ഡിസംബര്‍ 07: വി. അംബ്രോസ്

ലത്തീന്‍ സഭയിലെ നാല് മഹാവേദപാരംഗതന്മാരില്‍ ഒരാളായി അറിയെപ്പടുന്ന വി. അംബ്രോസ് എ.ഡി. 340-ല്‍ ജനിച്ചു. ഗോളിലെ പ്രീഫെക്ട് എന്ന ഉന്നതസ്ഥാനം വഹിച്ചിരുന്ന ഒരു റോമന്‍ പൗരന്റെ മകനായിരുന്നു അംബ്രോസ്. അംബ്രോസിന്റെ ബാല്യത്തില്‍ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരണമടഞ്ഞു. അതിനുശേഷം അവര്‍ റോമയിലേയ്ക്കു താമസം മാറി.

ഒരു ദിവസം ശിശുവായിരുന്ന അംബ്രോസ്, പിള്ളത്തൊട്ടിലില്‍ കിടന്നുറങ്ങിയപ്പോള്‍ ഒരു കൂട്ടം തേനീച്ചകള്‍ അദ്ദേഹത്തിന്റെ സമീപേ പറന്നെത്തുകയും അവയില്‍ ചിലത് അധരങ്ങളില്‍ വിശ്രമിക്കുകയും ചെയ്തു. ഇതുകണ്ട അംബ്രോസിന്റെ മാതാവ് തന്റെ പുത്രന്റെ ഭാവിമഹത്വത്തിന്റെ അടയാളമായാണ് ഈ സംഭവത്തെ ഗണിച്ചത്.

അംബ്രോസ് ചെറുപ്രായത്തില്‍ തന്നെ ലിഗൂരിയാ, എമിലിയാ എന്നീ രാജ്യങ്ങളുടെ ഗവര്‍ണറായി നിയമിതനായി. എന്നാല്‍ അല്പനാളുകള്‍ക്കുശേഷം ഒരു ന്യായാധിപന്റെ അധികാരത്തോടെ വിശുദ്ധന്‍ മിലാനിലേയ്ക്ക് അയയ്ക്കപ്പെട്ടു. പുതിയ മെത്രാനെ തിരഞ്ഞെടുക്കുന്നതിനായി കത്തോലിക്കരും ആര്യന്‍ പാഷണ്ഡികളും തമ്മില്‍ രൂക്ഷമായ വിവാദം നടക്കുമ്പോഴാണ് വിശുദ്ധന്‍ അവിടെയെത്തുന്നത്. അംബ്രോസ് എല്ലാവരെയും വിളിച്ചുകൂട്ടി. സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്തുവാന്‍ ആഹ്വാനം ചെയ്ത അവസരത്തില്‍ ജനക്കൂട്ടത്തില്‍ നിന്നൊരു ശിശു, ‘അംബ്രോസ് ഞങ്ങളുടെ മെത്രാന്‍’ എന്നു വിളിച്ചുപറഞ്ഞു. ഇതൊരു വെളിപാടായി സ്വീകരിച്ച ജനങ്ങള്‍ അദ്ദേഹത്തെ മെത്രാനാക്കാന്‍ മുറവിളി കൂട്ടി.

എന്നാല്‍ ഇതുവരെ ജ്ഞാനസ്‌നാനം പോലും സ്വീകരിക്കാത്ത അംബ്രോസ് മെത്രാന്‍ പദം സ്വീകരിക്കാന്‍ വിസമ്മതിക്കുകയും രണ്ടു തവണ ഒളിച്ചോടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ജനങ്ങളുടെ നിരന്തര അഭ്യര്‍ത്ഥനയാല്‍ 374 ഡിസംബര്‍ 7-ാം തീയതി അംബ്രോസ് ജ്ഞാനസ്‌നാനവും പൗരോഹിത്യവും മെത്രാഭിഷേകവും സ്വീകരിച്ചു.

