ഡിസംബര്‍ 26: വി. എസ്തപ്പാനോസ്

തിരുസഭയിലെ പ്രഥമ രക്തസാക്ഷിയായ വി. എസ്തപ്പാനോസ് എന്ന്, എവിടെ ജനിച്ചുവെന്ന് നമുക്കു കൃത്യമായി അറിയില്ല. അപ്പസ്‌തോലന്മാരുടെ നടപടി പുസ്തകത്തില്‍, ഏഴു ശുശ്രൂഷകന്മാരുടെ തിരഞ്ഞെടുപ്പ് വിവരിക്കുന്നിടത്താണ് എസ്തപ്പാനോസിന്റെ പേര് ആദ്യമായി നാം കാണുന്നത്. വിധവകളുടെ സംരക്ഷണം ഉള്‍പ്പെടെയുള്ള സാമ്പത്തിക കാര്യങ്ങള്‍ നോക്കുന്നതിനായാണ് ശ്ലീഹന്മാര്‍ ഏഴു ഡീക്കന്മാരെ തിരഞ്ഞെടുത്തത്. അവരില്‍ പ്രമുഖനായിരുന്നു എസ്തപ്പാനോസ്. വിശുദ്ധന്റെ ഈ നിയമത്തിനു മുമ്പുള്ള ജീവിതത്തെക്കുറിച്ച്, അദ്ദേഹം ഒരു യഹൂദനായിരുന്നു എന്നതില്‍ കവിഞ്ഞ് യാതൊന്നും വ്യക്തമായി അറിയില്ല.

വിശുദ്ധന്റെ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ അധികവും യൗനായ യഹൂദരുടെ ഇടയിലായിരുന്നു. അചഞ്ചലമായ ധീരതയോടെ അദ്ദേഹം സുവിശേഷതത്വങ്ങളെക്കുറിച്ച് പ്രസംഗിക്കുകയും ക്രിസ്തുമതത്തിനും ക്രിസ്ത്യാനികള്‍ക്കുംവേണ്ടി വാദിക്കുകയും ചെയ്തിരുന്നു. വിശുദ്ധന്റെ ജ്ഞാനത്തോടും അദ്ദേഹത്തിലൂടെ സംസാരിച്ചിരുന്ന പരിശുദ്ധാത്മാവിനോടും എതിര്‍ത്തുനില്‍ക്കുവാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. കൃപാവരവും ശക്തിയും നിറഞ്ഞവനായിരുന്നു അദ്ദേഹം.

അസാധാരണമായ പ്രസംഗചാതുരിയും അടുക്കൊത്ത വാദരീതിയും വിശുദ്ധന്‍ സ്വായത്തമാക്കിയിരുന്നു. അതോടൊപ്പം അടയാളങ്ങളും അത്ഭുതങ്ങളും കൂടി ദൈവം ചേര്‍ത്തപ്പോള്‍ എസ്തപ്പാനോസ് അതുല്യനും അജയ്യനുമായ ഒരു സുവിശേഷപ്രാസംഗികനായി. തത്ഫലമായി വിശ്വാസികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവന്നു. സാധാരണ ജനങ്ങളില്‍ നിന്നും പുരോഹിതഗണത്തില്‍ നിന്നും ധാരാളം പേര്‍ ക്രൈസ്തവരായി. എന്നാല്‍ ദൈവവര പ്രസാദത്തോട്ടു സഹകരിക്കുവാന്‍ മനസ്സില്ലാതിരുന്നവരുടെ മനസിളക്കുവാന്‍ വിശുദ്ധന്റെ അത്ഭുതങ്ങള്‍ക്കോ പ്രസംഗങ്ങള്‍ക്കോ സാധിച്ചില്ല. വിശ്വാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനോടൊപ്പം അവരുടെ ഉള്ളില്‍ വിശുദ്ധനോടുള്ള വിദ്വേഷവും വളര്‍ന്നു. ആദ്യം ഉള്ളിലൊതുങ്ങി നിന്ന വിദ്വേഷാഗ്നി ഒടുവില്‍ ആളിക്കത്തി.

ആദ്യം അവര്‍ വിശുദ്ധനോടു തര്‍ക്കിച്ചു നോക്കി. എന്നാല്‍ അദ്ദേഹത്തിന്റെ ജ്ഞാനത്തോടും അദ്ദേഹത്തില്‍ സംസാരിച്ചിരുന്ന ആത്മാവിനോടും എതിര്‍ത്തുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ അദ്ദേഹത്തെ വധിക്കാന്‍ തന്നെ തീരുമാനിച്ചു. അതനുസരിച്ച് കള്ളസാക്ഷികളെ ഒരുക്കി അവര്‍ അദ്ദേഹത്തെ വിചാരണ നടത്തുകയും വധിക്കുവാനുള്ള വിധി സമ്പാദിക്കുകയും ചെയ്തു. അതനുസരിച്ച് അവര്‍ വിശുദ്ധനെ പട്ടണത്തിന്റെ വെളിയില്‍ കൊണ്ടുവന്ന് കല്ലെറിഞ്ഞു. ‘കര്‍ത്താവായ ഈശോയേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ’ എന്നദ്ദേഹം പ്രാര്‍ത്ഥിച്ചു.

തിരുസഭയെ അന്നുതൊട്ട് ഇന്നുവരെ നനച്ചുകൊണ്ടിരിക്കുന്നതും ലോകാവസാനത്തോളം നയിക്കുവാനിരിക്കുന്നതുമായ ഒരു മഹാരക്ത പ്രവാഹത്തിന്റെ ആദ്യതുള്ളികള്‍ അങ്ങനെ നിലത്തുവീണു. ‘കര്‍ത്താവേ ഈ പാപം അവരുടെമേല്‍ ചുമത്തരുതേ…’ എന്നു പറഞ്ഞുകൊണ്ട് എസ്തപ്പാനോസ് തന്റെ ആത്മാവിനെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു.

വിചിന്തനം: എന്തിന് നിന്റെ പ്രതിജ്ഞകള്‍ നീട്ടിക്കൊണ്ടു പോകുന്നു. എഴുന്നേറ്റ് തല്‍ക്ഷണം ആരംഭിക്കുക. ഇതാണ് പ്രവര്‍ത്തിക്കാനുള്ള സമയം. ഇതാണ് പടവെട്ടാനുള്ള സന്ദര്‍ഭം. ഇതാണ് ജീവിതനവീകരണത്തിനുള്ള കാലം എന്നു നിന്നോടു പറയുക – ക്രിസ്താനുകരണം.

ഇതരവിശുദ്ധര്‍: അമേത്‌ലൂ (6ാം നൂറ്റാണ്ട്)/ മാരിനൂസ് (+283) രക്തസാക്ഷി/ നിയോള്‍ (17ാം നൂറ്റാണ്ട്)/ സെനോ (+400)/ അബാദിയു-അന്‍േറാണിയായിലെ മെത്രാന്‍/ വിന്‍സെന്‍ഷ്യാ മരിയാ (1847-1896)/ സോസിമൂസ് (+418)/ തിയഡോര്‍ (6ാം നൂറ്റാണ്ട്) വി. ഡന്നിസ്

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.