ഡിസംബര്‍ 29: വി. തോമസ് ബെക്കറ്റ്

ലണ്ടനിലെ രാജപ്രതിനിധിയായിരുന്ന ഗില്‍ബര്‍ട്ടിന്റെയും മെറ്റില്‍ഡായുടെയും പുത്രനായി 1118-ല്‍ തോമസ് ജനിച്ചു. ഉന്നതവിദ്യാഭ്യാസം നേടിയ അദ്ദേഹത്തിന് ഇരുപത്തിനാലാമത്തെ വയസ്സില്‍ കാന്റര്‍ബറി മെത്രാപ്പോലീത്താ ആയിരുന്ന തെയോബാള്‍ഡിന്റെ ഭവനത്തില്‍ ഒരു ഉയര്‍ന്ന ഉദ്യോഗം ലഭിച്ചു. അനിതര സാധാരണമായ ആദര്‍ശനിഷ്ഠയും ബുദ്ധിവൈഭവവും കൊണ്ട് ശ്രദ്ധേയനായിത്തീര്‍ന്ന ആ യുവാവ് അതിവേഗം മെത്രാപ്പോലീത്തായുടെ പ്രീതി നേടി. മെത്രാപ്പോലീത്തായുടെ സമ്മതത്തോടു കൂടി തന്റെ ജോലിയോടൊപ്പം വൈദികപഠനവും നിര്‍വ്വഹിച്ചു.

1154-ല്‍ ഡീക്കനായും തുടര്‍ന്ന് കാന്റര്‍ബറിയിലെ ആര്‍ച്ചുഡീക്കനായും നിയമിക്കപ്പെട്ടു. 1155-ല്‍ മുപ്പത്തിയാറാമത്തെ വയസ്സില്‍ അദ്ദേഹത്തെ ഹെന്‍ട്രി രണ്ടാമന്‍ രാജാവ് തന്റെ ചാന്‍സലറായി നിയമിച്ചു.

കാന്റര്‍ബറി മെത്രാപ്പോലീത്താ, തെയോബാള്‍ഡ് 1161-ല്‍ മൃതിയടഞ്ഞു. തല്‍സ്ഥാനം അലങ്കരിക്കുവാന്‍ തികച്ചും യോഗ്യനായ തോമസ് ബെക്കെറ്റിനെ തന്നെ ഹെന്‍ട്രി രണ്ടാമന്‍ നിയോഗിച്ചു. ഈ തീരുമാനത്തില്‍ വിമനസ്സായ തോമസ് പിന്നീട് റോമില്‍ നിന്നുമുണ്ടായ നിര്‍ദ്ദേശമനുസരിച്ച് മെത്രാപ്പോലീത്താ സ്ഥാനം സ്വീകരിക്കുവാന്‍ നിര്‍ബന്ധിതനായി. 1162-ല്‍ അദ്ദേഹം വൈദികനായും തുടന്ന് മെത്രാനായും അഭിഷിക്തനായി. അക്കാലം മുതല്‍ തന്റെ ജീവിതശൈലിയില്‍ സവിശേഷമായ താപസചൈതന്യം പുലര്‍ത്തി. സകലപ്രവര്‍ത്തനങ്ങളിലും ആഡംബരങ്ങള്‍ പരമാവധി ഒഴിവാക്കിക്കൊണ്ട് ആധ്യാത്മികതയ്ക്ക് മുന്തിയ പരിഗണന കൊടുത്തു.

അധികം വൈകാതെ രാജാവ് സഭാകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുവാനും സഭയുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുവാനും മുതിര്‍ന്നു. കാന്റര്‍ബറിയില്‍ നിന്നുപോലും വിശ്വാസികളുടെ നേര്‍ച്ചപ്പണം തട്ടിയെടുക്കുവാന്‍ മടിച്ചില്ല. ഇതിനെ മെത്രപ്പോലീത്താ എതിര്‍ത്തു. തല്‍ഫലമായി അദ്ദേഹം രാജ്യദ്രോഹിയും വിശ്വാസവഞ്ചകനുമായി മുദ്ര കുത്തപ്പെട്ടു. അവസാനം അദ്ദേഹം ഇംഗ്ലണ്ട് വിട്ടു ഫ്രാന്‍സിലേയ്ക്കു പോയി. ഫ്രാന്‍സിലെ ലൂയി ഏഴാമന്‍ രാജാവ് അദ്ദേഹത്തെ ഹാര്‍ദ്ദമായി സ്വീകരിച്ചു. ആ തക്കം നോക്കി ഹെന്‍ട്രി രണ്ടാമന്‍ മെത്രാപ്പോലീത്തായുടെ സ്വത്ത് കണ്ടുകെട്ടി; ബന്ധുക്കളെയെല്ലാം നാടുകടത്തി.

