ഫെബ്രുവരി 18: വി. ആഞ്ജില്‍ബര്‍ട്ട്

കാറല്‍മാന്‍ ചക്രവര്‍ത്തിയുടെ സദസ്യനായിരുന്ന ആഞ്ജില്‍ബര്‍ട്ട്, വിവിധ ഭാഷകളിലും സാഹിത്യത്തിലും പ്രാവീണ്യമുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ പ്രത്യേകമായ സ്വഭാവസവിശേഷതകളില്‍ ആകൃഷ്ടനായ ചക്രവര്‍ത്തി, ആഞ്ജില്‍ബര്‍ട്ടിന് മെത്രാപ്പോലീത്താസ്ഥാനം വാഗ്ദാനംചെയ്തു. എന്നാല്‍ ആധ്യാത്മികവിഷയങ്ങളില്‍ വിമുഖനായിരുന്നതുകൊണ്ട് അദ്ദേഹം ആ സ്ഥാനം സ്വീകരിച്ചില്ല. പിന്നീട് ചക്രവര്‍ത്തിയുടെ പുത്രി ബര്‍ത്തായെ വിവാഹംചെയ്തു. പിൽക്കാലത്ത് സന്യാസിയായ നിതാര്‍ഡും സഹോദരന്‍ ഹാര്‍ണിഡുമാണ് ആഞ്ജില്‍ബര്‍ട്ട് – ബര്‍ത്താ ദമ്പതികളുടെ സന്താനങ്ങള്‍.

കുറേനാള്‍ കഴിഞ്ഞപ്പോള്‍ മരണകരമായ ഒരു രോഗത്തിന്റെഫലമായി ആഞ്ജില്‍ബര്‍ട്ടിന്റെ ജീവിതവീക്ഷണത്തില്‍ പ്രകടമായ പരിവര്‍ത്തനമുണ്ടായി. അക്കാലത്ത് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ വൈദേശിക ആക്രമണഭീഷണി അത്യന്തം രൂക്ഷമായിത്തീര്‍ന്നു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംവഹിക്കാന്‍ ആഞ്ജില്‍ബര്‍ട്ട് നിയോഗിക്കപ്പെട്ടു. ഒരിക്കല്‍ ഡന്മാര്‍ക്കിന്റെ സൈന്യവുമായി ഏറ്റുമുട്ടി. യുദ്ധത്തില്‍ വിജയം സിദ്ധിക്കുകയാണെങ്കില്‍ താനൊരു സന്യാസിയായിക്കൊള്ളാമെന്ന് ആഞ്ജില്‍ബര്‍ട്ട് നേര്‍ച്ചനേര്‍ന്നു. ദൈവഹിതപ്രകാരം ഒരു കൊടുങ്കാറ്റുണ്ടാവുകയും ഡന്മാര്‍ക്കിന്റെ പടക്കപ്പലുകള്‍ ചിതറിപ്പോവുകയും ചെയ്തു. തന്മൂലം അവര്‍ നിശ്ശേഷം കീഴടങ്ങി. അതിനാല്‍ ആഞ്ജില്‍ബര്‍ട്ട്, താന്‍ നിശ്ചയിച്ചിരുന്നതനുസരിച്ച് സന്യാസം വരിച്ചു; ബര്‍ത്തായും സന്യാസിനിയായി.

ആഞ്ജില്‍ബര്‍ട്ടിന്റെ ജീവിതാന്ത്യംവരെ അദ്ദേഹത്തിന് ചക്രവര്‍ത്തി സഹായങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ചക്രവര്‍ത്തിയുടെ സാമ്പത്തികസഹായംകൊണ്ട് ആഞ്ജില്‍ബര്‍ട്ട് തന്റെ ആശ്രമം വലുതാക്കി പണിയിച്ചു. വേദശാസ്ത്രങ്ങളില്‍ ഉപരിഗവേഷണം നടത്താന്‍ ആഗ്രഹിച്ചവര്‍ക്കുവേണ്ടി ഗ്രന്ഥാലയങ്ങള്‍ സ്ഥാപിച്ചു. അഹോരാത്രം ദൈവത്തെ പാടിസ്തുതിക്കുന്നതിനുവേണ്ടി വിദഗ്ധ ഗായകസംഘങ്ങള്‍ക്കു രൂപംനല്‍കി. വാര്‍ധക്യകാലംവരെ സഭയെയും  രാഷ്ട്രത്തെയും സമര്‍ഥമായി സേവിച്ച വിശുദ്ധന്‍, കാറല്‍മാന്‍ ചക്രവര്‍ത്തിയുടെ മരണത്തിനുശേഷം ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ മരണമടഞ്ഞു.

വിചിന്തനം: ”ഒരു ബ്ലാക്ക്‌ ബോര്‍ഡില്‍ എഴുതാന്‍ തുടങ്ങുന്നതിനുമുമ്പ് അതിലുള്ളതൊക്കെയും ആദ്യം മായിച്ചുകളയണം. ഞാനാകുന്ന ബ്ലാക്ക്‌ ബോര്‍ഡില്‍ മായിച്ചുകളയാന്‍ ഒത്തിരിയുണ്ടായിരുന്നു” –  ചാള്‍സ് ഡി ഫുക്കോള്‍ഡ്.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.