ജനുവരി 18: വി. പ്രിസ്‌കാ

അതിപുരാതനവും പ്രശസ്തവുമായ റോമന്‍ കുടുംബത്തിലെ അംഗമായിരുന്നു പ്രിസ്‌കാ. പലപ്പോഴായി തന്റെ പിതൃഗൃഹം സന്ദര്‍ശിച്ചിരുന്ന വി. പത്രോസില്‍ നിന്നാണ് അവള്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ക്രൈസ്തവരെ അതിക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരുന്ന നീറോ ചക്രവര്‍ത്തിയുടെ കാലഘട്ടമായിരുന്നു അത്.

പ്രിസ്‌കാ ഒരു ക്രിസ്ത്യാനിയാണെന്നു വെളിപ്പെട്ട ഉടന്‍ തന്നെ അവളെ അറസ്റ്റു ചെയ്ത് ചക്രവര്‍ത്തി മുമ്പാകെ ഹാജരാക്കി. തന്റെ മുമ്പില്‍ നില്‍ക്കുന്ന നിഷ്‌കളങ്കയായ പെണ്‍കുട്ടിയെ കത്തോലിക്കാ വിശ്വാസത്തില്‍ നിന്ന് ഇറുത്തുമാറ്റാന്‍ അധികം പ്രയാസപ്പെടേണ്ടതില്ല എന്നു തീരുമാനിച്ച ചക്രവര്‍ത്തി, അവളെ ദേവന്മാര്‍ക്ക് പൂജയര്‍പ്പിക്കുന്നതിനായി അപ്പോളോയുടെ ക്ഷേത്രത്തിലേക്കു കൊണ്ടുപോകാന്‍ ഉത്തരവിട്ടു. ആകാശവും ഭൂമിയും സൃഷ്ടിച്ച സത്യദൈവത്തിന്റെയും അവിടുത്തെ ഏകപുത്രനായ യേശുക്രിസ്തുവിന്റെയും മുമ്പിലല്ലാതെ തന്റെ മുട്ടുകള്‍ മടക്കുകയില്ലെന്ന അവളുടെ വാക്കുകളില്‍ കോപാസക്തനായ ചക്രവര്‍ത്തി അവളെ ക്രൂരമായ പ്രഹരത്തിനു ശേഷം ഒരു ദിവസത്തെ തടങ്കലിലാക്കാന്‍ ഉത്തരവിട്ടു. അടുത്ത ദിവസം ചക്രവര്‍ത്തിയുടെ മുമ്പിലേക്ക് ആനയിക്കപ്പെട്ട അവള്‍ തന്റെ വിശ്വാസത്തില്‍ ഉറച്ചുനിന്നു.

ക്രൂരനായ ചക്രവര്‍ത്തി, അവളുടെ വസ്ത്രങ്ങളുരിഞ്ഞ് ഇരുമ്പുവടി കൊണ്ട് കഠിനമായി അടിക്കാന്‍ ആജ്ഞാപിച്ചു. പക്ഷേ, സര്‍വ്വശക്തനായ ദൈവം സൂര്യപ്രകാശത്തെ വെല്ലുന്ന ഒരു വസ്ത്രം കൊണ്ട് അവളുടെ ശരീരത്തെ മറച്ചു. ഇരുമ്പുചൂണ്ടകള്‍ കൊണ്ട് അവളുടെ ശരീരത്തെ വലിച്ചുകീറാനായിരുന്നു അടുത്ത രാജകല്പന. പടയാളികള്‍ രാജകല്പന യഥാവിധി നിര്‍വ്വഹിച്ചതിനു ശേഷം വിശുദ്ധയെ കാരാഗൃഹത്തിലടച്ചു. അപ്പോഴും വിശുദ്ധയുടെ ശരീരം അത്ഭുതകരമായ പ്രഭയാല്‍ അനാവരണം ചെയ്യപ്പെട്ടിരുന്നു. പിന്നീട് രാജകല്പനയനുസരിച്ച് പ്രിസ്‌കായെ മല്ലരംഗത്തിനായി കൊണ്ടുവന്ന സിംഹത്തിന്റെ മുമ്പിലേക്ക് എറിഞ്ഞുകൊടുത്തു. ഇരയുടെ നേരെ ഗര്‍ജ്ജനത്തോടെ പാഞ്ഞടുക്കാറുള്ള സിംഹം വിശുദ്ധയെ കണ്ടപ്പോള്‍ ഒരു ആട്ടിന്‍കുട്ടിയെപ്പോലെ അവളുടെ പാദത്തിങ്കല്‍ ചെന്നുകിടന്നു.

ഈ അത്ഭുതങ്ങളൊക്കെ രാജാവിന്റെ കോപത്തെ ആളിക്കത്തിക്കുക മാത്രമാണുണ്ടായത്. പ്രിസ്കായെ വധിക്കാന്‍ പിന്നീട് പല മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചെങ്കിലും അവയെല്ലാം ദൈവസംരക്ഷണത്തിനു മുമ്പില്‍ പരാജയപ്പെട്ടു. അവസാനം വിശുദ്ധയുടെ തല മുണ്ഡനം ചെയ്ത് അപമാനിച്ച ശേഷം കഴുത്ത് വെട്ടാന്‍ ചക്രവര്‍ത്തി ഉത്തരവിട്ടു. ക്രിസ്തുവര്‍ഷം 54 ജനുവരി 19 -ാം തീയതിയാണ് പ്രിസ്‌കാ രക്തസാക്ഷി ആയതെന്നു വിശ്വസിക്കപ്പെടുന്നു. വിശുദ്ധയുടെ നാമധേയത്തിലുള്ള ഒരു ദൈവാലയത്തില്‍ പുണ്യവതിയുടെ പൂജ്യാവശിഷ്ടം സൂക്ഷിച്ചിട്ടുണ്ട് (വിശുദ്ധയുടെ ജീവിതകാലഘട്ടം ഒന്നാം നൂറ്റാണ്ടിലാണെന്നും അല്ല, മൂന്നാം നൂറ്റാണ്ടിലാണെന്നുമുള്ള അഭിപ്രായവ്യത്യാസം പണ്ഡിതര്‍ക്കിടയില്‍ നിലനില്‍ക്കുന്നു).

വിചിന്തനം: സഹനങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന നിധി എന്തെന്ന് അറിഞ്ഞാല്‍ നാം അവയെ വലിയ ലാഭമായി കണ്ട് സ്വീകരിക്കും – വി. വിന്‍സെന്റ് ഡി പോള്‍.

ഇതര വിശുദ്ധര്‍: ഹംഗറിയിലെ മാര്‍ഗരറ്റ് (12421271) / അര്‍ക്കെലായിഡും കൂട്ടരും (+293) / ഉള്‍ഫിഡ് (+1028) രക്തസാക്ഷി / ഫാ ്യോ (+1272) / ബാസ്മൂസ് / അമ്മോണിയൂസും രൊസെയൂസും (+250) /വൊലൂസിയാന്‍ / ഡേയിക്കോള (+625) / ലെയോാഡ് (+593) വി. ഗ്രിഗറിയുടെ ശിഷ്യന്‍ / ജെയിം ഹിലാരെയോ (1898 1937).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.