ജനുവരി 09: വി. അഡ്രിയന്‍

നേപ്പിള്‍സിനു സമീപമുള്ള നെരീദായിലെ ഒരു ആശ്രമാധിപനായിരുന്നു അഡ്രിയന്‍. അദ്ദേഹം ആഫ്രിക്കയിലാണ് ജനിച്ചത്. അഗാധജ്ഞാനവും ജീവിതവിശുദ്ധിയും വിനയവും ഒത്തുചേര്‍ന്ന അഡ്രിയനെ താരതമ്യേന മഹത്വമേറിയ ജോലികള്‍ ഭരമേല്പിക്കാന്‍ മാര്‍പാപ്പയും കാന്റര്‍ബെറി മെത്രാപ്പോലീത്തായും മറ്റും ആഗ്രഹിച്ചെങ്കിലും അവയില്‍നിന്നെല്ലാം അദ്ദേഹം ഒഴിഞ്ഞുമാറി.

എന്നാല്‍ പിന്നീട് കാന്റര്‍ബറിയില്‍ സമാരംഭിച്ച വേദവിദ്യാപീഠത്തില്‍ വി. തിയഡോറിനോടൊപ്പം അധ്യാപകനായി സേവനമനുഷ്ഠിച്ചു. അതോടുകൂടി ആ വിദ്യാപീഠത്തിന്റെ പ്രശസ്തി വര്‍ധിക്കുകയും വിവിധ ദേശങ്ങളില്‍നിന്ന് വിദ്യാർഥികള്‍ അവിടെയെത്തി അഡ്രിയന്റെ ശിഷ്യത്വം വരിക്കുകയും ചെയ്തു. വേദാന്തത്തിലും റോമന്‍ നിയമങ്ങളിലും വിവിധ ഭാഷകളിലും അന്യാദൃശ്യമായ അവഗാഹം വിശുദ്ധനുണ്ടായിരുന്നു.

ജീവിതവീഥിയില്‍ ലക്ഷ്യമില്ലാതെ അലഞ്ഞ സഹയാത്രികര്‍ക്ക് സമൃദ്ധമായി വെളിച്ചം നല്‍കിയ അഡ്രിയന്‍ 710-ല്‍ മരണമടഞ്ഞു.

വിചിന്തനം: ദൈവം സദാ എന്നോടുകൂടെ ഉള്ളതിനാല്‍ ഏതു ജോലിയില്‍ ഞാന്‍ വ്യാപൃതനാകുന്നു എന്നത്  സാരമുള്ള കാര്യമല്ല. എന്നാല്‍ അവിടുത്തോടുള്ള സ്‌നേഹസംഭാഷണത്തില്‍നിന്നു വിരമിച്ചുകൂടാ – വി. എലിസബത്ത്.

ഇതര വിശുദ്ധര്‍: ഹോണോരിയൂസ് (+1250)/ ബെര്‍ത്ത്‌വാള്‍ഡ് (+731)/ ജൂലിയന്റ്, സസിലീസാ (+304)/ അബോര്‍/ മാര്‍സിയാനാ (+303)/ വനിങ്ങൂസ്/ വി. ജൂലിയനും ബസലിസ്സായും.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.