ഫെബ്രുവരി 26: വി. പൊര്‍ഫീരിയൂസ്

തെസലോനിക്കായിലെ ഒരു കുലീനകുടുംബത്തില്‍ ജനിച്ച പൊര്‍ഫീരിയൂസ് ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ സര്‍വസംഘപരിത്യാഗിയായി നാടുവിട്ട് ഈജിപ്തിലെ സ്‌കീറ്റ് മരുഭൂമിയിലെത്തി ഒരു ആശ്രമത്തില്‍ ചേര്‍ന്നു. അഞ്ചുവര്‍ഷം കഴിഞ്ഞ് അവിടെനിന്നും പാലസ്തീനിയായിലേക്കു പോയി. ജോര്‍ദ്ദാനു സമീപം ഒരു ഗുഹയില്‍ പാര്‍ത്തു; വീണ്ടും അഞ്ചുവര്‍ഷം കഠിനതപസ്സ് ചെയ്തു.

രോഗബാധിതനായിത്തീരുകയാല്‍ ജറുസലേമിലെത്തി അനുദിനം വിശുദ്ധസ്ഥലങ്ങള്‍ സന്ദര്‍ശിച്ചുതുടങ്ങി. ക്ഷീണാധിക്യം നിമിത്തം ഒരു ഊന്നുവടിയുടെ സഹായത്തോടുകൂടിയാണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്. ഏഷ്യയില്‍നിന്നും വന്ന മര്‍ക്കോസ് എന്ന പേരോടുകൂടിയ ഒരു തീർഥാടകൻ പൊര്‍ഫീരിയൂസിന്റെ ഭക്തിയില്‍ ആകര്‍ഷിതനായി. ഒരു ദിവസം പൊര്‍ഫീരിയൂസ്, തിരുവുത്ഥാനത്തിന്റെ ദൈവാലയത്തിലേക്കുള്ള ഉയര്‍ന്ന പടവുകള്‍ കയറാന്‍ കഴിയാതെ വിഷമിക്കുന്നതുകണ്ട് മര്‍ക്കോസ് സഹായഹസ്തം നീട്ടി. പൊര്‍ഫീരിയൂസ് പറഞ്ഞു: “വേണ്ടാ, എന്റെ പാപങ്ങള്‍ക്കു പരിഹാരമായി ഞാന്‍തന്നെ ഈ ക്ലേശം സഹിക്കേണ്ടിയിരിക്കുന്നു. അങ്ങനെ എന്റെ പാപങ്ങള്‍ തമ്പുരാന്‍ ക്ഷമിക്കുമാറാകട്ടെ.”

തെസലോനിക്കായിലെ അദ്ദേഹത്തിന്റെ ഭൂസ്വത്ത് മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നില്ല. അത് എത്രയുംവേഗം വിൽക്കാൻ പൊര്‍ഫീരിയൂസ് മര്‍ക്കോസിനെ ചുമതലപ്പെടുത്തി. അതനുസരിച്ച്‌ മര്‍ക്കോസ് തെസലോനിക്കായിലെത്തി ഭൂസ്വത്ത് വിറ്റ് പണവുമായി മടങ്ങിയെത്തി. പൊര്‍ഫീരിയൂസ് ആ പണം മുഴുവന്‍ ദരിദ്രര്‍ക്കു ദാനംചെയ്തു. അതോടുകൂടി അദ്ദേഹത്തിന്റെ രോഗങ്ങളെല്ലാം നിശ്ശേഷം മാറിയതായി മര്‍ക്കോസ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. മര്‍ക്കോസ് പൊര്‍ഫീരിയൂസിനോടൊത്തു പാര്‍ത്തു. ഇരുവരും ശാരീരികാധ്വാനം കൊണ്ടുമാത്രം അഷ്ടിക്കുള്ള വക സമ്പാദിച്ചു.

നാല്പതു വയസ്സ് പ്രായമായപ്പോള്‍ പൊര്‍ഫീരിയൂസിനെ ജറുസലേം മെത്രാന്‍, വൈദികനായി അഭിഷേകം ചെയ്തു. വിശുദ്ധ കുരിശിന്റെ അവശിഷ്ടഭാഗം സംരക്ഷിക്കുന്നതിനുള്ള ചുമതലയും ഏല്പിച്ചുകൊടുത്തു. അപ്പോഴും പൊര്‍ഫീരിയൂസ് തന്റെ തപശ്ചര്യകള്‍ക്ക് മുടക്കംവരുത്തിയില്ല.

396-ല്‍ ഗാസായിലെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. മെത്രാന്‍പദം ഏറ്റെടുക്കാന്‍ വിമനസ്സായിരുന്നുവെങ്കിലും അധികാരികളുടെ ആജ്ഞയ്ക്ക് അദ്ദേഹം വഴങ്ങുകയായിരുന്നു. അക്കാലത്ത് ഗാസായില്‍ ധാരാളം വിഗ്രഹാരാധകര്‍ ഉണ്ടായിരുന്നു. പൊര്‍ഫീരിയൂസിന്റെ ജീവിതവിശുദ്ധിയും അത്ഭുതപ്രവര്‍ത്തനങ്ങളും കണ്ട് അവരില്‍ പലരും ക്രിസ്തുവിശ്വാസം സ്വീകരിച്ചു. ചക്രവര്‍ത്തിനി എവുഡോക്‌സിയയുടെ കല്പനപ്രകാരം പല അമ്പലങ്ങളും നശിപ്പിക്കപ്പെടുകകൂടി ചെയ്തപ്പോള്‍ ഗാസായില്‍ നിന്നും വിഗ്രഹാരാധന സമ്പൂര്‍ണ്ണമായി തുടച്ചുനീക്കാന്‍ പൊര്‍ഫീരിയൂസിന് അനുകൂലാവസരം ലഭിച്ചു. അവിടുത്തെ പ്രധാന ക്ഷേത്രത്തിന്റെ സ്ഥാനത്ത് മനോഹരമായ ഒരു ക്രൈസ്തവദേവാലയം നിര്‍മ്മിക്കാനും കഴിഞ്ഞു. 420-ല്‍ അദ്ദേഹം ചരമം പ്രാപിച്ചു.

വിചിന്തനം: ”മനുഷ്യന്‍ നല്‍കുന്ന സംരക്ഷണത്തെ നാം കൂടുതലായി വിലമതിക്കരുത്. അങ്ങനെ ചെയ്താല്‍ കര്‍ത്താവ് പരിപാലനയുടെ അത്ഭുതകരം പിന്‍വലിച്ചേക്കാം” – ക്രിസ്താനുകരണം.

ഫാ. ജെ. കൊച്ചുവീട്ടിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.