ഡിസംബര്‍ 25: വി. എവുജീനിയാ

റോമാ ചക്രവര്‍ത്തിയുടെ സാമന്തന്‍ എന്ന നിലയില്‍ ഈജിപ്റ്റ് ഭരിച്ചുപോന്ന അലക്‌സാണ്ട്രിയായിലെ അലക്‌സാണ്ടറുടെ പുത്രിയാണ് എവുജീനിയാ. ഒരു ദിവസം അവള്‍ പുരുഷവേഷം ധരിച്ച് രണ്ട് സേവകരോടു കൂടി കൊട്ടാരത്തില്‍ നിന്നും ഇറങ്ങിപ്പോയി. ഒരു സന്യാസാശ്രമത്തില്‍ ചെന്നുചേര്‍ന്നു.

ഹീലിയോപ്പോലീസിലെ മെത്രാനായിരുന്ന ഹെലീനൂസ് ആണ് അവള്‍ക്ക് ജ്ഞാനസ്‌നാനം നല്‍കിയതെന്നു പറയപ്പെടുന്നു. സദാ പുരുഷവേഷം ധിരിച്ചിരുന്നതുകൊണ്ട് അവളെ ആരും തിരിച്ചറിഞ്ഞില്ല. ആദര്‍ശയോഗ്യമായ ജീവിതം നയിച്ച ആ തപസ്വിനി അചിരേണ ആശ്രമാധിപ പദത്തില്‍ അവരോധിക്കപ്പെട്ടു.

അക്കാലത്ത് ഒരു സ്ത്രീ എവുജീനിയായുടെ മേല്‍ വ്യഭിചാരക്കുറ്റം ചുമത്തി രാജ്യഭരണാധിപനായിരുന്ന അലക്‌സാണ്ടറിന്റെ പക്കല്‍ പരാതി സമര്‍പ്പിച്ചു. ‘ആശ്രമാധിപന്‍’ തന്നെ ബലാല്‍ക്കാരം ചെയ്തുവെന്നായിരുന്നു അവളുടെ ആക്ഷേപം. രാജാവ് ‘ആശ്രമാധിപനെ’ കാരാഗൃഹവാസത്തിനും മരണശിക്ഷയ്ക്കും വിധിച്ചു. ‘ആശ്രമാധിപനാ’വട്ടെ രാജാവിനെ കണ്ട് താന്‍ അദ്ദേഹത്തിന്റെ പുത്രിയാണെന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി. ശൈശവകാല വൃത്താന്തങ്ങള്‍ വിവരിച്ചു പറഞ്ഞു. ഒപ്പം ക്രിസ്തുവിശ്വാസത്തിന്റെ മാഹാത്മ്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.

അവളുടെ ശ്രമം നിമിത്തം അലക്‌സാണ്ടര്‍ ക്രിസ്തുവിശ്വാസം സ്വീകരിച്ചു. കുറേക്കാലം കഴിഞ്ഞ് ഭരണാധികാരം വെടിഞ്ഞ് വൈദികനായി. ഒടുവില്‍ മെത്രാനുമായി. ഒരുനാള്‍ കുര്‍ബാനമധ്യേ അദ്ദേഹം ശത്രുക്കളാല്‍ കൊല്ലപ്പെട്ടു. അതിനുശേഷം എവുജീനിയായും മാതാവ് ക്ലോഡിയായും കുടുംബാംഗങ്ങളും റോമിലേയ്ക്ക് മാറിത്താമസിച്ചു. അവിടെ അവരുടെ ശ്രമഫലമായി അനവധി ആളുകള്‍ വിശ്വാസം സ്വീകരിച്ചു. എവുജീനിയാ വിശ്വാസത്തിനുവേണ്ടി കഠിനപീഡകളേറ്റ് രക്തസാക്ഷിയായി മരണമടഞ്ഞു എന്ന് വിശ്വസിക്കുന്നു. എവുജിയായുടെ ജീവചരിത്രത്തിന് വേണ്ടത്ര ചരിത്ര പിന്‍ബലമില്ല.

വിചിന്തനം: എന്റെ ജീവിതത്തില്‍ ‘വെറുതേ’ എന്ന സമയമില്ല. കാരണം ഓരോ നിമിഷവും പ്രാര്‍ത്ഥന, സഹനം, അദ്ധ്വാനം ഇവകൊണ്ടു ഞാന്‍ നിറയ്ക്കുന്നു – വി. ഫൗസ്റ്റീനാ

ഇതരവിശുദ്ധര്‍ : അദല്‍സിന്റൂസ് (+680) ബേസിലെ കന്യാസ്ത്രീ/ അനസ്താസിയാ (+304) ഡല്‍മേഷ്യായിലെ രക്തസാക്ഷി/അല്‍ബുര്‍ഗാ (+800)/ യൂജീനിയാ

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.