ഫെബ്രുവരി 24: വി. അവര്‍ത്താന്‍

കര്‍മ്മലീത്താ സഭാംഗമായ വി. അവര്‍ത്താന്‍ പതിമൂന്നാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ ലിമോഗസ് എന്ന സ്ഥലത്ത് ജനിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് വളരെ വിരളമായ വിവരങ്ങള്‍ മാത്രമേ നമുക്ക് അറിവുള്ളൂ.

വളരെ ചെറുപ്പത്തില്‍ തന്നെ ഒരു സന്യാസിയാകുവാന്‍ അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. അതനുസരിച്ച് ഒരു തുണസഹോദരനായി അവര്‍ത്താന്‍ ലിമോഗസിലുള്ള കര്‍മ്മലീത്താ സഭയില്‍ പ്രവേശിച്ചു. ഒരു വിശുദ്ധനു ചേര്‍ന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അധികം തമസിയാതെ തന്നെ അവര്‍ത്താന്റെ സുകൃതജീവിതം അനേകരെ അദ്ദേഹത്തിലേയ്ക്ക് ആകര്‍ഷിപ്പിക്കുവാന്‍ ഇടയായി.

ഒരിക്കല്‍ അദ്ദേഹം മറ്റൊരു തുണസഹോദരനോടൊപ്പം തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ടു. ഈ യാത്രയില്‍ ദൈവം വിശുദ്ധനിലൂടെ അനേകം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി പറയപ്പെടുന്നു. അദ്ദേഹത്തിന്റെ സഹസന്യാസികളും സുഹൃത്തുക്കളുമെല്ലാം അദ്ദേഹത്തെ ഒരു വിശുദ്ധനായിട്ടാണ് കരുതിയിരുന്നത്. ദര്‍ശനവരം, പ്രവചനവരം തുടങ്ങിയ ദാനങ്ങളും ദൈവം വിശുദ്ധനു നല്‍കിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് തിരികെയുള്ള യാത്രയില്‍ രോഗബാധിതനായ വിശുദ്ധന്‍ 1280-നോടടുത്ത് ഇറ്റലിയുടെ വടക്കുഭാഗത്തുള്ള ലൂക്കാ എന്ന സ്ഥലത്തുവച്ച് മരണമടഞ്ഞു എന്ന് കരുതുന്നു. അവിടെയുള്ള വി. പത്രോസിന്റെ ദൈവാലയത്തിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്.

മരണശേഷവും അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയിലൂടെ അനേകം അത്ഭുതങ്ങള്‍ നടന്നു. അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ നടന്നിട്ടുള്ള അത്ഭുതങ്ങളെ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ ലൂക്കായിലെ കത്തീഡ്രലിലും അവിടെയുള്ള വി. പത്രോസിന്റെ ദൈവാലയത്തിലും ഇന്നു കാണാവുന്നതാണ്.

വിചിന്തനം: “ആത്മാവ് സ്വയം വീണതാണെങ്കിലും സ്വയം എഴുന്നേല്‍ക്കുവാന്‍ അതിനു കഴിയില്ല. ദൈവകൃപയിലുള്ള ആശ്രയത്വം ഒന്നുമാത്രമാണ് ആത്മാവിനു രക്ഷാകരം” – ക്ലയര്‍വോയിലെ വി. ബര്‍ണാര്‍ദ്‌

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.