ജനുവരി 08: വി. അപ്പോളിനാരിസ്

രണ്ടാം നൂറ്റാണ്ടില്‍ ഫ്രീജിയായിലെ ഹീയറാപ്പോലീസില്‍ മെത്രാനായിരുന്ന അപ്പോളിനാരിസിനെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ള വസ്തുതകള്‍ വളരെ പരിമിതമാണ്.

അപ്പോളിനാരിസ് വേദ-വിദ്യാവിശാരദനായിരുന്നുവെന്നും അമൂല്യമായ അനേകം കൃതികള്‍ രചിച്ചുവെന്നും വി. ജറോം, തിയൊഡൊറെറ്റ് മുതലായ പണ്ഡിതന്മാര്‍ പ്രസ്താവിച്ചിട്ടുണ്ട്. ജനങ്ങളുടെ ഇടയില്‍ പ്രചരിച്ച പല അബദ്ധസിദ്ധാന്തങ്ങളുടെയും യുക്തിരാഹിത്യത്തെ ചൂണ്ടിക്കാണിക്കുവാന്‍ വേണ്ടിയാണ് വിശുദ്ധന്‍ ഗ്രന്ഥങ്ങള്‍ രചിച്ചത്.

അക്കാലത്ത് ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥന മൂലം ചക്രവര്‍ത്തി മാര്‍ക്കസ് ഔറേലിയൂസിന് ക്വാദികളുടെ മേല്‍ വിജയം സിദ്ധിക്കുകയുണ്ടായി. ആ വിജയം ഇപ്രകാരമായിരുന്നു. ക്വാദികളുമായുണ്ടായ യുദ്ധത്തില്‍ ചക്രവര്‍ത്തിയുടെ സൈന്യം ശത്രുക്കളാല്‍ വലയം ചെയ്യെപ്പട്ടു. ഒപ്പം കഠിനമായ ജലക്ഷാമവും. ഭടന്മാരില്‍ ഗണ്യമായ ഭാഗം ക്രിസ്ത്യാനികളായിരുന്നു. അവര്‍ മുട്ടിന്മേല്‍ വീണ് മഴയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചയുടന്‍ ആകാശം മേഘാവൃതമാവുകയും മഴ പെയ്യുകയും ചെയ്തു. ദാഹശമനം വരുത്തിയ ഭടന്മാര്‍ ശക്തമായി തിരിച്ചടിച്ചതുകൊണ്ട് ചക്രവര്‍ത്തിക്ക് ശത്രുക്കളെ നിശ്ശേഷം തോല്പിക്കുവാന്‍ കഴിഞ്ഞു.

175-നോടടുത്ത് അപ്പോളിനാരിസ് ക്രിസ്തുവിശ്വാസികള്‍ക്കുവേണ്ടി ക്ഷമാപണരൂപമായ ഒരു ഗ്രന്ഥം രചിച്ച് ചക്രവര്‍ത്തിക്കു സമര്‍പ്പിച്ചു. പ്രസ്തുതഗ്രന്ഥം മുഖേന പ്രാര്‍ത്ഥനയുടെ പ്രാധാന്യവും പ്രയോജനവും വ്യക്തമാക്കുകയും മതപീഡനം അവസാനിപ്പിക്കണമെന്ന് ചക്രവര്‍ത്തിയോട് അപേക്ഷിക്കുകയും ചെയ്തു. തല്‍ഫലമായി ചക്രവര്‍ത്തി ക്രിസ്ത്യാനികള്‍ക്ക് മതസ്വാതന്ത്ര്യം നല്‍കുകയും വിശ്വാസത്തെച്ചൊല്ലി അവരെ കുറ്റപ്പെടുത്തുന്നവര്‍ക്ക് മരണശിക്ഷ നല്‍കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, ചക്രവര്‍ത്തിയുടെ ഉപദേശകസമിതി പ്രതികൂലമായ നിലപാട് സ്വീകരിച്ചതുകൊണ്ട് മതപീഡനം പിന്നെയും തുടര്‍ന്നു. അനേകം ക്രിസ്ത്യാനികള്‍ക്ക് പീഡകള്‍ സഹിക്കേണ്ടിവന്നു. പലരും കൊല്ലപ്പെട്ടു.

ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി പോരാടുകയും താല്‍ക്കാലികമായി ക്രിസ്ത്യാനികള്‍ക്ക് അനുകൂലമായ രാജകീയകല്പന പുറപ്പെടുവിക്കാന്‍ ഇടയാക്കുകയും ചെയ്ത ധീരനായ ഒരു അജപാലകന്‍ എന്ന നിലയിലാണ് അപ്പോളിനാരിസ് അറിയപ്പെടുന്നത്.

വിചിന്തനം: എല്ലാം ഈശോയില്‍ നിന്നു വരുന്നു, എല്ലാം ഈശോയുടേതാണ്. അതുകൊണ്ട് എല്ലാം ഈശോയ്ക്കു വേണ്ടിയായിരിക്കണം – വാഴ്. മരിയ യൂജിന്‍ മില്‍റ്റ.

ഇതര വിശുദ്ധര്‍: പേഗ (673-719)/ അതേം (926)/ കോണ്‍സ്റ്റാന്റിനോപിളിലെ ആറ്റിക്കൂസ് (+ 425)/ വുല്‍സിന്‍ (+1002)/ സെര്‍വിനൂസ്/ എര്‍ഗന്റ് (അഞ്ചാം നൂറ്റാണ്ട്)/ കര്‍ട്ടേരിയൂസ് (+304)/ ലൂസിയന്‍ (+290)/ പാവിയായിലെ മാക്‌സിമൂസ് (+511)/ വി. ആല്ബര്‍ട്ട് കാഷേല്‍/ വി. എര്‍ഹാര്‍ഡ്

ഫാ. ജെ. കൊച്ചുവീട്ടില്‍

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.