ജനുവരി 21: വി. ആഗ്നസ്

നാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റോമിലെ കുലീനരും ഭക്തരുമായ മാതാപിതാക്കളില്‍ നിന്നായിരുന്നു വി. ആഗ്നസിന്റെ ജനനം. ബാല്യത്തിലേ ആഗ്നസ്, തന്നെത്തന്നെ പൂര്‍ണ്ണമായി ക്രിസ്തുവിനു സമര്‍പ്പിച്ചിരുന്നു.

അതിസുന്ദരിയായിരുന്ന ആഗ്നസിനെ വിവാഹം കഴിക്കുന്നതിനായി പല കുലീനയുവാക്കളും അതിയായി ആഗ്രഹിച്ചു. അവരില്‍ പ്രമുഖനായിരുന്നു അവിടുത്തെ ഗവര്‍ണറുടെ മകന്‍. അദ്ദേഹം തന്റെ ആഗ്രഹം അവളെ അറിയിച്ചു. എന്നാല്‍, താന്‍ മറ്റൊരാള്‍ക്ക് പരിപൂര്‍ണ്ണമായി അധീനയാണെന്നും അദ്ദേഹത്തോട് വിശ്വാസവഞ്ചന കാട്ടാനാവില്ലെന്നും പറഞ്ഞ് ആഗ്നസ് അദ്ദേഹത്തിന്റെ ആഗ്രഹത്തെ നിരസിച്ചു. അതീവദുഃഖിതനായിത്തീര്‍ന്ന അദ്ദേഹം താമസിയാതെ ഒരു രോഗിയായി കാണപ്പെട്ടു. രോഗകാരണം ഗ്രഹിച്ച അദ്ദേഹത്തിന്റെ പിതാവ് ആഗ്നസിനെ തന്റെ ഗൃഹത്തില്‍ വരുത്തി പുത്രന്റെ ഭാര്യാപദം സ്വീകരിക്കുന്നതിന് അവളെ പ്രേരിപ്പിച്ചു. എന്നാല്‍, തന്റെ തീരുമാനത്തില്‍ അചഞ്ചലയായി കാണപ്പെട്ട ആഗ്നസ് ഒരു ക്രിസ്ത്യാനിയാണെന്നു തിരിച്ചറിഞ്ഞതോടെ അദ്ദേഹം സന്തുഷ്ടനായി. കാരണം, ഭീഷണിയോ, പീഡനമോ മൂലം അവളെ തന്റെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാമെന്നു ന്യായമായി അദ്ദേഹം ആഗ്രഹിച്ചു.

ഉടന്‍ തന്നെ ആഗ്നസിനെ അറസ്റ്റ് ചെയ്ത് തന്റെ മുമ്പില്‍ ഹാജരാക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. ജീവനും മരണവും അവള്‍ക്കു മുന്നിലേക്കു വച്ച് അദ്ദേഹം വിശുദ്ധയുടെ വിശ്വാസത്തിന് വിലപേശി. എന്നാല്‍, അവള്‍ അചഞ്ചലയായി തന്നെ തുടര്‍ന്നു. കുപിതനായ ഗവര്‍ണര്‍ ആഗ്നസിനെ, ദേവന്മാര്‍ക്ക് ധൂപാര്‍പ്പണം ചെയ്യുന്നതിനായി ക്ഷേത്രത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. പക്ഷേ, കഴിവുള്ള എല്ലാ ശ്രമങ്ങളും ചെയ്തിട്ടും യാതൊരു ഫലവുമുണ്ടായില്ല.