മെത്രാനായ ഉടന്‍ തന്നെ അദ്ദേഹം തന്റെ സ്വത്തുക്കള്‍ ദരിദ്രര്‍ക്കും തിരുസഭയ്ക്കുമായി നല്‍കി. അതിനുശേഷം മിലാന്‍ രൂപതയുടെ അഭിവൃദ്ധിക്കായി അശ്രാന്തം അദ്ദേഹം പരിശ്രമിച്ചു തുടങ്ങി. വിശുദ്ധന്റെ അഗാധമായ പാണ്ഡിത്യത്തിന്റെയും വാഗ്വിലാസത്തിന്റെയും മുമ്പാകെ, അന്ന് ശക്തമായിരുന്ന പാഷണ്ഡികള്‍ മൗനപൂര്‍വ്വം തലകുനിക്കാന്‍ നിര്‍ബന്ധിതരായി. അതിനാല്‍ വിശുദ്ധനെ അപായപ്പെടുത്തുവാന്‍ ശത്രുക്കള്‍ പലപ്പോഴും ശ്രമിച്ചിരുന്നു. ആര്യന്‍ പാഷണ്ഡകരുടെ പ്രേരണയാല്‍ പേര്‍ഷ്യന്‍ ബസലിക്കാ കൊടുക്കാന്‍ ശ്രമിച്ച ചക്രവര്‍ത്തിയോട് നേരിട്ട് ഏറ്റുമുട്ടുവാനും അംബ്രോസ് മടിച്ചില്ല.

ബസിലിക്കയുടെ കാര്യത്തില്‍ വിധി പ്രസ്താവിക്കാനൊരുങ്ങിയ ചക്രവര്‍ത്തിയോട് അംബ്രോസ് പറഞ്ഞത് ഇപ്രകാരമാണ്: “വിശ്വാസവിഷയങ്ങളില്‍ ക്രൈസ്തവ ചക്രവര്‍ത്തിമാരെ മെത്രാന്മാര്‍ വിധിക്കുകയാണ് ചെയ്യുന്നത്.” തെസലോനിക്കയില്‍ അനേകരെ കൂട്ടക്കൊല ചെയ്ത തെയോഡേഷ്യസ് ചക്രവര്‍ത്തിയെ പരസ്യ പ്രായശ്ചിത്തം ചെയ്യിച്ചതിനുശേഷമാണ് വിശുദ്ധന്‍ അദ്ദേഹത്തെ ദൈവാലയത്തില്‍ പ്രവേശിപ്പിച്ചത്.

വിശുദ്ധ ഗ്രന്ഥം, പൗരോഹിത്യം, കന്യാത്വം തുടങ്ങിയവയെക്കുറിച്ച് ഈടുറ്റ ഗ്രന്ഥങ്ങള്‍ എഴുതിയ വിശുദ്ധന്‍, ഇന്നും പ്രചാരത്തിലുള്ള ഒട്ടനവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. സഭയിലെ മഹാവിശുദ്ധാരില്‍ ഒരാളായ അഗസ്റ്റിന്റെ മാനസാന്തരത്തിനു കാരണക്കാരനായതും അംബ്രോസാണ്. 397-ല്‍ തന്റെ 57-ാമത്തെ വയസ്സില്‍ അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

വിചിന്തനം: ദൈവം നിന്റെ ഹൃദയത്തെ സനേഹം കൊണ്ട് ഉജ്ജ്വലിപ്പിക്കുവാന്‍ നിന്റെ അയോഗ്യതയും ആവശ്യങ്ങളും അവിടുത്തെ അറിയിക്കുക.

ഇതരവിശുദ്ധര്‍ : അനിയാനൂസ് (5-ാംനൂറ്റാണ്ട്) ചാര്‍ത്രേയിലെ മെത്രാന്‍/വിക്ടര്‍ (+375) /സെര്‍വൂസ് (+484) പേഴ്‌സ്യന്‍ രക്തസാക്ഷി/ മരിയ (19-ാം നൂറ്റാണ്ട്) പോളീക്കാര്‍പ്പും തിയഡോറും

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.