ഡിസംബര്‍ 31: വി. സില്‍വസ്റ്റര്‍ ഒന്നാമന്‍

റോമില്‍ ജനിച്ച ഇദ്ദേഹം പാപ്പായായി 314 ജനുവരി 31-ന് തിരഞ്ഞെടുക്കപ്പെട്ടു. കിരീടം ധരിക്കുന്ന ആദ്യത്തെ മാര്‍പാപ്പായാണ് സില്‍വസ്റ്റര്‍ ഒന്നാമന്‍. അദ്ദേഹം നിഖ്യായില്‍ ആദ്യത്തെ കോണ്‍സ്റ്റന്റയിന്‍ എക്യുമെനിക്കല്‍ കൗണ്‍സില്‍ സൂനഹദോസ് വിളിച്ചുകൂട്ടി. ഇവിടെ വച്ചാണ് ‘വിശ്വാസപ്രമാണം’ ആദ്യഭാഗം പ്രസിദ്ധീകരിച്ചത്. കര്‍ത്താവിന്റെ ഉയര്‍പ്പിന്റെ ഓര്‍മ്മയ്ക്കായി ഞായറാഴ്ച അവധി ദിവസമായി ആചരിക്കുന്നതിന് വ്യവസ്ഥ ചെയ്തു. വിശുദ്ധ കുരിശിലെ ആണി ഉപയോഗിച്ച് ഇരുമ്പുകിരീടം നിര്‍മ്മിച്ചത് പാപ്പായാണെന്ന് വിശ്വസിക്കപ്പെടുന്നു.

കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി സഭാ സംരക്ഷകനാകുന്ന സന്ദര്‍ഭവും ഈ കാലത്തുണ്ടായി. ക്രിസ്തുമതത്തില്‍ ഐക്യവും പുതുജീവനും പകര്‍ന്നത് അദ്ദേഹമാണ്. അദ്ദേഹം ഒരു ക്രിസ്ത്യാനിയെപ്പോലെ വര്‍ത്തിച്ചു. എന്നാല്‍, ജ്ഞാനസ്‌നാനം സ്വീകരിച്ചിട്ടില്ലായിരുന്നു. അദ്ദേഹം മരണാസന്നനായപ്പോഴാണ് എവുസേബിയൂസ് മെത്രാന്‍ 337-ല്‍ അദ്ദേഹത്തിന് ജ്ഞാനസ്‌നാന ശുശ്രൂഷ നല്‍കിയത്.

ആര്യനിസത്തിന്റെ ഉപജ്ഞാതാവ് അലക്‌സാണ്‍ഡ്രിയായിലെ ആരിയൂസ് എന്ന പുരോഹിതനായിരുന്നു. പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള പാരമ്പര്യവിശ്വാസത്തെ അദ്ദേഹം എതിര്‍ത്തു. അദ്ദേഹത്തിന്റെ വാദം, ‘പുത്രന്‍ പിതാവിന് വിധേയനും പിതാവിന്റെ സത്തയില്‍ നിന്നും വ്യത്യസ്തനും കുറഞ്ഞവനുമാണ്. എന്നായിരുന്നു. ആരിയൂസിന്റെ വാക്‌ധോരണിയില്‍ ആകൃഷ്ടരായ അനേകം വൈദികരും പല മെത്രാന്മാരും ഈ പഠനങ്ങള്‍ ശരിയാണെന്നു വാദിച്ചു.

ദൈവശാസ്ത്രപരമായ ഈ വാദകോലാഹലങ്ങള്‍ സഭയില്‍ രണ്ടു ചേരികളെ സൃഷ്ടിച്ചു. ഇതില്‍ അസ്വസ്ഥനായ ചക്രവര്‍ത്തി, സഭാ സംരക്ഷകന്‍ എന്ന സ്ഥാനം സ്വയം ഏറ്റെടുത്തുകൊണ്ട് സഭയിലെ ആദ്യത്തെ സാര്‍വ്വത്രിക സൂനഹദോസ് 325-ല്‍ നിഖ്യായില്‍ വിളിച്ചുകൂട്ടി. 314 മെത്രാന്മാര്‍ ഇതില്‍ പങ്കെടുത്തു. കൗണ്‍സിലില്‍ സംബന്ധിക്കാനെത്തിയ മെത്രാന്മാരോടു മാര്‍പാപ്പാ അറിയിച്ചത് “സഭയില്‍ ഉണ്ടായിരിക്കുന്ന അഭിപ്രായഭിന്നതകളെ ഞാന്‍ യുദ്ധത്തേക്കാള്‍ ഭയെപ്പടുന്നു. ഭീതിദായകവും വേദനാജനകവുമാണത്” എന്നാണ്.

സഭയില്‍ ഐക്യം പുനഃസ്ഥാപിക്കുവാന്‍ അദ്ദേഹം അവരെ ആഹ്വാനം ചെയ്തു. 325-ല്‍ സമ്മേളിച്ച നിഖ്യാ സൂനഹദോസ് മെയ് ഒന്നു മുതല്‍ ഓഗസ്റ്റ് വരെ നീണ്ടു. ഈ സൂനഹദോസ് നല്‍കിയ മഹത്തായ സംഭാവനയാണ് വിശ്വാസപ്രമാണവും ആര്യനിസത്തെ ശപിച്ചുകൊണ്ടുള്ള പ്രഖ്യാപനവും. കൗണ്‍സില്‍ സമ്മേളിച്ച് പതിനൊന്നു വര്‍ഷം കഴിഞ്ഞ് 335 ഡിസംബറില്‍ സില്‍വെസ്റ്റര്‍ ഒന്നാമന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

വിചിന്തനം: ”വരൂ, നമുക്ക് ഒരുമിച്ച് വിശുദ്ധരാകാം” –  വി. റോസരല്ലോ.

ഇതര വിശുദ്ധര്‍ : ബാര്‍ബേഷ്യന്‍ (അഞ്ചാം നൂറ്റാണ്ട്)/ സെന്‍സിലെ കൊളുംബാ (+273) രക്തസാക്ഷി/ ഹെര്‍മസ് (+270) രക്തസാക്ഷി/ ഒഫാ (+1070)/ ഡൊണാത്താ-റോമന്‍ രക്തസാക്ഷികള്‍ സബീനിയാനും പൊട്ടെന്‍ഷ്യാനും (390) രക്തസാക്ഷികള്‍/  സോറ്റിക്കൂസ് (+350) ദരിദ്രരുടെ മധ്യസ്ഥന്‍.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.