്‍ അപ്പോളോ തീക്ഷ്ണമായി പ്രാർഥിച്ചതിനുശേഷം അപ്പം വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് വിതരണംചെയ്തു. അതുപോലെ വേറെയും അനവധി അത്ഭുതകൃത്യങ്ങള്‍ ചെയ്യുകയുണ്ടായി. തൊണ്ണൂറു വയസ്സുവരെ ജീവിച്ചിരുന്ന അദ്ദേഹം 395-ല്‍ അന്തരിച്ചു.

വിചിന്തനം: ലോകവും പിശാചും നമ്മുടെ ശത്രുക്കളാണെന്ന് വേഗം തിരിച്ചറിയും. എന്നാല്‍, ആത്മീയജീവിതത്തിന് വലിയ ശത്രു നാം തന്നെയാണ്. നമ്മെ കീഴടക്കാനുള്ള മാര്‍ഗം എളിമ അഭ്യസിക്കുക എന്നതാണ്.

ഇതര വിശുദ്ധര്‍: അമാരിനൂസ് / അരത്തെമാസ് (ഒന്നാം നൂറ്റാണ്ട്) / ദൊണാത്തൂസ് രക്തസാക്ഷി/ യോക്കോദ് (+697)/ പീറ്റര്‍ തോമസ് (13051366) / പോപ്പോ (978-1048)/ ബെര്‍ത്താനിയോന്‍ (+380) മെത്രാന്‍ / മാവൂതൂസ് (ആറാം നൂറ്റാണ്ട്).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.