ഫെബ്രുവരി 16: വി. ഏലിയാസ്

റോമില്‍ അത്യുഗ്രമായ മതപീഡനം നടമാടിയിരുന്ന കാലയളവില്‍ സിലീഷ്യായിലെ ഭൂഗര്‍ഭാലയങ്ങളില്‍ അടിമപ്പണികള്‍ക്കായി ധാരാളം ക്രിസ്ത്യാനികളെ നിയോഗിച്ചിരുന്നു. അവരെ സന്ദര്‍ശിക്കാനായി പാലസ്തീനായില്‍നിന്നും അഞ്ച്  ക്രിസ്ത്യാനികള്‍ വരികയുണ്ടായി. ഏലിയാസ് എന്ന ധീരപുരുഷനായിരുന്നു അവരുടെ നേതാവ്.

അവര്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിപ്പോകുമ്പോള്‍ കേസറിയായില്‍വച്ച് പടയാളികളുടെ പിടിയിലകപ്പെട്ടു. അടുത്ത ദിവസം വി. പാംഫിലൂസിനോടൊത്ത് പ്രാദേശിക ഭരണാധികാരിയായിരുന്ന ഫിര്‍മീലിയന്റെ പക്കലേക്ക് ആനയിക്കപ്പെട്ടു. ആദ്യമായി, അവരെ പീഡനയന്ത്രത്തില്‍ കിടത്തി കൈകാലുകള്‍ വലിച്ചുനീട്ടാന്‍ ഫിര്‍മീലിയന്‍ ഭടന്മാര്‍ക്കു നിര്‍ദേശംനല്‍കി. അതിനുശേഷം ചോദ്യംചെയ്തു. താന്‍ ഒരു ക്രിസ്ത്യാനിയാണെന്നും ജറമിയാസ്, ഐസ്സയാസ്, സാമുവേല്‍, ദാനിയേല്‍ എന്ന നാലു വ്യക്തികളാണ് തന്നോടുകൂടെയുള്ളതെന്നും ഏലിയാസ് വെളിപ്പെടുത്തി. ഫിര്‍മീലിയന്‍ അവരുടെ ജന്മദേശം ഏതാണെന്ന് ആരാഞ്ഞു. “ജെറുസലേം; സാക്ഷാല്‍ സ്വര്‍ഗീയജെറുസലേം തന്നെ” ഏലിയാസ് പ്രതിവചിച്ചു. ക്രുദ്ധനായ ഫിര്‍മീലിയന്‍, ഏലിയാസിനെയും സുഹൃത്തുക്കളെയും കൈകള്‍ പിറകോട്ടുകെട്ടി കഠിനമായി മര്‍ദിച്ചതിനുശേഷം ശിരച്ഛേദം ചെയ്യാന്‍ കല്പന പുറപ്പെടുവിച്ചു.

വിധിവാചകം കേട്ടപ്പോള്‍ പാംഫിലൂസിന്റെ പരിചാരകനായിരുന്ന പോര്‍ഫീറി, ഏലിയാസിനും സുഹൃത്തുക്കള്‍ക്കും മാന്യമായ ശവസംസ്‌കാരം നല്‍കണമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. ഫിര്‍മീലിയന്‍ പോര്‍ഫീറിയെ വിളിച്ചു ചോദ്യംചെയ്തു. താനും ഒരു ക്രിസ്ത്യാനിയാണെന്ന് അയാള്‍ ഉടന്‍ മറുപടി പറഞ്ഞു. ദേവന്മാര്‍ക്കു  പൂജയര്‍പ്പിക്കണമെന്ന് ഫിര്‍മീലിയന്‍ പോര്‍ഫീറിയോടു ആവശ്യപ്പെട്ടു. എന്നാല്‍, പോര്‍ഫീറി വഴങ്ങിയില്ല. അതിനാല്‍, ഫിര്‍മീലിയന്റെ നിര്‍ദേശമനുസരിച്ച് ഭടന്മാര്‍ ഇരുമ്പുകൊളുത്തുകള്‍കൊണ്ട് പോര്‍ഫീറിയുടെ ശരീരപാര്‍ശ്വങ്ങള്‍ വലിച്ചുകീറി. പോര്‍ഫീറി കരയുകയോ, ഞരങ്ങുക പോലുമോ ചെയ്തില്ല. അനന്തരം പോര്‍ഫീറിയെ അഗ്നികുണ്ഡവലയത്തിന്റെ നടുവില്‍ നിറുത്തി. അപ്പോള്‍ ആ ധീരപുരുഷന്‍ ഭക്തിപൂര്‍വം ദൈവസ്തുതികള്‍ ആലപിച്ചു. പടയാളികള്‍ അഗ്നി പ്രോജ്വലിപ്പിച്ചതുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആ യുവാവ് കത്തിക്കരിഞ്ഞു. പോര്‍ഫീറിയുടെ ധീരതയെ വാഴ്ത്തിയ സെലൂക്കസ് എന്ന മറ്റൊരു യുവാവിനെയും പടയാളികള്‍ പിടികൂടി ശിരച്ഛേദം ചെയ്തു.

വിചിന്തനം: ”യേശുവിനോടുള്ള സ്‌നേഹംനിമിത്തം ഈ ലോകത്തില്‍ ഏറ്റവും ദരിദ്രനും വിസ്മൃതനുമായിക്കഴിയാന്‍ ആഗ്രഹിച്ചവര്‍ക്ക് സ്വര്‍ഗത്തില്‍ ഒന്നാം സ്ഥാനം ലഭിക്കും. അവനായിരിക്കും അവിടെ ഏറ്റവും കൂലീനനും, സര്‍വോപരി സമ്പന്നനും” – വി. കൊച്ചുത്രേസ്യാ

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.