ഡിസംബര്‍ 30: വാഴ്ത്ത. മാര്‍ഗ്ഗരറ്റ് കൊളോണ

കൊളോണയിലെ ഒരു രാജകുടുംബത്തില്‍ 1210-ല്‍ മാര്‍ഗരറ്റ് ജനിച്ചു. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരണമടഞ്ഞു. തുടര്‍ന്ന് സഹോദരന്മാരാണ് മാര്‍ഗ്ഗരറ്റിനെ വളര്‍ത്തിയത്. പ്രായപൂര്‍ത്തി എത്തിയപ്പോള്‍ ശോഭനമായ ഒരു വിവാഹത്തിന് മൂത്ത സഹോദരന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ മാര്‍ഗരറ്റ് കന്യാത്വജീവിതമാണ് അഭിലഷിച്ചത്. ഇളയ സഹോദരന്‍ അതിനുവേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തു.

രണ്ടു സഹായികളോടൊപ്പം പാലസ്തീനയ്ക്കടുത്ത് ഒരു മലമ്പ്രദേശത്ത് അവള്‍ താമസമാക്കി. ക്ലാരസഭയില്‍ ചേരാനാഗ്രഹിച്ചുവെങ്കിലും രോഗം തടസ്സമായി. എങ്കിലും ദരിദ്ര ക്ലാരമാരെ അനുകരിച്ച് പരുക്കന്‍ വസ്ത്രവും കര്‍ക്കശ നിയമപാലനവും സ്വീകരിച്ച് അവള്‍ ജീവിച്ചു. മറ്റു മഠങ്ങളിലൊന്നും ചേരാന്‍ കഴിഞ്ഞില്ലെങ്കിലും വൈദികനും കര്‍ദ്ദിനാളുമായിത്തീര്‍ന്ന ഇളയ സഹോദരന്റെ ശുപാര്‍ശയില്‍ നാലാം ഊര്‍ബന്‍ മാര്‍പാപ്പായുടെ അംഗീകാരത്തോടുകൂടി സ്വഭവനം ഒരു മഠമാക്കി മാറ്റി. തുല്യമനസ്‌ക്കരെ സ്വീകരിക്കുകയും ക്ലാരസഭയുടെ നിയമാവലി പാലിച്ചു ജീവിക്കുകയും ചെയ്തു.

ലൗകീകാനന്ദങ്ങള്‍ വെടിഞ്ഞ് ഏകാന്തതയിലും തപശ്ചര്യകളിലും വ്യാപരിച്ച മാര്‍ഗരറ്റിന് സ്വന്തക്കാരില്‍ നിന്നും ഏറെ പരീക്ഷണങ്ങളും ശല്യങ്ങളും സഹിക്കേണ്ടിവന്നു. രോഗവും വേദനയും വഴി ഈശോയോട് അവള്‍ കൂടുതല്‍ ഐക്യപ്പെട്ടു. ദിവ്യകാരുണ്യനാഥന്റെ സ്‌നേഹം അനുഭവിച്ചറിഞ്ഞ മാര്‍ഗരറ്റിന് പീഡാനുഭവത്തില്‍ പങ്കുചേരാനുള്ള അനുഗ്രഹവും ലഭിച്ചു. ഹൃദയഭാഗത്ത് ദൃശ്യമായ മുറിവ് സാവകാശം വ്യാപ്തിയിലും ആഴത്തിലും വികസിച്ചു. ജീവിതസായാഹ്നത്തിലെ ഏഴുവര്‍ഷം ദുസ്സഹമായ വേദന ഏറ്റുവാങ്ങി അന്തിമനിമിഷം വരെ ഈ അനുഗ്രഹത്തിന് മാര്‍ഗരറ്റ് നന്ദി പറഞ്ഞുകൊണ്ടിരുന്നു. സഹോദരികളുടെയും സഹോദരന്റെയും സാന്നിധ്യത്തില്‍ 1284 ഡിസംബര്‍ 30-ന് മാര്‍ഗരറ്റ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

വിചിന്തനം: നമുക്ക് ഇഷ്ടമുള്ളിടത്ത് ദൈവഹിതം തേടുകയല്ല വേണ്ടത്. അനുസരണത്തില്‍ ദൈവഹിതം കാണുകയാണു വേണ്ടത് – വി.അമ്മത്രേസ്യാ

ഇതര വിശുദ്ധര്‍: അനീസിമാ (+304) രക്തസാക്ഷി/ അനീസിയൂസ് (+407) സലോണിക്കായിലെ മെത്രാന്‍ എഗ്‌വിന്‍ (+717 )/ എവുജിന്‍ മിലാനിലെ മെത്രാന്‍/ ലിസേരിയൂസ് (+200) റവേന്നായിലെ മെത്രാന്‍/ റെയ്‌നീതിയൂസ് (+1077) അക്വീലായിലെ മെത്രാന്‍/ സാബിനൂസ്(+303).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.