കോപിഷ്ഠനായ ഗവര്‍ണര്‍, ആഗ്നസിനെ അവളുടെ ശരീരം അശുദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ കുറെ ആഭാസന്മാരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തു. എന്നാല്‍, കാമവെറി പൂണ്ട് അവളുടെ അടുത്തേക്ക് പാഞ്ഞടുത്ത ഓരോരുത്തരെയും ഏതോ ഒരു അദൃശ്യശക്തി അവിടെ നിന്നു പായിച്ചു. ആഗ്നസിനെ ജീവനോടെ ദഹിപ്പിക്കാനായിരുന്നു അടുത്ത കല്പന. അതനുസരിച്ച് ആളിക്കത്തുന്ന അഗ്നികുണ്ഡത്തിലേക്ക് അവള്‍ എറിയപ്പെട്ടു. പക്ഷേ, ആ പാവനശരീരത്തില്‍ തീജ്വാലകള്‍ക്ക് യാതൊരു ഉപദ്രവവും ഏല്പിക്കാനായില്ല. അവസാനം വിശുദ്ധയുടെ തല ഛേദിച്ചു കളയാന്‍ ന്യായാധിപന്‍ ഉത്തരവിട്ടു. യാതൊരു ഭയവും പ്രകടിപ്പിക്കാതെ പുഞ്ചിരി തൂകി അവള്‍ ഘാതകന്റെ മുമ്പില്‍ തല താഴ്ത്തി. ഘാതകര്‍ അവരുടെ കൃത്യം യഥാവിധി നിര്‍വ്വഹിച്ചു. അവളുടെ ആത്മാവ് സ്വര്‍ഗത്തിലേക്കു യാത്രയായി.

വി. എപ്പിഫാനിയൂസ് (പാവിയാ)

വി. എപ്പിഫാനിയൂസ് സമാധാന സ്ഥാപകനായും ഇറ്റലിയുടെ ദീപമായും ആദരിക്കെപ്പട്ടു പോരുന്നു. റോമന്‍ ചക്രവര്‍ത്തിമാരുടെ സ്വേച്ഛാധിപത്യ ഭരണം നിമിത്തം വീര്‍പ്പുമുട്ടിയ സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനു വേണ്ടി തീവ്രമായി യത്നിച്ച പാവിയായിലെ മെത്രാനായിരുന്നു വി. എപ്പിഫാനിയൂസ്.

അദ്ദേഹം, തന്റെ സ്‌നേഹവും സേവനവും വഴിയായി നാട്ടിലെ അപരിഷ്‌കൃത ജനവര്‍ഗ്ഗങ്ങളുടെ വിശ്വാസം നേടി. തടവറകളില്‍ നരകയാതന അനുഭവിച്ചിരുന്ന നിസ്സഹായരായ ബന്ദികളെ മോചിപ്പിച്ചു. ജനദ്രോഹപരമായ രാജ്യനിയമങ്ങള്‍ക്കെതിരെ സ്വരമുയര്‍ത്തി. സാമൂഹ്യമായ അനാചാരങ്ങള്‍ പലതും തുടച്ചുനീക്കി. ദാരിദ്ര്യവും രോഗങ്ങളും മൂലം കഷ്ടപ്പെട്ട സഹജാതരെ പരിചരിച്ചു. ബര്‍ഗണ്ടിയിലെ തടവുകാരുടെ വിമോചനത്തിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കെ പാവിയായില്‍ വച്ച് അമ്പത്തിയെട്ടാമത്തെ വയസ്സില്‍ അദ്ദേഹം മരണമടഞ്ഞു.

വിചിന്തനം: ദൈവവുമായുള്ള ഐക്യത്തിലേക്കുള്ള വഴി ദുഃഖങ്ങളിലൂടെയും പീഢനങ്ങളിലൂടെയുമുള്ള വഴിയാണ് – സിയന്നയിലെ കാതറിന്‍.

ഇതര വിശുദ്ധര്‍: കന്റാഡ് (ഒന്‍പതാം നൂറ്റാണ്ട്)/ ബ്രിജിത്ത് (ആറാം നൂറ്റാണ്ട്)/ എിഫാനിയൂസ് (+397)/ ലോതക് (ആറാം നൂറ്റാണ്ട്)/ വാ. ഇനെസ്/ വിമിന്‍/ എഡ്‌വേര്‍ഡ്/ ഫ്രൂക്തുവോസൂസ് (+259)/ മെക്കലിന്‍  ബനഡിക്റ്റന്‍ സന്യാസി/ പത്രോക്കളൂസ് (+275)/ പബ്ലിയൂസ് (33125) രക്തസാക്ഷി, മാള്‍ട്ടയിലെ പ്രഥമ മെത്രാന്‍.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.