1170-ല്‍ താല്‍ക്കാലികമായ ഒരു ഒത്തുതീര്‍പ്പിന്റെ ഫലമായി തോമസ് ബെക്കറ്റ് ഇംഗ്ലണ്ടില്‍ മടങ്ങിവന്നു. രാജാവിനു കൂട്ടുനിന്ന മെത്രാന്മാരുടെ മഹറോന്‍ ശിക്ഷ നിരുപാധികം ഒഴിവാക്കണമെന്ന് രാജാവ് മെത്രാപ്പോലീത്തായോട് ആവശ്യെപ്പട്ടു. എന്നാല്‍, മെത്രാപ്പോലീത്താ ആ നിര്‍ദ്ദേശത്തിനു വഴങ്ങിയില്ല. ക്രോധാവേശം പൂണ്ട് രാജാവിന്റെ കല്പനയനുസരിച്ച് പടയാളികള്‍ അദ്ദേഹത്തെ ഇരിപ്പിടത്തില്‍ നിന്നു ബലാല്‍ക്കാരേണ പിടിച്ചു വലിച്ചിഴച്ചു മാറ്റിനിറുത്തി ശിരച്ഛേദം ചെയ്തു.

മെത്രാപ്പോലീത്തായുടെ രക്തരൂഷിതമായ മൃതദേഹം അദ്ദേഹത്തിന്റെ സ്വന്തം കത്തീഡ്രലില്‍ അനാഥമായി കിടന്നു. രാജകോപം ഭയന്ന് ആളുകള്‍ മൃതദേഹത്തെ സമീപിക്കുവാന്‍ ഭയന്നു. ക്രമേണ ആ ദുരന്തവാര്‍ത്ത കാട്ടുതീ പോലെ എല്ലായിടങ്ങളിലും പരന്നു. ഏറെനേരം കഴിഞ്ഞ് സമചിത്തത വീണ്ടെടുത്ത് വൈദികരും അത്മായരും ഉള്‍പ്പെടെ അനവധി ആളുകള്‍ ഭദ്രാസന ദേവാലയത്തില്‍ സമ്മേളിച്ച് ആദരപൂര്‍വ്വം തങ്ങളുടെ ഇടയന്റെ മൃതദേഹം കാന്റര്‍ബറയില്‍ തന്നെ സംസ്‌കരിച്ചു. മൂന്നു വര്‍ഷം കഴിഞ്ഞ് തോമസ് ബെക്കറ്റ് വിശുദ്ധനായി നാമകരണം ചെയ്യപ്പട്ടു.

വിചിന്തനം: നിത്യപിതാവേ, അങ്ങേ തിരുമനസ്സ് എല്ലാ ക്ഷണനേരത്തിലും സകലത്തിലും പൂര്‍ണ്ണമായി നിറവേറ്റുന്നതിനുവേണ്ടി എന്നെ മുഴുവനും ഒരു സ്‌നേഹബലിയായി അങ്ങേയ്ക്കു കാഴ്ചവയ്ക്കുന്നു – വി. എവുപ്രാസിയാമ്മ.

ഇതര വിശുദ്ധര്‍: ഗാബ്രോണിലെ ആല്‍ബര്‍ട്ട് (ഏഴാം നൂറ്റാണ്ട്)/ കലിസ്റ്റസ്, ഫെലിക്‌സ്, സോനിഫസ്റ്റ് – റോമന്‍ രക്തസാക്ഷികള്‍, ത്രോഫിമൂസ് (മൂന്നാം നൂറ്റാണ്ട്)/ ഡോമിനിക്ആഫ്രിക്കന്‍ രക്തസാക്ഷി/ ഇബ്രള്‍ഫ് (706).

ഫാ. ജെ കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.