ജനുവരി 20: വി. സെബാസ്റ്റ്യന്‍

മൂന്നാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ നര്‍ബോണ്‍ എന്ന സ്ഥലത്താണ് വി. സെബാസ്റ്റ്യന്‍ ജനിച്ചത്. ബാല്യത്തില്‍ തന്നെ അദ്ദേഹത്തിന്റെ മാതാവ് അദ്ദേഹത്തിന് ഉത്തമ ക്രൈസ്തവ വിദ്യാഭ്യാസം നല്‍കിയിരുന്നു. 283-ല്‍ അദ്ദേഹം റോമന്‍ സൈന്യത്തില്‍ ചേര്‍ന്നു. ഒരു ഉത്തമ ക്രിസ്ത്യാനിയായിരുന്ന അദ്ദേഹം മതമര്‍ദ്ദനത്തിന്റെ പേരില്‍ പീഡിപ്പിക്കെപ്പട്ടിരുന്ന ക്രൈസ്തവരെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സൈന്യത്തില്‍ അംഗമായത്. അദ്ദേഹത്തിന്റെ ബുദ്ധിസാമര്‍ത്ഥ്യത്തിലും വിവേകപൂര്‍വ്വമായ പെരുമാറ്റത്തിലും സംപ്രീതനായ ചക്രവര്‍ത്തി അദ്ദേഹത്തെ അതീവം സ്‌നേഹിക്കുകയും അദ്ദേഹത്തോടുള്ള സഹവാസത്തില്‍ സന്തോഷം പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

അധികം താമസിയാതെ വലിയ ഉദ്യോഗസ്ഥര്‍ക്കും മാടമ്പിമാര്‍ക്കും മാത്രമായി നിശ്ചയിക്കപ്പെട്ടിരുന്ന ‘പ്രത്തോറിയന്‍ സൈന്യാധിപന്‍’ എന്ന സ്ഥാനത്തേയ്ക്ക് ചക്രവര്‍ത്തി സെബാസ്റ്റ്യനെ ഉയര്‍ത്തി. തന്നിമിത്തം ക്രിസ്തീയ തടവുകാരെ സന്ദര്‍ശിക്കുന്നതിനും അവരുടെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുന്നതിനും ക്ലേശങ്ങളില്‍ സമാശ്വസിപ്പിക്കുന്നതിനും അദ്ദേഹത്തിനു സാധിച്ചു. ഈ അവസരത്തില്‍ അദ്ദേഹത്തിന് അനേകരെ മാനസാന്തരപ്പെടുത്തുവാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍, സെബാസ്റ്റ്യന്റെ ഇത്തരം ധീരസേവനങ്ങള്‍ അധികം നീണ്ടുനിന്നില്ല.

അദ്ദേഹം ഒരു ക്രിസ്ത്യാനിയാണെന്ന വസ്തുത ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തി അറിഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം വിശുദ്ധനെ തന്റെ മുമ്പില്‍ വരുത്തി. വിശ്വാസവഞ്ചനയും കൃത്യലംഘനവും വിശുദ്ധനില്‍ ആരോപിച്ച ചക്രവര്‍ത്തി, ക്രിസ്തുമതം ഉപേക്ഷിച്ച് ദേവന്മാരെ പൂജിക്കുവാന്‍ ഉപദേശിച്ചു. എന്നാല്‍, ചക്രവര്‍ത്തിയുടെ ഉപദേശമോ ഭീഷണിയോ നിര്‍ബന്ധമോ അദ്ദേഹത്തെ തന്റെ വിശ്വാസത്തില്‍ നിന്ന് പിന്തിരിപ്പിക്കുവാന്‍ ഒട്ടും പര്യാപ്തമായിരുന്നില്ല.

സെബാസ്റ്റ്യന്റെ ദൃഢനിശ്ചയത്തില്‍ ക്രുദ്ധനായ ചക്രവര്‍ത്തി അദ്ദേഹത്തെ അമ്പ് എയ്തു കൊല്ലുവാന്‍ ഉത്തരവിട്ടു. ഉടന്‍ തന്നെ വില്ലാളികള്‍ അദ്ദേഹത്തെ ബന്ധിച്ച് വിസ്തൃതമായ ഒരു മൈതാനത്തേയ്ക്കു കൊണ്ടുപോയി. വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്തശേഷം ഓക്കുമരത്തോടു ചേര്‍ത്തുകെട്ടി. ജീവന്‍ പിരിഞ്ഞു എന്ന് തോന്നുന്നതു വരെ അവര്‍ അദ്ദേഹത്തിനു നേരെ അമ്പുകള്‍ എയ്തു.

