ഫെബ്രുവരി 27: വി. ഗബ്രിയേല്‍ പൊസ്സേന്തി

1838-ല്‍ ഇറ്റലിയിലെ സ്‌പൊളേറ്റോവില്‍ സാന്തേ പൊസ്സേന്തി എന്ന അഭിഭാഷകന്റെ പതിമൂന്നു മക്കളില്‍ പതിനൊന്നാമനായി ഗബ്രിയേല്‍ ജനിച്ചു. ഫ്രാന്‍സിസ് എന്നായിരുന്നു കുട്ടിയുടെ ജ്ഞാനസ്‌നാന നാമം. അവന് നാലു വയസ്സ് പ്രായമായിരിക്കെ മാതാവ് മരണമടഞ്ഞു.

സ്‌പൊളേറ്റോവിലെ ജസ്വീറ്റ്‌ കോളേജിലാണ് ഗബ്രിയേല്‍ വിദ്യാഭ്യാസം ചെയ്തത്. സമവയസ്‌കരായ വ്യക്തികളെ അപേക്ഷിച്ച് എടുത്തുപറയത്തക്ക യാതൊരു പ്രത്യേകതയും അവനില്‍ ദൃശ്യമായിരുന്നില്ല. സുഹൃത്തുക്കളോടൊത്തു കളിച്ചും രസിച്ചും സുഖലോലുപനായി കഴിഞ്ഞു. ഭംഗിയേറിയ വസ്ത്രം ധരിക്കുന്നതിലും എല്ലാവര്‍ക്കും സന്തോഷമുളവാകത്തക്കവണ്ണം സരസമായി സംസാരിക്കുന്നതിലും അവന്‍ വളരെ ശ്രദ്ധാലുവായിരുന്നു. വിദ്യാഭ്യാസകാലം കഴിഞ്ഞപ്പോള്‍ ഗബ്രിയേലിന് ഗുരുതരമായ രോഗം പിടിപെട്ടു. അത് വിശുദ്ധന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഘട്ടമായിരുന്നു. വ്യക്തമായ ഒരു ജീവിതവീക്ഷണം രൂപപ്പെടുത്താന്‍ അത് സഹായകമായി. രോഗവിമുക്തി ലഭിച്ചാല്‍, ദൈവനിയോഗമനുസരിച്ച് ഒരു ആത്മീയജീവിതപാത താന്‍ തിരഞ്ഞെടുക്കുമെന്ന് അവന്‍ നിശ്ചയിച്ചു. എന്നാല്‍, രോഗവിമുക്തി ലഭിച്ചപ്പോള്‍ ആ നിശ്ചയം അനുവര്‍ത്തിക്കാന്‍ അവനു കഴിഞ്ഞില്ല. കുറേനാള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും രോഗബാധയുണ്ടായി. തദവസരത്തില്‍ അവന്‍ തന്റെ നിശ്ചയം പുതുക്കി.

ഇത്തവണ രോഗവിമുക്തനായപ്പോള്‍ ജസ്വീറ്റ് സഭയില്‍ ചേരാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് അപേക്ഷ നല്‍കി. ആ സമയത്ത് കോളറ ബാധിച്ച് അദ്ദേഹത്തിന്റെ ഒരു സഹോദരി മരണമടഞ്ഞു. അതിനാല്‍ പിന്നെയും ഏതാനും നാള്‍ കൂടി വൈകി. ജസ്വീറ്റ് സഭയേക്കാള്‍ അധികം തപശ്ചര്യകള്‍ ആവശ്യപ്പെടുന്ന പീഡാനുഭവ സഭയിലാണ് ഒടുവില്‍ ചേര്‍ന്നത്. അവിടെ ഗബ്രിയേലിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഏറ്റവും മാതൃകായോഗ്യമായിരുന്നു. നിസ്സാരമായ ജോലികള്‍പോലും ദൈവമഹത്വത്തിനായി നിര്‍വഹിച്ചുപോന്നു. പ്രസന്നഭാവം, പ്രാര്‍ഥനാതീക്ഷ്ണത, വിനയം, വിധേയത്വം, ദീനാനുകമ്പ, തപോനിഷ്ഠ മുതലായ ഗുണവിശേഷങ്ങള്‍കൊണ്ട് എല്ലാവര്‍ക്കും പ്രിയങ്കരനായി.

1862-ല്‍ ഗബ്രിയേല്‍ മൂന്നാമതും രോഗഗ്രസ്തനായി. അത് സന്യാസജീവിതം ആരംഭിച്ചിട്ട് ആറാം വര്‍ഷമായിരുന്നു. ആ വര്‍ഷം തന്നെ ഫെബ്രുവരി 27-ന് അദ്ദേഹത്തിന്റെ ആത്മാവ് സ്വര്‍ഗത്തിലേക്കു പറന്നുയര്‍ന്നു. 1920-ല്‍ ഗബ്രിയേല്‍ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടു.

വിചിന്തനം: ”ഒരാത്മാവിന്റെ യഥാര്‍ഥ മഹത്വം ദൈവത്തെ സ്‌നേഹിക്കുന്നതിലും അവിടുത്തെ സന്നിധിയില്‍ സ്വയം എളിമപ്പെടുന്നതിലുമാണ്” – പരിശുദ്ധ കന്യാമറിയം

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.