ഫെബ്രുവരി 04: വി. ജോണ്‍ ഡി ബ്രിട്ടോ

ഭാരതമണ്ണില്‍ വച്ച് രക്തസാക്ഷിത്വം ചൂടിയ വിശുദ്ധനാണ് ജോണ്‍ ഡി ബ്രിട്ടോ. 1647-ല്‍ പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണ്‍ നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. ബാല്യത്തില്‍ തന്നെ പിതാവിനെ നഷ്ടപ്പെട്ട ജോണ്‍, അമ്മ ഡോണാബയാട്രീസിന്റെ സംരക്ഷണത്തിലാണ് വളര്‍ന്നുവന്നത്. അവിടുത്തെ രാജകുമാരന്മാരുടെ കളിക്കൂട്ടുകാരനായിരുന്ന ജോണ്‍ പലപ്പോഴും രാജകൊട്ടാരത്തിലാണ് താമസിച്ചിരുന്നത്. ചെറുപ്പത്തില്‍ തന്നെ വിദ്യാഭ്യാസത്തില്‍ പ്രത്യേകിച്ച്, മതപഠനത്തില്‍ ജോണ്‍ താല്‍‍പര്യം പ്രകടിപ്പിച്ചിരുന്നു.

ജോണിന് ഏകദേശം പതിനൊന്നു വയസായപ്പോള്‍ മാരകമായ ഒരു രോഗം പിടിപെട്ടു. ജോണിന്റെ അമ്മ ഫ്രാന്‍സീസ് സേവ്യറിന്റെ മാദ്ധ്യസ്ഥ്യം യാചിക്കുകയും ഒരു വര്‍ഷത്തേയ്ക്ക് ഈശോസഭക്കാരുടെ വേഷം മകനെ അണിയിച്ചുകൊള്ളാമെന്ന് നേര്‍ച്ച നേരുകയും ചെയ്തു. അധികം താമസിയാതെ ജോണ്‍ സുഖംപ്രാപിച്ചു. വിശുദ്ധനെ ഈശോസഭാംഗമാകുവാന്‍ പ്രചോദിപ്പിച്ചത് ഈ സംഭവമായിരുന്നു.

പതിനഞ്ചാമത്തെ വയസില്‍ ജോണ്‍ ഈശോസഭയില്‍ പ്രവേശിച്ചു. എല്ലാവര്‍ക്കും മാതൃകാപരമായ ഒരു ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. ഈ കാലഘട്ടത്തില്‍ ഇന്ത്യയിലെ മിഷനറിമാരില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന കത്തുകള്‍ വിശുദ്ധനെ ഇന്ത്യയിലെ പ്രേഷിതരംഗത്തേയ്ക്ക് ആകര്‍ഷിച്ചു. നീണ്ടകാലത്തെ പ്രാര്‍ത്ഥനയുടെയും പരിശ്രമത്തിന്റെയും ഫലമായി അദ്ദേഹത്തിന് ഇന്ത്യയിലേയ്ക്ക് പോകുവാനുള്ള അനുമതി ലഭിച്ചു. സ്വമാതാവും രാജകുടുംബവും ഇതിനെ എതിര്‍ത്തുവെങ്കിലും അതിനെയെല്ലാം അതിജീവിച്ച് 1673 സെപ്റ്റംബര്‍ 6-ാം തീയതി പുരോഹിതനായ ജോണ്‍ ഗോവയിലെത്തി.

ഗോവയിലെത്തിയ ഉടന്‍ തന്നെ അദ്ദേഹം ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കി. അനന്തരം അദ്ദേഹത്തിന്റെ നീണ്ടകാലത്തെ സ്വപ്നമായിരുന്ന മധുരാ മിഷനില്‍ എത്തിച്ചേര്‍ന്നു. ഇതിനിടയില്‍ അദ്ദേഹം കേരളത്തിലും വന്നിരുന്നു. മധുരയിലെത്തിയ ജോണ്‍, ബ്രാഹ്മണരുടെ വേഷവും ഭക്ഷണവും അതേപടി അനുകരിച്ചു. ജോണിന്റെ പ്രവര്‍ത്തനഫലമായി അനേകം ആളുകള്‍ ക്രിസ്തുമതം സ്വീകരിച്ചു. വെറും മൂന്നുമാസം കൊണ്ട് 2070 പേരെയാണ് വിശുദ്ധന്‍ മാനസാന്തരപ്പെടുത്തിയത്. മാനസാന്തരങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ശത്രുക്കളുടെ എണ്ണവും ഏറിവന്നു. രാജാവ് ജോണിനെ ഒരു ശത്രുവായാണ് കണ്ടത്. അധികം താമസിയാതെ രാജാവ് വിശുദ്ധനെ തടങ്കലിലാക്കുകയും കഠിനമായി പീഡിപ്പിക്കുകയും ചെയ്തു. ഇനി മേലില്‍ മറവ രാജ്യത്ത് കാലുകുത്തരുതെന്ന താക്കീതോടെ വിശുദ്ധനെ കുറച്ചുനാളുകള്‍ക്കു ശേഷം ജയിലില്‍ നിന്നും മോചിപ്പിച്ചു.

അധികം താമസിയാതെ ജോണിനെ ഗോവയിലേയ്ക്ക് അധികാരികള്‍ തിരികെ വിളിച്ചു. അദ്ദേഹത്തെ അവിടുന്ന് പോര്‍ച്ചുഗല്ലിലേയ്ക്ക് അയച്ചു. എന്നാല്‍, താമസിയാതെ വിശുദ്ധന്‍ തന്റെ പ്രിയപ്പെട്ട മിഷന്‍ പ്രദേശത്തേയ്ക്ക് തിരികെയെത്തി പ്രവര്‍ത്തനം ആരംഭിച്ചു. ഫലം അത്ഭുതപ്പെടുത്തുന്നതായിരുന്നു.1692-ല്‍ വിശുദ്ധന്റെ പ്രസംഗത്തില്‍ ആകൃഷ്ടനായ തടിയര്‍ദേവര്‍ രാജകുമാരന്‍ ജ്ഞാനസ്‌നാനം സ്വീകരിക്കാനായി വിശുദ്ധനെ സമീപിച്ചു. അഞ്ചു ഭാര്യമാരുണ്ടായിരുന്ന അദ്ദേഹം, ക്രിസ്ത്യാനിയാവുന്നതിനു വേണ്ടി നാലു ഭാര്യമാരെ അവരുടെ അവകാശങ്ങള്‍ നല്‍കി ഉപേക്ഷിച്ചു. ഇതില്‍ ഒരാള്‍ രാമനാട്ടു രാജാവിന്റെ അനന്തരവളായിരുന്നു. അവള്‍ ബ്രാഹ്മണരുടെ ഉപദേശപ്രകാരം പ്രതികാരത്തിനായി രാജാവിനെ നിര്‍ബന്ധിച്ചു. അധികം താമസിയാതെ തന്നെ വിശുദ്ധന്‍ ബന്ധനസ്ഥനായി. കഠിനമായ പീഡനങ്ങള്‍ക്കുശേഷം 1693 ഫെബ്രുവരി 4-ാം തീയതി അദ്ദേഹത്തെ ശിരസ്സ് ഛേദിച്ച് വധിച്ചു.

വിചിന്തനം: ”നീ കര്‍ത്താവിന്റെ മിത്രവും അവിടുത്തെ മഹത്വത്തില്‍ ഓഹരിക്കാരനുമാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവിടുത്തെ പാനപാത്രം സ്‌നേഹപൂര്‍വ്വം കുടിച്ചുകൊള്‍ക” – ക്രിസ്താനുകരണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.