ഫെബ്രുവരി 13 : റിച്ചിയിലെ വി. കാതറിന്‍

 

വി. കാതറിന്‍ 1522 ല്‍ ഫ്‌ളോറന്‍സിലെ റിച്ചി എന്ന സമ്പന്ന കുടുംബത്തില്‍ ഒരു പ്രഭുവിന്റെ മകളായി ജനിച്ചു. അലക്‌സാന്‍ട്രീനാ എന്നായിരുന്നു അവളുടെ മാമ്മോദീസാപേര്. ചെറുപ്പത്തില്‍ തന്നെ മാതാവിനെ നഷ്ടപ്പെട്ടിരുന്നതിനാല്‍ അമ്മാ മയുടെ സംരക്ഷണത്തിലാണു വിശുദ്ധ വളര്‍ന്നത്.

പതിനാലാമത്തെ വയസില്‍ ഡോമിനിക്കന്‍ ആശ്രമത്തില്‍ ചേര്‍ന്ന വിശുദ്ധ കാതറൈന്‍ എന്ന പേരു സ്വീകരിച്ചു. ആശ്രമത്തില്‍ പ്രവേശിച്ച ആദ്യകാലഘട്ടങ്ങളില്‍ ആരോഗ്യം നന്നേ കുറവായിരുന്ന കാതറീനെ ദൈവം അത്ഭുതകരമായി സുഖപ്പെടുത്തി. അന്നുമുതല്‍ കര്‍ത്താവിന്റെ പീഡാനുഭവങ്ങളെക്കുറിച്ച് ധ്യാനിച്ചിരുന്ന കാതറിന്‍ കഠിനമായ തപക്രിയകള്‍ അനുഷ്ഠിച്ചുപോന്നു. ആഴ്ചയിലെ മിക്ക ദിവസങ്ങളിലും ഉപവസിച്ചിരുന്ന വിശുദ്ധ സഭാനിയമം അനുവദിച്ചിരുന്നിടത്തോളം തവണ സ്വശരീരത്തില്‍ ചമ്മട്ടികൊണ്ട് അടിച്ചിരുന്നു. വിശുദ്ധയില്‍ വിളങ്ങിനിന്നിരുന്ന എളിമയും അനുസരണവും വിനയവും ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

രോഗികളെയും ദരിദ്രരെയും ശുശ്രൂഷിക്കുവാന്‍ കിട്ടിയ യാതൊരവസരവും വിശുദ്ധ പാഴാക്കിയിരുന്നില്ല. രോഗികളില്‍ തന്റെ ദിവ്യമണവാളനെ ദര്‍ശിച്ചിരുന്ന കാതറിന്‍ മുട്ടിന്മേല്‍നിന്നാണ് അവരെ ശുശ്രൂഷിച്ചിരുന്നത്.
സദാ കര്‍ത്താവിന്റെ പീഡാനുഭവങ്ങളെ ധ്യാനിച്ചിരുന്ന വിശുദ്ധയ്ക്ക് പന്ത്രണ്ടു വര്‍ഷത്തോളം എല്ലാ ആഴ്ചയിലും വ്യാഴാഴ്ച ഉച്ചമുതല്‍ വെള്ളിയാഴ്ച മൂന്നുമണിവരെ ഭക്തി പാരവശ്യമുണ്ടായിക്കൊണ്ടിരുന്നു. ഈ അവസരങ്ങളില്‍ കര്‍ത്താവിന്റെ പഞ്ചക്ഷതങ്ങള്‍ വിശുദ്ധയില്‍ പതിഞ്ഞിരുന്നു. ഈ അനുഗ്രഹം അവളില്‍ കഠിനമായ വേദന ഉളവാക്കി. എന്നാല്‍ ഈ വേദനയും തപക്രിയകളും പ്രാര്‍ത്ഥനകളുമെല്ലാം ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി സന്തോഷത്തോടെ കാതറിന്‍ കാഴചവച്ചു.
ശുദ്ധീകരണാത്മാക്കളോട് അവള്‍ക്കുണ്ടായിരുന്ന സ്‌നേഹം അധികം താമസിക്കാതെ ആ നഗരത്തില്‍ പ്രസിദ്ധമായിത്തീര്‍ന്നു. അതിനാല്‍ ആരെങ്കിലും മരിച്ചാല്‍ അവരുടെ ബന്ധുക്കള്‍ മരിച്ചു പോയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അപേക്ഷയുമായി വിശുദ്ധയുടെ അടുക്കല്‍ ഓടിക്കൂടിയിരുന്നു. ഓരോ ആത്മാവും ശുദ്ധീകരണസ്ഥലത്ത് പ്രവേശിക്കുന്ന സമയവും ആത്മാവിനെ അവിടെയുള്ള കാലതാമസവും വെളിപാടുമൂലം വിശുദ്ധ അറിഞ്ഞിരുന്നു. പല വിശുദ്ധരുമായി ഈ പുണ്യവതി സംഭാഷണം നടത്തിയിരുന്നതായി പറയപ്പെടുന്നു. ഒരിക്കല്‍ പ്രാറ്റിലെ മഠത്തില്‍ ഇരുന്നുകൊണ്ട് റോമിലെ വി. ഫിലിപ്പു നേരിയുമായി വിശുദ്ധ സംസാരി ച്ചതിന് ദൃക്‌സാക്ഷികളുണ്ട്.

വിശുദ്ധയുടെ ജീവിതപരിശുദ്ധി ശരിയാംവണ്ണം മനസിലാക്കിയിരുന്ന സഭാംഗങ്ങള്‍ അവളെ ചെറുപ്രായത്തില്‍തന്നെ തങ്ങളുടെ നോവിസ് മിസ്ട്രസ്സായി തിരഞ്ഞെടുത്തു. വെറും 25-ാമത്തെ വയസില്‍ വിശുദ്ധ ആജീവനാന്ത മഠാധിപയായി. നീണ്ടകാലം രോഗങ്ങള്‍ നല്കിയ വേദന ക്ഷമയോടെ സഹിച്ച കാതറിന്‍ 1589 ഫെബ്രുവരി 2-ാം തീയതി സ്വര്‍ഗ്ഗത്തിലേക്കു യാത്രയായി. 1746 ല്‍ ബനഡിക്റ്റ് 14-ാമന്‍ പാപ്പ കാതറിനെ വിശുദ്ധയെന്ന് നാമകരണം ചെയ്തു.

വിചിന്തനം: ”നാം ഈ ലോകത്തില്‍ ആയിരിക്കുന്നത് പുണ്യയോഗ്യത നേടിയെടുക്കുന്നതിനുവേണ്ടിയാണ്. അതിനാല്‍ ഈ ഭൂമി വിശ്രമത്തിന്റെ ഇടമല്ല. മറിച്ച് ജോലിയുടെയും സഹനത്തിന്റെയും ഇടമാണ്” – വി. അല്‍ഫോന്‍സ് ലിഗോരി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