ഡിസംബര്‍ 06: വി. നിക്കോളാസ്

റഷ്യയുടെ മദ്ധ്യസ്ഥനായി കണക്കാക്കുന്ന വി. നിക്കോളാസ് മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഏഷ്യാ മൈനറിലെ ലിസിയായില്‍ ജനിച്ചു. ചെറുപ്പം മുതലേ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും വളര്‍ന്നുവന്ന നിക്കോളാസ് പ്രായപൂര്‍ത്തിയായതോടെ വി. സിയോന്നിലെ ആശ്രമത്തില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ജീവിതവിശുദ്ധി കണ്ടറിഞ്ഞ് ആശ്രമവാസികള്‍ അധികം വൈകാതെ അദ്ദേഹത്തെ ആശ്രമശ്രേഷ്ഠനായി തിരഞ്ഞെടുത്തു.

ദരിദ്രരോടും രോഗികളോടും പ്രത്യേകമായ കരുണ അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്നു. അവരെ സഹായിക്കാന്‍ കിട്ടിയിരുന്ന അവസരങ്ങളെല്ലാം വിശുദ്ധന്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഒരിക്കല്‍ ദരിദ്രനായ ഒരു പിതാവ് തന്റെ മൂന്നു പെണ്‍മക്കളെയും പാപജീവിതത്തിലേയ്ക്കു നയിക്കുന്നതായി നിക്കോളാസ് കേട്ടു. ഉടന്‍ തന്നെ അദ്ദേഹം കുറച്ചു സ്വര്‍ണ്ണനാണയങ്ങള്‍ ഒരു രാത്രിയില്‍ ആ വീട്ടില്‍ കൊണ്ടിട്ടു കൊടുത്തു. ആ സ്വര്‍ണ്ണനാണയങ്ങള്‍ വിറ്റുകിട്ടിയ കാശുകൊണ്ട് മൂത്ത മകളുടെ വിവാഹം ആ പിതാവ് നടത്തി. ഇതില്‍ സന്തുഷ്ടനായ വിശുദ്ധന്‍ വീണ്ടും സ്വര്‍ണ്ണനാണയം ഇട്ടുകൊടുത്തു. അതുപയോഗിച്ച് അയാള്‍ രണ്ടാമത്തവളുടെയും വിവാഹം നടത്തി. മൂന്നാമതും സ്വര്‍ണ്ണനാണയം ഇട്ടുകൊടുത്തപ്പോള്‍ പിതാവ് നിക്കോളാസിനെ കാണുകയും അദ്ദേഹത്തിന് നന്ദി പറയുകയും ചെയ്തു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ് സാന്താക്ലോസ് (ക്രിസ്തുമസ് പാപ്പാ) വി. നിക്കോളാസാണ് എന്നു പറയെപ്പടുന്നത്.

ഒരിക്കല്‍ ക്രൂരനായ ഒരു പിതാവ് തന്റെ മൂന്നു മക്കളെയും കൊന്ന്, ഒരു കൊട്ടയ്ക്കകത്താക്കി വില്പനക്കായി വച്ചു. ഇത് കേട്ടറിഞ്ഞ് അവിടെയെത്തിയ നിക്കോളാസ് ആ മൂന്നു കുട്ടികളെയും ഉയര്‍പ്പിച്ചു എന്ന് പറയെപ്പടുന്നു. പിന്നീട് മിറായിലെ മെത്രാനായി നിക്കോളാസ് തിരഞ്ഞെടുക്കപ്പെട്ടു. ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിശ്വാസം ഇങ്ങനെയാണ്: മിറായിലെ മെത്രാന്‍ മരിച്ചശേഷം പുതിയ മെത്രാനെ തിരഞ്ഞെടുക്കുന്നതിനായി വൈദികള്‍ ഒത്തുകൂടി. ‘ഒരു പ്രത്യേക ദിവസം മിറായിയിലെ ദൈവാലയത്തില്‍ ആര് ആദ്യം കയറിവരുന്നുവോ അയാളായിരിക്കും പുതിയ മെത്രാന്‍’ ഇതായിരുന്നു വൈദികരുടെ തീരുമാനം. ആ ദിവസം വിശുദ്ധ സ്ഥലങ്ങളിലെ തീര്‍ത്ഥാടനത്തിനുശേഷം മടങ്ങിയെത്തിയ നിക്കോളാസാണ് ദൈവാലയത്തിലേക്ക് ആദ്യം കയറിച്ചെന്നത്. ഉടന്‍തന്നെ അദ്ദേഹത്തെ പുതിയ മെത്രാനായി അഭിഷേകം ചെയ്തു. 350-ല്‍ പാവങ്ങളുടെ പിതാവായിരുന്ന നിക്കോളാസ് നിത്യസമ്മാനത്തിലായി സ്വര്‍ഗത്തിലേയ്ക്കു വിളിക്കപ്പെട്ടു.

വിചിന്തനം: ദീര്‍ഘകാലമായി അവിടുന്ന് നിഷേധിച്ചിട്ടുള്ളത് പലപ്പോഴും ഒരു നിമിഷം കൊണ്ട് അവിടുന്ന് തരാറുണ്ട്.

ഇതരവിശുദ്ധര്‍ : അബ്രാഹം (474-558)/ കോഷിയായിലെ മെത്രാന്‍/ അബെല്ലാ (+404)/ഡയനീഷ്യായും കൂട്ടരും (+484) രക്തസാക്ഷികള്‍/ മജോരിക്കൂസ ്(+484)/ പീറ്റര്‍ പാസ്‌കല്‍ (1227-1300) മെത്രാന്‍/ അബെല്ലാ (+406) കന്യക/ പോളിക്രോണിയൂസ് (നാലാം നൂറ്റാണ്ട്)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.