ആ രാത്രിയില്‍ തന്നെ വിശുദ്ധന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി ഐറിന്‍ എന്ന ഭക്തസ്ത്രീ രഹസ്യമായി അവിടെയെത്തി. വിശുദ്ധന്‍ മരിച്ചിട്ടില്ലെന്നു മനസിലാക്കിയ അവര്‍ സന്തോഷത്തോടെ സെബാസ്റ്റ്യനെ സ്വന്തം ഭവനത്തിലെത്തിച്ച് വേണ്ട പരിചരണങ്ങള്‍ നല്‍കി. അല്പ നാളുകള്‍ക്കുള്ളില്‍ അദ്ദേഹം സുഖം പ്രാപിച്ചു. എന്നാല്‍, ദൂരെ എവിടെയെങ്കിലും പോയി ജീവന്‍ രക്ഷിക്കുവാന്‍ തയ്യാറാകുന്നതിനു പകരം ചക്രവര്‍ത്തിയുടെ ക്രൂരപ്രവൃത്തികളെക്കുറിച്ച് പരസ്യമായി പ്രതികരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

വിശുദ്ധന്‍ ഇനിയും മരിച്ചിട്ടില്ലെന്നു കണ്ട ചക്രവര്‍ത്തി അദ്ദേഹത്തെ അടിച്ചുകൊല്ലുവാന്‍ ഉത്തരവിട്ടു. ഉടന്‍ തന്നെ പടയാളികള്‍ വിശുദ്ധനെ ഇരുമ്പുവടികളാല്‍ അടിച്ചുകൊന്നു. അദ്ദേഹത്തിന്റെ ആത്മാവ് സ്വര്‍ഗത്തിലേയ്ക്കു പറന്നുയര്‍ന്നു.

വാ. എവുസ്റ്റോച്ചിയ കലാഫറ്റോ

ജീവിതകാലത്തു തന്നെ അത്ഭുതപ്രവര്‍ത്തകയായിരുന്നു എവുസ്റ്റോച്ചിയ കലാഫറ്റോ, പ്രഭുവിന്റെ ഓമനപുത്രിയായിരുന്നു. ഭക്തയായിരുന്ന അമ്മയുടെ മാതൃക അവളെ സന്യാസജീവിതത്തിനു പ്രേരിപ്പിച്ചു. സാന്താ മരിയ ഡിബാസിയോയിലെ ക്ലാരമഠത്തില്‍ ചേര്‍ന്ന് സന്യാസിനിയായ അവള്‍ സ്വീകരിച്ച പേരാണ് എവുസ്റ്റോച്ചിയ.

മഠത്തില്‍ ഭക്ഷണത്തിനും മറ്റും കടുത്ത ക്ഷാമം ഉണ്ടാകുമ്പോള്‍ അവര്‍ക്കുള്ള മൂന്നോ നാലോ കഷണം അപ്പത്തിന്മേല്‍ എവുസ്റ്റോച്ചിയ കുരിശു വരച്ചു നല്‍കും. സമൂഹത്തിലെ എല്ലാവര്‍ക്കും തൃപ്തിയാകുവോളം ഭക്ഷിക്കുവാന്‍ അത് മതിയാകുമായിരുന്നു.

യേശുവിന്റെ പീഡാനുഭവങ്ങളെക്കുറിച്ചുള്ള അവളുടെ ഭക്തി ഏറെ തീക്ഷ്ണമായിരുന്നു. അവസാനം ഈശോ പഞ്ചക്ഷതങ്ങള്‍ നല്‍കി അവളെ അനുഗ്രഹിച്ചു. 1485 ജനുവരി 20-ന് എവുസ്റ്റോച്ചിയ നിര്യാതയായി. വിശുദ്ധയുടെ മൃതശരീരം ഇന്നും കേടു കൂടാതെയിരിക്കുന്നു.

വി. ഫബിയാന്‍ (236 250)

റോമില്‍ ജനിച്ചു. വി. ഫബിയാന്‍ 236 ജനുവരി 10-ന് പാപ്പായായി തിരഞ്ഞെടുക്കെട്ടു. അദ്ദേഹം 250 ജനുവരി 20-ന് രക്തസാക്ഷിയായി മരിച്ചു.

വിചിന്തനം: വിശുദ്ധനാകാന്‍ ആഗ്രഹിക്കുന്നുവോ ആശ്വാസം തേടാതെ കുരിശു വഹിക്കാന്‍ നീ ഒരുങ്ങിക്കൊള്ളുക. കുരിശും പീഡകളും സഹിക്കാത്ത പുണ്യവാനില്ല  (ക്രിസ്താനുകരണം).

ഇതരവിശുദ്ധര്‍: എവൂത്തിമൂസ് (377473) മെത്രാന്‍/ മൗറൂസ് (+946) സെസനായിലെ ബിഷ്/ നിയേത്തിയൂസ് പതിനഞ്ചാം വയസില്‍ രക്തസാക്ഷി/ അബാദിയോസ് (മൂന്നാം നൂറ്റാണ്ട്)/ ഫെയിഗിന്‍ (+665)/മാളോഗോ (655).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.