ഫെബ്രുവരി 03: വി. ആന്‍സ്‌കാര്‍

നോര്‍വേ, സ്വീഡന്‍, ഡന്മാര്‍ക്ക്, ഉത്തര ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ സുവിശേഷമറിയിച്ചത് ആന്‍സ്‌കാറാണ്. 801-നോടടുത്ത് ഫ്രാന്‍സിലെ പിക്കാര്‍ഡിയില്‍ ജനിച്ച അദ്ദേഹം കോര്‍ബിയിലെ ആശ്രമവിദ്യാലയത്തില്‍ ചേര്‍ന്ന് വേദശാസ്ത്രങ്ങളില്‍ പാണ്ഡിത്യം നേടി. പഠനം കഴിഞ്ഞ് അദ്ദേഹം കോര്‍ബിയിലെ ആശ്രമത്തില്‍ ചേര്‍ന്നു. അനന്തരം അത്യധികമായ തീക്ഷ്ണതയോടു കൂടി പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.

അന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ഡന്മാര്‍ക്കിലെ രാജാവ് ഹരോള്‍ഡിനെ വിശ്വാസത്തിലേയ്ക്ക് ആനയിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഹാരോള്‍ഡ്, തന്റെ നാട്ടിലേയ്ക്ക് മടങ്ങിയപ്പോള്‍ ആന്‍സ്‌കാറിനെ കൂടെ കൂട്ടിക്കൊണ്ടു പോയി. ഡന്മാര്‍ക്കില്‍ സുവിശേഷം പ്രസംഗിക്കുവാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചത് അങ്ങനെയാണ്. അക്കാലയളവില്‍ തന്നെ സുവിശേഷപ്രസംഗങ്ങള്‍ക്കായി സ്വീഡനിലെ രാജാവ് ആന്‍സ്‌കാറിനെ തന്റെ രാജ്യത്തിലേയ്ക്കു ക്ഷണിച്ചു.

831-ല്‍ ഗ്രിഗോറിയോസ് നാലാമന്‍ മാര്‍പാപ്പ ആന്‍സ്‌കാറിനെ ഹാംബര്‍ഗ്ഗിലെ മെത്രാനും അപ്പസ്‌തോലിക പ്രതിനിധിയുമായി നിയമിച്ചു. അതിനെ തുടര്‍ന്ന് അദ്ദേഹം നോര്‍വേയിലും സ്വീഡനിലും ഡന്മാര്‍ക്കിലും ഉത്തര ജര്‍മ്മനിയിലും പ്രശസ്തവിജയം നേടി. 845-ല്‍ ഒരു സംഘം വിജിഗീഷുക്കള്‍ ഹാംബര്‍ഗ്ഗ് ആക്രമിച്ച് പൂര്‍ണ്ണമായി നശിപ്പിച്ചു. അതോടു കൂടി സ്വീഡനും ഡന്മാര്‍ക്കും വിഗ്രഹാരാധനയിലേയ്ക്കു പിന്തിരിഞ്ഞു. ജര്‍മ്മനിയില്‍ മാത്രം വിശ്വാസദീപം അണയാതെ നിന്നു. അതിനാല്‍ ആന്‍സ്‌കാര്‍ വീണ്ടും ഡന്മാര്‍ക്കിലെത്തി സുവിശേഷപ്രവര്‍ത്തനങ്ങളില്‍ മുഴുകി. തല്‍ഫലമായി അവിടെ ആശാവഹമായ നേട്ടങ്ങള്‍ ഉണ്ടായി.

സ്വീഡനിലാകട്ടെ, അന്ധവിശ്വാസിയായിരുന്ന രാജാവ് ക്രിസ്ത്യന്‍ മിഷനറിമാരെ തന്റെ രാജ്യത്ത് പ്രവേശിപ്പിക്കണമോ വേണ്ടയോ എന്നു നിര്‍ണ്ണയിക്കുന്നതിനുവേണ്ടി കുറിയിട്ടു. മിഷനറിമാര്‍ക്ക് അനുകൂലമായിട്ടാണ് കുറി വീണത്. ആ അവസരം ഉപയോഗിച്ച് ആന്‍സ്‌കാര്‍ മികവുറ്റ ഏതാനും പ്രേഷിതരോടൊത്ത് സ്വീഡനിലുടനീളം സഞ്ചരിച്ച് ദൈവരാജ്യം പ്രസംഗിക്കുകയും ധാരാളം ദേവാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.

കര്‍ക്കശമായ തപശ്ചര്യകള്‍ അനുഷ്ഠിച്ചുപോന്ന ആന്‍സ്‌കാര്‍, പരുക്കന്‍ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. പലപ്പോഴും ദരിദ്രരുടെ പാദങ്ങള്‍ കഴുകുകയും അവര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുകയും ചെയ്തിരുന്നു. മിക്ക ദിവസങ്ങളിലും അപ്പവും വെള്ളവും മാത്രമായിരുന്നു ആഹാരം. സങ്കീര്‍ത്തനങ്ങളോടൊപ്പം താന്‍ തന്നെ എഴുതിയുണ്ടാക്കിയ ഈശ്വരസ്തുതിഗീതങ്ങള്‍ ഭക്തിപൂര്‍വ്വം ആലപിക്കുക പതിവായിരുന്നു. ബ്രീമെന്നില്‍ വച്ച് അറുപത്തേഴാമത്തെ വയസ്സില്‍ അദ്ദേഹം മരിച്ചു.

വിചിന്തനം: ”എല്ലാ പ്രവൃത്തികളും ഈശോയോടൊത്ത് ചെയ്യുക. അപ്പോള്‍ യാതൊന്നും നിസ്സാരമായി തോന്നില്ല.” – പരിശുദ്ധ ത്രീത്വത്തിന്റെ വി. എലിസബത്ത്.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.