ഫെബ്രുവരി 01: വി. ബ്രജീത്താ

രാജവംശജരായ മാതാപിതാക്കന്മാരില്‍നിന്ന് എ.ഡി 450-ല്‍ ആള്‍സ്റ്റെറിന്‍ എന്ന സ്ഥലത്താണ് വി. ബ്രജീത്താ ജനിച്ചത്. കുലമഹിമയോടൊപ്പം പുണ്യസമ്പത്തും വിശുദ്ധയോടൊപ്പമുണ്ടായിരുന്നു. ബാല്യംമുതല്‍ എളിമ, അനുസരണം, സൗമ്യത മുതലായ പുണ്യങ്ങളുടെ വിളനിലമായിരുന്നു അവൾ. ദരിദ്രരോട് പ്രത്യേക അനുകമ്പ പ്രകടിപ്പിച്ചിരുന്ന ബ്രജിത്താ, ഭിക്ഷാടകരെയും നിസ്സഹായരെയും തേടിപ്പിടിച്ച് അവര്‍ക്ക് ഭക്ഷണസാധനങ്ങള്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

എളിമയിൽ വളര്‍ന്നുവന്ന ബ്രജീത്തായില്‍ പരസ്‌നേഹ പ്രവര്‍ത്തികളും വര്‍ധിച്ചുവന്നു. വിശേഷബുദ്ധിയില്ലാത്ത ജന്തുക്കള്‍പോലും വിശുദ്ധയുടെ പരസ്‌നേഹപ്രവര്‍ത്തിയുടെ ഫലമനുഭവിച്ചു. യൗവനദശയിലെത്തിയ ബ്രജീത്തായുടെ സൗന്ദര്യത്തിലും മറ്റു വിശിഷ്ടഗുണങ്ങളിലും ആകൃഷ്ടരായ പല യുവാക്കളും അവളെ വിവാഹംകഴിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍, തന്റെ ഹൃദയം പണ്ടേതന്നെ ക്രിസ്തുവിനു പൂര്‍ണ്ണമായി സമര്‍പ്പിച്ചു എന്നായിരുന്നു അവളുടെ മറുപടി.

വിശുദ്ധയുടെ മാതാപിതാക്കളും സഹോദരങ്ങളും വിവാഹത്തിനായി അവളെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. തന്റെ സൗന്ദര്യമാണ് ഇതിനെല്ലാം കാരണമെന്നു മനസ്സിലാക്കിയ ബ്രജീത്താ, ആ സൗന്ദര്യം തന്നില്‍നിന്ന് എടുത്തുകളയണമെന്ന് ദിവ്യനാഥനോടു പ്രാർഥിച്ചു. വിശുദ്ധയുടെ പ്രാര്‍ഥന ശ്രവിച്ച ദിവ്യനാഥന്‍ അവളുടെ ആഗ്രഹം സഫലമാക്കി. തത്ഫലമായി ബ്രജീത്തായുടെ ഒരു കണ്ണ് നഷ്ടപ്പെട്ടു. അതോടെ കാമുകന്മാരുടെ ശല്യം തീര്‍ത്തും ഇല്ലാതെയായി. മാത്രമല്ല, സന്യാസ സഭയില്‍ പ്രവേശിക്കാനുള്ള അനുവാദം മാതാപിതാക്കളില്‍നിന്നു ലഭിക്കുകയുംചെയ്തു.

ബ്രജീത്തായുടെ സന്യാസ സഭാപ്രവേശനാവസരത്തില്‍ മൂന്ന് അത്ഭുതങ്ങള്‍ സംഭവിച്ചതായി ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിട്ടുണ്ട്. വി. മക്കേയിന്‍ മെത്രാന്‍ ബ്രജീത്തായ്ക്ക് ശിരോവസ്ത്രം നല്‍കിയപ്പോള്‍ വിശുദ്ധയുടെ തലയ്ക്കുമുകളില്‍ ദൈവാലയത്തിന്റെ മേല്‍ക്കൂരവരെ എത്തുന്ന ഒരു പ്രകാശധോരണി അദ്ദേഹം ദര്‍ശിച്ചു. അതിനുശേഷം ബലിപീഠത്തിന്റെ പടവുകള്‍ ചുംബിച്ചപ്പോള്‍, തടികൊണ്ടു നിര്‍മ്മിതമായിരുന്ന ആ അള്‍ത്താരപ്പടി വിശുദ്ധയുടെ സ്പര്‍ശനമേറ്റപ്പോള്‍ പച്ചയായിത്തീരുകയും പുഷ്പിക്കുകയും ചെയ്തു. മൂന്നാമത്തെ അത്ഭുതം, മുമ്പു നഷ്ടപ്പെട്ട കാഴ്ചയും സൗന്ദര്യവും ബ്രജീത്തായ്ക്ക് തിരികെ ലഭിച്ചു.

വിശുദ്ധയുടെ പുണ്യജീവിതത്തില്‍ ആകൃഷ്ടരായ നിരവധി പേര്‍ ബ്രജീത്തായോടൊപ്പം ജീവിക്കാന്‍ തുടങ്ങി. വെസ്റ്റ് മിത്ത് ഗ്രാമത്തിലാണ് ബ്രജീത്താ തന്റെ ആദ്യ ആശ്രമം സ്ഥാപിച്ചത്. സന്യാസികളുടെ എണ്ണം വര്‍ധിച്ചതോടെ പുതിയ ആശ്രമങ്ങള്‍ ആരംഭിച്ചു. ഈ മഠങ്ങളിലെല്ലാം ധാരാളംപേര്‍ വേദപഠനത്തിനായി വന്നുകൊണ്ടിരുന്നു. വന്നവരെയെല്ലാം അവൾ സ്‌നേഹത്തേടെ സ്വീകരിക്കുകയും അവര്‍ക്കു ഭക്ഷണംനല്‍കുകയും ചെയ്തിരുന്നു. സന്യാസിനികള്‍ പട്ടിണികിടക്കേണ്ടി വന്നാല്‍തന്നെയും സഹായം അഭ്യര്‍ഥിച്ചുവരുന്ന ഒരു സാധുവിനെപ്പോലും അവൾ വെറുംകൈയ്യോടെ തിരികെ അയച്ചിരുന്നില്ല. ബ്രജീത്തായുടെ ജീവിതകാലത്തുതന്നെ അയര്‍ലണ്ട് മുഴുവന്‍ അവരുടെ സന്യാസമഠങ്ങള്‍ വ്യാപിച്ചിരുന്നു. വി. ബ്രജീത്ത മരിച്ചത് 523 ഫെബ്രുവരി ഒന്നാം തീയതിയാണെന്നു വിശ്വസിക്കപ്പെടുന്നു. അയര്‍ലണ്ടിന്റെ മധ്യസ്ഥ ആയാണ് വിശുദ്ധ അറിയപ്പെടുന്നത്.

വിചിന്തനം: “പുണ്യപൂര്‍ണ്ണത നേടാനുള്ള പരിശ്രമവും വിശുദ്ധിയും അടങ്ങിയിരിക്കുന്നത് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നതിലാണ്. വിശുദ്ധിയിലേക്കുള്ള പക്വത ദൈവേഷ്ടത്തിന്റെ സംപൂര്‍ണ്ണത നിറവേറ്റലാണ്” – വി. ഫൗസ്റ്റീന.

ഫാ. ജെ. കൊച്ചുവീട്ടിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.