ജനുവരി 02: വി. ഗ്രിഗറി നസിയാന്‍സെന്‍

കപ്പദോക്കിയായിലെ നസിയാനുസില്‍ 329 -നോടടുത്തായിരുന്നു ഗ്രിഗറിയുടെ ജനനം. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പൗരസ്ത്യ സഭാപിതാക്കന്മാരില്‍ പ്രമുഖനായിരുന്നു വിശുദ്ധന്‍. കപ്പദോക്കിയായിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം നിയമപഠനത്തിനായി പാലസ്തീനായിലേക്കും അനന്തരം ആതന്‍സിലേക്കുംപോയി.

നിയമത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ ഗ്രിഗോറിയോസ്, മുപ്പതാമത്തെ വയസ്സില്‍ നസിയാന്‍സിലേക്കും മടങ്ങി. ഈ സമയത്താണ് പോണ്ടസിലെ ഐറിസ് നദീതടത്തില്‍ ഏകാകിയായി ധ്യാനജീവിതം നയിച്ചിരുന്ന ആത്മസുഹൃത്ത് ബാസില്‍, ഗ്രിഗറിയെ തന്നോടൊപ്പം ധ്യാനജീവിതം നയിക്കാന്‍ ക്ഷണിക്കുന്നത്. ആ ക്ഷണം സ്വീകരിച്ച അദ്ദേഹം രണ്ടുവര്‍ഷം അവിടെ സന്യാസജീവിതം നയിച്ചു. പിന്നീട് അദ്ദേഹം നസിയാന്‍സിലെ മെത്രാനായിരുന്ന വി. ഗ്രിഗോറിയോസില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു.

സഭാവിശ്വാസികള്‍ ആര്യനിസം എന്ന പാഷണ്ഡസിദ്ധാന്തത്തിന്റെ പ്രതിസന്ധി അനുഭവിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. ഈ ഘട്ടത്തില്‍ ഗ്രിഗറിയുടെ സാന്നിധ്യവും നേതൃത്വവും സഭാതനയര്‍ക്ക് ഏറെ ആശ്വാസംനല്‍കി. അദ്ദേഹത്തിന്റെ ഉജ്വലമായ പ്രസംഗങ്ങള്‍ അബദ്ധസിദ്ധാന്തങ്ങളിലേക്കുള്ള കുത്തൊഴുക്കിനെ ഒരുപരിധി വരെയെങ്കിലും തടഞ്ഞു.

370 -ല്‍ ഗ്രിഗറിയുടെ ആത്മസുഹൃത്തായിരുന്ന ബാസില്‍, കേസറിയായുടെ മെത്രാപ്പോലീത്താ ആയി നിയമിക്കപ്പെട്ടു. വാലെന്‍സ് ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ ആര്യന്‍വിശ്വാസം അടിച്ചേല്പിക്കാനുള്ള കഠിനപ്രയത്‌നങ്ങള്‍ നടന്നുകൊണ്ടിരുന്ന അവസരമായിരുന്നു അത്. ഈ ശ്രമങ്ങളെ തടയാന്‍ പ്രാപ്തനായ ഒരു സഭാനേതാവിനെ തനിക്ക് ലഭിക്കണമെന്ന് ബാസില്‍ ആഗ്രഹിച്ചു. ഗ്രിഗറി തന്നെയാണ് അതിന് ഏറ്റവും യോഗ്യനെന്നു മനസ്സിലാക്കിയ ബാസില്‍, അദ്ദേഹത്തെ നസിയാനിലെ മെത്രാനായി അഭിഷേകംചെയ്തു.

381 -ല്‍ ഗ്രിഗറി കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ തീക്ഷ്ണമായ പ്രവര്‍ത്തനത്തിന്റെ ഫലമായി ആര്യന്‍ പാഷണ്ഡതയെ ഒരുപരിധി വരെ നിയന്ത്രിക്കാന്‍ സാധിച്ചു. ഇതില്‍ അസൂയപൂണ്ട ശത്രുക്കള്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അദ്ദേഹം അത്ഭുതകരമായി രക്ഷപെട്ടു. പിന്നീട് നസിയാന്‍സെനിലേക്കു മടങ്ങിയ ഗ്രിഗറി, ഏതാനും വര്‍ഷം അവിടെ ഭരണം നടത്തിയശേഷം സ്വദേശത്തേക്കു മടങ്ങി. പിന്നീടുള്ള കാലം ധ്യാനത്തിലും പ്രാര്‍ഥനയിലും സാഹിത്യപരിശ്രമത്തിലുമായി കഴിച്ചുകൂട്ടി. 389 -ല്‍ അദ്ദേഹം മരണമടഞ്ഞു.

വിചിന്തനം: എന്റെ ദൈവമേ, ഓരോ നിമിഷവും ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നുവെന്ന് എന്റെ നാവിനു പറയാന്‍ സാധിച്ചില്ലെങ്കില്‍, ഞാന്‍ ശ്വാസമെടുക്കുന്നയത്രയും പ്രാവശ്യം അത് ആവര്‍ത്തിച്ചുപറയാന്‍ ഇടയാകട്ടെ – വി. ജോണ്‍ മരിയ വിയാനി.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.