ഡിസംബര്‍ 23: റോമിലെ വി. സെര്‍വൂലസ്

ദാരിദ്ര്യം, രോഗങ്ങള്‍, ജീവിതദുരിതങ്ങള്‍ തുടങ്ങിയവയിലെല്ലാം ഒരാള്‍ക്ക് എന്തുമാത്രം ദൈവത്തോടു ചേര്‍ന്നുനില്‍ക്കാം എന്നതിന്റെ പ്രതിരൂപമാണ് വി. സെര്‍വൂലസ്. സെര്‍വൂലസിനെക്കുറിച്ച് മഹാനായ വി. ഗ്രിഗറി രേഖെപ്പടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: “വി. ക്ലെമന്റിന്റെ പള്ളിയുടെ പോര്‍ട്ടിക്കോയില്‍ നമുക്കെപ്പോഴും ആ മനുഷ്യനെ കാണാം. റോമില്‍ എല്ലാവരും അയാളെ അറിയും. സെര്‍വൂലസ് എന്നാണ് പേര്. ലോകം നല്‍കുന്ന എല്ലാ നന്മകളില്‍ നിന്നും അകന്നാണ് ഇയാള്‍ കഴിയുന്നത്. ദീര്‍ഘകാലം നിലനില്‍ക്കുന്ന രോഗമാണ് അദ്ദേഹത്തെ പിടികൂടിയിരിക്കുന്നത്.

ചെറുപ്പം മുതലേ അയാള്‍ ശയ്യാവലംബിയാണ്. നില്‍ക്കാനോ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനോ അദ്ദേഹത്തിന് കഴിയില്ല. എണീറ്റിരിക്കാനോ വശം ചെരിഞ്ഞു കിടക്കാനോ പോലും കഴിയുന്നില്ലെന്നു മാത്രമല്ല വായുടെ നേര്‍ക്ക് കരം ചലിപ്പിക്കാന്‍ പോലും അയാള്‍ക്ക് കഴിയുമായിരുന്നില്ല. ലോകദൃഷ്ടിയില്‍ നിര്‍ഭാഗ്യവാനായ ഈ മനുഷ്യനില്‍ നിന്ന് നമുക്ക് മതത്തിന്റെ നിഗൂഢസത്യങ്ങള്‍ ഗ്രഹിക്കാനാകും.

നിശബ്ദനായി ആരോടും പരാതിയില്ലാതെ ഇങ്ങനെ കഴിയുന്ന സെര്‍വലൂസ് നമ്മുടെ രക്ഷകനായ ഈശോയുടെ പീഡാസഹനങ്ങളെക്കുറിച്ച് നിരന്തരം ധ്യാനിച്ചുകൊണ്ടിരിക്കുകയാണ്. സ്‌നേഹനിധിയായ അമ്മയും സഹോദരനും അദ്ദേഹത്തിന്റെ സമീപമുണ്ട്. അവര്‍ വിശുദ്ധഗ്രന്ഥം പ്രത്യേകിച്ച്, സങ്കീര്‍ത്തനങ്ങള്‍ അദ്ദേഹത്തെ വായിച്ചുകേള്‍പ്പിക്കുന്നു; മാത്രമല്ല ഭക്തകൃതികളും. അദ്ദേഹം ഇപ്രകാരം വായിച്ചുകേള്‍ക്കുന്നു. ഇപ്രകാരം വായിച്ചുകേള്‍ക്കുന്നതുവഴി അവയെല്ലാം അദ്ദേഹത്തിന് മനഃപാഠമാണ്.

രാത്രികാലങ്ങളില്‍ സങ്കീര്‍ത്തനങ്ങള്‍ അദ്ദേഹം ഉറക്കെ പാടുകയും ക്രിസ്തുവിന്റെ പീഡാസഹനങ്ങളില്‍ പങ്കുപറ്റാന്‍ സാധിക്കുന്നതിനെയോര്‍ത്ത് ദൈവത്തിനു നന്ദിപറഞ്ഞ് സ്തുതിക്കുകയും ചെയ്യുന്നു. ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ അദ്ദേഹം സമ്പന്നനായിരുന്നു. അദ്ദേഹത്തിന്റെ സഹനശയ്യ ദൈവവചന പ്രഘോഷണത്തിന്റെ പ്രസംഗപീഠമായിരുന്നു. അനേകരെ അത് മാനസാന്തരപ്പെടുത്തി.

സങ്കീര്‍ത്തനം ഉറക്കെ ചൊല്ലിക്കൊണ്ടാണ് അദ്ദേഹം മരണത്തെ സമീപിച്ചത്. ആ സമയത്ത് നിലവിളിയോടെ സെര്‍വൂലസ് ചോദിച്ചു: “സ്വര്‍ഗ്ഗത്തില്‍ നിന്ന് മധുരോദാരമായ സംഗീതം കേള്‍ക്കുന്നത് നിങ്ങളാരും കേള്‍ക്കുന്നില്ലേ” ആ നിമിഷം അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെട്ടു. ശവസംസ്‌കാരം വരെ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് സുഗന്ധം പ്രസരിക്കുന്നുണ്ടായിരുന്നു.”

വിചിന്തനം: നാം ഈ ലോകത്തില്‍ ആയിരിക്കുന്നത് പുണ്യയോഗ്യത നേടിയെടുക്കുന്നതിനു വേണ്ടിയാണ്. അതിനാല്‍ ഈ ഭൂമി വിശ്രമത്തിന്റെ ഇടമല്ല. മറിച്ച് ജോലിയുടെയും സഹനത്തിന്റെയും ഇടമാണ് – അല്‍ഫോന്‍സ് ലിഗോരി.

ഇതരവിശുദ്ധര്‍: ജോണ്‍ കാന്‍ഷിയൂസ് (1395-1473)/ സഗോബെര്‍ട്ട്(+679)/ ഫ്രിത്ത്‌ബെര്‍ട്ട് (+766) ഹെക്‌സ്‌ഹോമിലെ മെത്രാന്‍/ മിഗ്‌ദോനിയൂസും മര്‍ദോനിയൂസും (+303) രക്തസാക്ഷികള്‍/ നിക്കോളാസ് ഫാക്ടര്‍ (1520-1582)/ തിയോഡൂലൂസ് (+250)/ വിക്‌ടോറിയാ (+304) കാന്റിലെ ജോണ്‍/ വിന്റീലാ (+890)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.