
തിരുസഭയുടെ മഹാവേദപാരംഗതന്‍ എന്നറിയപ്പെടുന്ന ഹിലരി 315-ല്‍ അക്വിെയിനിലെ പോയിറ്റിയേഴ്‌സ് എന്ന സ്ഥലത്താണ് ജനിച്ചത്. അക്രൈസ്തവനായിരുന്ന ഹിലരി അവിചാരിതമായി വിശുദ്ധ ഗ്രന്ഥം വായിക്കാനിടയായി. വിശുദ്ധ ഗ്രന്ഥത്തിലെ സത്യവചനങ്ങള്‍ അദ്ദേഹത്തിന് സത്യദൈവത്തെ കാട്ടിക്കൊടുത്തു. ഉടന്‍തന്നെ അദ്ദേഹം ക്രൈസ്തവമതം സ്വീകരിച്ചു. താമസിയാതെ ഭാര്യയേയും മക്കളേയും അദ്ദേഹം ക്രിസ്തുമതത്തിലേയ്ക്ക് ചേര്‍ത്തു. ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ ഇദ്ദേഹം മദ്ധ്യവയസ്കനായിരുന്നു.
അല്പനാളുകള്‍ക്കുശേഷം ഹിലരി തിരുപ്പട്ടം സ്വീകരിച്ച് വൈദികനായി. 353-ല്‍ അദ്ദേഹത്തെ സ്വദേശത്തെ മെത്രാനായി നിയമിച്ചു. ആര്യന്‍ പാഷണ്ഡത തഴച്ചുവളര്‍ന്ന കാലഘട്ടമായിരുന്നു അത്. അന്നത്തെ ചക്രര്‍ത്തിയായിരുന്ന കോണ്‍സ്റ്റാന്‍സിയൂസിന്റെ പിന്തുണയും അവര്‍ക്കായിരുന്നു. സംഖ്യാബലത്തില്‍ അധികമായിരുന്ന ഇവരുടെ നുഴഞ്ഞുകയറ്റത്തെ തടയാന്‍ പല പ്രാദേശിക സൂനഹദോസുകളിലും വിശുദ്ധന്‍ പങ്കെടുത്തു. ആര്യന്‍ പാഷണ്ഡികളെ ശക്തമായി എതിര്‍ത്തിരുന്നതിനാല്‍ അവര്‍ ചക്രവര്‍ത്തിയുടെ മുമ്പാകെ വിശുദ്ധനെതിരായി കുറ്റം ചുമത്തുകയും പ്രീജിയായിലേയ്ക്ക് നാടുകടത്തുകയും ചെയ്തു.
ഈ കാലത്താണ് വിശുദ്ധന്‍ പരിശുദ്ധ ത്രീത്വത്തെക്കുറിച്ചുള്ള ഒരു മഹാഗ്രന്ഥം രചിച്ചത്. കത്തോലിക്കരും ആര്യന്‍ പാഷണ്ഡികളും തമ്മില്‍ മേധാവിത്വത്തിനായി സമരം ചെയ്ത സെലൂക്യാ സൂനഹദോസില്‍ വിശുദ്ധന്‍ പങ്കെടുക്കുകയും ആര്യന്‍ പാഷണ്ഡികളെ പരാജയപ്പടുത്തുകയും ചെയ്തു. പിന്നീട് വിശുദ്ധന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍, ഇറ്റലി, ഇല്ലീരിയാ മുതലായ പ്രദേശങ്ങളില്‍ ചുറ്റിസഞ്ചരിച്ച് പാഷണ്ഡിതകള്‍ക്കെതിരെ പ്രസംഗിക്കുകയും കത്തോലിക്കാ വിശ്വാസത്തിന് പ്രാധാന്യം വരുത്തുകയും ചെയ്തു.
ഏതു പ്രവൃത്തിയും ദൈവസ്തുതി ചൊല്ലി ആരംഭിച്ചിരുന്ന വിശുദ്ധന്‍ ദൈവിക കാര്യങ്ങളെപ്പറ്റി രാപകല്‍ ധ്യാനിച്ചും പ്രാര്‍ത്ഥിച്ചും കൊണ്ടാണ് ജീവിച്ചിരുന്നത്. എട്ടു കൊല്ലത്തെ പ്രേഷിതവൃത്തിക്കുശേഷം തിരികെ പോയിന്റേഴ്‌സിലെത്തിയ വിശുദ്ധന്‍ 363-ല്‍ സമാധാനപൂര്വ്വംവം മരണം പ്രാപിച്ചു.
വി. കെന്റിജേണ്‍ (മുങ്കോ)
ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കെന്റിജേണ്‍ വി. സേര്‍ഫിന്റെ പരിചരണത്തിലാണ് വളര്‍ന്നത്. പിന്നീട് തപശ്ചര്യകള്‍ അനുഷ്ഠിച്ചുകൊണ്ട് ഗ്ലാസ്‌ഗോവില്‍ താമസിച്ച കെന്റിജേണിനെ അവിടുത്തെ ജനങ്ങളുടെ ആഗ്രഹാനുസരണം മെത്രാനായി അഭിഷേകം ചെയ്തു. 603-ല്‍ വിശുദ്ധന്‍ മരണമടഞ്ഞു.
വി. അഗ്രേസിയൂസ്
നാലാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ട്രയറിലെ മെത്രാനായിരുന്നു അഗ്രേസിയൂസ്. 314-ല്‍ ആള്‍സില്‍ നടന്ന സൂനഹദോസില്‍ അഗ്രേസിയൂസ് സംബന്ധിച്ചുവെന്നും അഗ്രേസിയൂസിന്റെ അനന്തരഗാമിയായി വി. മാക്‌സിമിനസ് തിരഞ്ഞെടുക്കപ്പെട്ടുവെന്നും വിശ്വസിക്കുന്നു.
വിചിന്തനം: എനിക്ക് എന്റെ ഈശോയെ മാത്രം മതി. മറ്റൊന്നും എനിക്കു വേണ്ട. ലോകസന്തോഷങ്ങളെല്ലാം എനിക്ക് കയ്പ്പായി പകര്‍ത്തേണമേ എന്നതാണ് എന്റെ നിരന്തരമായ പ്രാര്‍ത്ഥന – അല്‍ഫോന്‍സാ.
ഇതര വിശുദ്ധര്‍: ഒലിയന്‍ (ആറാം നൂറ്റാണ്ട്)/ ട്രയറിലെ അന്ത്രയോസ് (+235) ട്രയറിലെ മെത്രാന്‍/ എര്‍ബിന്‍ (അഞ്ചാം നൂറ്റാണ്ട്)/ ക്ലൂണിയിലെ ബെര്‍ണോ (850-927)/ വിവെന്റീയൂസ് (+400)/ എനെഗാത്തൂസ് (+631) ആലെത്തിലെ മെത്രാന്‍/ ഗ്ലാഫിറാ (+324)/ ഹെര്‍മിലൂസ്.
ഫാ. ജെ. കൊച്ചുവീട്ടില്‍